Monday, 12 May 2025

കൂർമ്മ ജയന്തി വൈശാഖ  പൗർണ്ണമിയിൽ; അഭീഷ്ട സിദ്ധിക്ക് ജപിക്കാൻ മന്ത്രങ്ങൾ

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

തപോധനനും ക്ഷിപ്രകോപിയുമായ ദുർവാസാവ്
മഹർഷി ഒരിക്കൽ സ്വർഗ്ഗലോകം സന്ദർശിച്ചപ്പോൾ തന്റെ കൈയിലുണ്ടായിരുന്ന വിശിഷ്ടമായ ഒരു ഹാരം ദേവേന്ദ്രന് സമ്മാനിച്ചു. ഇന്ദ്രൻ നിസാരമായിക്കണ്ട് അത് തന്റെ വാഹനമായ ഐരാവതത്തിന്റെ ശിരസിൽ വച്ചു. മാലയുടെ സുഗന്ധം മൂലം ധാരാളം പ്രാണികൾ, തേനീച്ചകൾ തുടങ്ങിയവ ചുറ്റും പറ്റിക്കുടി. അതിൽ അസ്വസ്ഥത പൂണ്ട ഐരാവതം മാല കുടഞ്ഞ് നിലത്തിട്ട് ചവട്ടിയരച്ചു.

താൻ വളരെ ആദരവോടെ നല്കിയ സമ്മാനം ഇത്തരത്തിൽ നിന്ദിച്ചത് കണ്ട് കോപിച്ച ദുർവാസാവ് മഹർഷി ദേവേന്ദ്രനെ ശപിച്ചു :

” സുഖഭോഗങ്ങളിൽ മത്തരായ ദേവൻമാരുടെ എല്ലാ ഐശ്വര്യങ്ങളും സൗന്ദര്യവും ആരോഗ്യവും ക്ഷയിക്കട്ടെ “

ഈ ശാപം മൂലം ദേവൻമാരുടെ ഐശ്വര്യങ്ങൾ ഇല്ലാതായി. അവർക്ക് ജരാനര ബാധിച്ചു. മാപ്പിരന്ന ഇന്ദ്രന് കോപം ശമിച്ചപ്പോൾ മഹർഷി ശാപമോക്ഷം നൽകി. പാലാഴി കടഞ്ഞ് അമൃത് സേവിക്കുക എന്നായിരുന്നു ശാപമോക്ഷ പരിഹാരം.

പാലാഴിയിൽ മന്ദരപർവതത്തെ കടക്കോലും വാസുകി എന്ന സർപ്പത്തെ കയറുമാക്കി കടച്ചിൽ തുടങ്ങി. ഈ സമയത്ത് മന്ദരപർവ്വതം താഴേക്ക് താണുപോകാൻ തുടങ്ങി. എല്ലാവരും നിരാശരായപ്പോൾ സർവവ്യാപിയായ മഹാവിഷ്ണു കൂർമ്മാവതാരം സ്വീകരിച്ച് മന്ദര പർവ്വതത്തിന്റെ അടിയിലെത്തി അതിനെ മേല്‌പോട്ട് ഉയർത്തി. ഇങ്ങനെ ആമയുടെ രൂപം സ്വീകരിച്ച് ഭഗവാൻ നടത്തിയ ലീലയാണ് കൂർമ്മാവതാരം. ആമ എന്നതിന്റെ സംസ്‌കൃത പദമാണ് കൂർമ്മം.

വൈശാഖ മാസത്തിലെ പൗർണ്ണമി ദിവസമാണ് കൂർമ്മ ജയന്തിയായി ആഘോഷിക്കുന്നത്. ഇത്തവണ കൂർമ്മ ജയന്തി 2025 മേയ് 12 നാണ്. വിഷ്ണു ക്ഷേത്രങ്ങളിൽ വിശേഷപൂജകൾ കൂർമ്മാവതാര ദിവസം പതിവാണ്. അന്നദാനം, മന്ത്ര ജപം എന്നിവയ്ക്ക് സവിശേഷമായ ഫലം ലഭിക്കുന്ന ശ്രേഷ്ഠ ദിവസമാണ് ദശാവതാരങ്ങളിൽ രണ്ടാമത്തേതായ കൂർമ്മ ജയന്തി. ഈ ദിവസം വിഷ്ണു സഹസ്രനാമ ജപം നടത്തിയാൽ അഭീഷ്ട സിദ്ധി ലഭിക്കും. മഹാവിഷ്ണു അഷ്ടോത്തരം, ശതനാമ സ്തോത്രം മറ്റ് വിഷ്ണു സ്തോത്രങ്ങൾ തുടങ്ങിയ ജപിക്കാനും ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്ര ജപത്തിനും വിശേഷ ഫലം ലഭിക്കുന്ന ദിവസവുമാണിത്.

കൂർമ്മാവതാരത്തിന്റെ പ്രതീകാത്മക തത്വം കൃത്യവും വ്യക്തവുമായ ലക്ഷ്യം വച്ച് നിശ്ചയ ദാർഢ്യത്തോടെ, ഒത്തൊരുമയോടെ ചെയ്യുന്ന ഏത് കാര്യത്തിലും ജഗദീശ്വന്റെ സഹായമുണ്ടാകും എന്നാണ്. ദേവൻമാരും അസുരന്മാരുമെല്ലാം അമൃത് നേടുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ മുൻപൊരിക്കലും ഇല്ലാത്ത ഒരുമയോടെ ആണ് പാലാഴി മഥനത്തിൽ പ്രവർത്തിച്ചത്. അപ്പോൾ ആരും ആവശ്യപ്പെടാതെ തന്നെ പരാജയം സംഭവിക്കുന്ന ഘട്ടത്തിൽ ഭഗവാൻ സഹായിക്കാൻ എത്തി. ഇത് മനുഷ്യർക്കും കൂടിയുള്ള സന്ദേശമാണ്. നമ്മുടെ കർത്തവ്യം കൃത്യമായി ചെയ്യുക. പരാജയം ഉണ്ടാകാതെ ഭഗവാൻ പ്രശ്‌നം പരിഹരിക്കും. നിത്യേന കൂർമ്മാവതാര മൂർത്തിയെ ഭജിച്ചാൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും ജീവിതവിജയവുമുണ്ടാകും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 09447020655

Story Summary: Significance of Koormavatharam

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version