Friday, 22 Nov 2024

സർവ്വാഭീഷ്ടങ്ങളും സാധിച്ചുതരും കാത്യായനീ മന്ത്രം

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

ഭക്തരുടെ സർവ്വാഭീഷ്ടങ്ങളും സാധിച്ചു തരുന്ന, ആർക്കും എപ്പോഴും ഉപാസിക്കാവുന്ന ഭഗവതിയാണ് കാത്യായനി ദേവി. ആദിപരാശക്തിയുടെ അവതാരമായ ദുർഗ്ഗാ ദേവിയുടെ ഒൻപത് ഭാവങ്ങളിൽ ഒന്നാണിത്. നവദുർഗ്ഗകൾ എന്ന് പ്രകീർത്തിക്കപ്പെടുന്ന ദേവതകളിൽ ആറാമത്തെ ഭാവമാണ് ധൈര്യത്തിന്റെ പ്രതീകമായ കാത്ത്യായനി. ദുർഗ്ഗാ ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ് മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി. വിശേഷ ഗുണങ്ങളെയും വർണ്ണങ്ങളെയും അടിസ്ഥാനമാക്കി ഈ മൂന്ന് ദേവതകളെയും വീണ്ടും മൂന്ന് രൂപങ്ങളിൽ ആരാധിക്കുന്നു. ഇതിൽ ആറാമത്തെ ഭാവമായ കാത്യായനിയെ ശ്രീപാർവതിയുടെ നാമങ്ങളിൽ രണ്ടാമതായാണ് വർണ്ണിക്കുന്നത്. ഉമ, കാത്യായനി, ഗൗരി, കാളി, ഹേമവതി, ഈശ്വരി ഇങ്ങനെ – ദേവീ മഹാത്മ്യത്തിൽ കാത്യായനി ദേവി ഭുവനേശ്വരിയുമാണ്. സിംഹമാണ് വാഹനം. നാലു കൈകൾ. അതിൽ ഖഡ്ഗവും പദ്മവും ഏന്തിയിരിക്കുന്നു.

കാതൻ എന്ന മുനി ഒരു പുത്രിക്കായി ദുർഗ്ഗാ ഭഗവതിയെ തപസ് ചെയ്ത് പ്രീതിപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ കാത്യന്റെ മകളായി ദേവി അവതരിച്ചു എന്ന് പുരാണങ്ങൾ പറയുന്നു. ഈ ദേവീ ഭാവത്തിലാണ് ശ്രീ പാർവ്വതി മഹിഷാസുരനെ നിഗ്രഹിച്ചത്. ഈ സമയത്ത് ലക്ഷ്മിയും സരസ്വതിയും പാർവ്വതിയിൽ ലയിച്ച് ത്രിശക്തിയായി. മഹിഷാസുരമർദ്ദിനിയായി, ആദി പരാശക്തിയായി. കാത്യായനി ദേവിയെ ആരാധിച്ചാൽ ഭക്തരുടെ എന്ത് ആഗ്രഹവും സാധിക്കും. കാത്യായനി മന്ത്രം
ചൊല്ലി വേണം ദേവിയെ ഉപാസിക്കേണ്ടത്. കുളിച്ച് ശുദ്ധമായി നിത്യവും കുറഞ്ഞത് 108 പ്രാവശ്യം ഈ മന്ത്രം ഭക്തിയോടെ ജപിച്ചാൽ സർവ്വാഭീഷ്ടങ്ങളും സാധിക്കുന്നതാണ്. പ്രത്യേകിച്ച് വിവാഹസംബന്ധമായ തടസങ്ങൾ മാറുന്നതിന് ഇത് വളരെ നല്ലതാണ്.

തിങ്കളാഴ്ച, പൗർണമി, കാർത്തിക നക്ഷത്രം വരുന്ന ദിവസം തുടങ്ങിയവ മന്ത്രജപം തുടങ്ങുന്നതിന് ഉത്തമമായ ദിവസങ്ങളാണ്. ഈ ദിവസങ്ങളിൽ കാത്യായനി / ദുർഗ്ഗാ ക്ഷേത്ര ദർശനം നടത്തുന്നതും മുല്ലമാല, നെയ് വിളക്ക് ഇവ സമർപ്പിക്കുന്നതും പാൽപ്പായസം വഴിപാട് കഴിക്കുന്നതും ഐശ്വര്യ പ്രദമാണ്.

കാത്യായനി മന്ത്രം
കാത്യായനി മഹാമായേ
മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവീപതിം
മേ കുരുതേ നമ:

ഗോകുലത്തിലെ ഗോപികമാർ കൃഷ്ണനെ പതിയായി ലഭിക്കാൻ കാർത്യായനി വ്രതം എടുത്തതായി പുരാണങ്ങളിലുണ്ട്. ചേർത്തല കാർത്യായനി ക്ഷേത്രം, കുമാരനല്ലൂർ ഭഗവതി ക്ഷേത്രം എന്നിവയാണ് കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കാർത്യായനി ക്ഷേത്രങ്ങൾ കന്യാകുമാരി ക്ഷേത്രത്തിലും കാർത്യായനി ദേവി സർവ്വാഭീഷ്ട പ്രദായിനിയായി വിരാജിക്കുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം ക്ലേശിക്കുന്നവർ അതിൽ നിന്നുള്ള മോചനത്തിന് കാർത്തിക വ്രതം എടുത്ത് ലക്ഷ്മീദേവിയെ ഭജിക്കണം. ലക്ഷ്മീ പ്രീതികരമായ കർമ്മങ്ങൾ ആ ദിവസം അനുഷ്ഠിക്കേണ്ടതാണ്. ഓം ശ്രീയൈ നമ: എന്ന ലക്ഷ്മീമന്ത്രം അന്ന് കഴിയുന്നത്ര തവണ ജപിക്കുന്നത് സമ്പത്ത് വർദ്ധിക്കാൻ ഉതകും.

മന്ത്രോപദേശങ്ങൾക്കും സംശയങ്ങൾക്കും
ബന്ധപ്പെടുക:
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

+91 960 500 20 47
(നാഗമ്പള്ളി സൂര്യഗായത്രിമഠം, ഹനുമൽജ്യോതിഷാലയം,
ഗൗരീശപട്ടം, തിരുവനന്തപുരം)

error: Content is protected !!
Exit mobile version