Friday, 22 Nov 2024
AstroG.in

അംഗാരക ചതുർത്ഥി എല്ലാ സങ്കടങ്ങളും അകറ്റും; ആഗ്രഹങ്ങൾ സഫലമാക്കും

ജോതിഷരത്നം വേണു മഹാദേവ്
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമായ അപൂർവ ദിവസമാണ് കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിച്ചു വരുന്ന അംഗാരക ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയാണ് ഗണേശ സങ്കടചതുർത്ഥി. ചതുർത്ഥിയും ചൊവ്വാഴ്ചയും ചേർന്ന് വരുന്നത്‌ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്. ഈ വർഷം ഏപ്രിൽ 19നും സെപ്റ്റംബർ 13 നും അംഗാരക ചതുർത്ഥിയുണ്ട്. തുടർന്ന് 2023 ജനുവരി 13 നാണ് അംഗാരക ചതുർത്ഥി. അതിവിശേഷമാണ് അംഗാരക സങ്കട ചതുർത്ഥി. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും അകലുക മാത്രമല്ല സകല ആഗ്രഹങ്ങളും സഫലമാകും. ഗണേശ ഭഗവാന്റെ അനുഗ്രഹത്താൽ സങ്കടങ്ങൾക്ക് അറുതി വരുത്തുന്ന ദിവസമായതിനാലാണ് ഈ ദിവസത്തെ സങ്കട ചതുർത്ഥി ദിനമെന്ന് വിളിക്കുന്നത്. കുജന് ഗണപതി ഭഗവാന്റെ കൃപാകടാക്ഷം ലഭിച്ച ദിനമാണ് അംഗാരക ചതുർത്ഥി എന്ന് വിശ്വസിക്കുന്നു. അതിനാൽ ഈ ദിവസം വ്രതം നോറ്റാൽ ഗണേശന്റെയും ചൊവ്വയുടെയും പ്രീതി ഒരു പോലെ ലഭിക്കും. ജീവിത ദുരിതങ്ങളകന്ന് സമാധാനത്തോടെ ജീവിക്കാൻ കഴിയും. ചൊവാഴ്ച പുലർച്ചെ മുതൽ ഉപവസിക്കണം. അതിന് കഴിയാത്തവർ അരിയാഹാരം ഉപേക്ഷിച്ച് ലളിതമായി സസ്യഭക്ഷണം കഴിച്ച് വ്രതമെടുക്കണം. സന്ധ്യ കഴിഞ്ഞ് ചന്ദ്രനെ ദർശിച്ച് വ്രതം പൂർത്തിയാക്കാം. കഴിയുന്നത്ര ഗണേശമന്ത്രങ്ങളും സ്തുതികളും ഈ ദിനം ജപിക്കണം.

ഭക്തരുടെ സങ്കടങ്ങൾ അകറ്റാൻ മഹാഗണപതിക്ക് സാധ്യമായത് പരമശിവന്റെ അനുഗ്രഹത്താലാണ്. ആ ഐതിഹ്യം ഇങ്ങനെ: കൈലാസത്തിൽ നിന്നും ശ്രീ പരമശിവൻ ഒരു നാൾ ഒരു യാത്ര തിരിച്ചു. നന്ദിയും ഭൂതഗണങ്ങളും ഭഗവാനെ പിൻതുടർന്നു. ഈ സമയത്ത് തികച്ചും ഒറ്റയ്ക്കായത് ദേവിയെ വല്ലാതെ വിഷമിപ്പിച്ചു. സ്വന്തം അനുയായികൾ ആരുമില്ലാത്തതിന്റെ ദു:ഖം ബോധ്യപ്പെട്ട ദേവി ഒരു ദ്വാരപാലകനെ സൃഷ്ടിച്ചു. ഉണ്ണീ നിനക്ക് ഞാൻ ജന്മമേകിയതിനാൽ നീ എനിക്ക് ദ്വാരപാലകൻ മാത്രമല്ല മകനുമാണ്. എല്ലാ കാര്യങ്ങളിലും നീ സഹായിയായി ഉണ്ടാകണം. അതിനുശേഷം ദേവി നീരാട്ടിന് ഒരുങ്ങി. അപ്പോൾ ദേവി ഉണ്ണിയോട് പറഞ്ഞു: ഞാൻ നീരാട്ടിന് പോകുന്നു. ഈ സമയത്ത് ആരു വന്നാലും അകത്തേക്ക് വിടരുത്.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീപരമേശ്വരൻ കൈലാസത്തിൽ തിരിച്ചെത്തി. അന്തപ്പുരത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയ ഭഗവാനെ ദ്വാരപാലകനായ ഉണ്ണി തടഞ്ഞു. പാർവതിയിൽ തനിക്കുള്ള അധികാരം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ഉള്ളിലേക്ക് കടക്കാൻ ശ്രീ മഹാദേവൻ ശ്രമിച്ചെങ്കിലും അമ്മ പറയാതെ ആരെയും കടത്തി വിടില്ലെന്ന് ഉണ്ണി ശഠിച്ചു. പരമശിവന് കോപം സഹിക്കാനായില്ല. അവർ തമ്മിൽ ഉഗ്രയുദ്ധം ആരംഭിച്ചു. ദേവിയുടെ ശക്തിയിൽ നിന്ന് ഉത്ഭവിച്ച ഗണപതിയെ കീഴ്‌പ്പെടുത്താൻ മഹാദേവൻ നന്നേ വിഷമിച്ചു. പോരാട്ടത്തിന് ഒടുവിൽ ഗണപതിയുടെ ശിരസ് ഛേദിക്കപ്പെട്ടു. ഇതു കണ്ടു വന്ന പാർവതിയുടെ ദു:ഖം സംഹാരാത്മകമായ കോപമായി മാറി. തന്റെ ശക്തികളെ സൃഷ്ടിച്ച് മൂന്നു ലോകങ്ങളും സംഹരിക്കാൻ ദേവി കല്പിച്ചു. ദേവിയുടെ കോപത്തിന്റെ ആഴം മന‌സിലാക്കിയ ദേവകൾ മഹാവിഷ്ണുവിന്റെ മുന്നിലെത്തി സാഷ്ടാംഗം നമസ്‌കരിച്ച് പോംവഴി ആരാഞ്ഞു. തന്റെ പുത്രനെ ജീവനോടെ തിരിച്ചു നൽകിയാൽ മാത്രമേ ദേവിയുടെ കോപം ശമിക്കൂ എന്ന് മനസിലാക്കിയ മഹാവിഷ്ണു ഒരു കുട്ടിയാനയുടെ ശിരസ് കൊണ്ടു വന്ന് അറുത്തു മാറ്റിയ കഴുത്തിനോട് ചേർത്തുവച്ച് ശിവ തേജസിൽ നിന്ന് ഉണ്ണിക്ക് ജീവൻ നൽകി.

പ്രിയപുത്രനായി മാറിയ ഗജാനനെ പരമശിവൻ മനസു നിറഞ്ഞ് അനുഗ്രഹിച്ച് തന്റെ ഗണാധിപനാക്കി. ദേവിയുടെ സങ്കടം തീർത്ത നീ ഇനി വിഘ്‌നങ്ങൾ അകറ്റുന്ന കാര്യത്തിൽ സർവരെക്കാളും ശ്രേഷ്ഠനായിരിക്കും. സങ്കടങ്ങളും ദോഷങ്ങളും അകറ്റാൻ ദേവകളടക്കം സകലരും നിന്നെ വണങ്ങും. നിന്റെ മനസിനെ കീഴടക്കാൻ ആഗ്രഹിക്കുന്നവർ ചതുർത്ഥിയിൽ വ്രതം നോറ്റ് നിന്നെ ഭജിക്കണം. അന്നു മുതൽ ഒരോ ചതുർത്ഥിയിലും ഗണപതി പൂജയ്ക്ക് സമയം കണ്ടെത്താൻ ദേവകളും മനുഷ്യരും മത്സരിച്ചു. എല്ലാ ചതുർത്ഥി തിഥികളും ശ്രേഷ്ഠമായെന്ന് മാത്രമല്ല ഗണേശന്റെ അവതാര ദിവസമായ ചിങ്ങമാസത്തിൽ അത്തം നക്ഷത്രം വരുന്ന വെളുത്തപക്ഷ ചതുർത്ഥി പരമപ്രധാനമായി.

അതുപോലെതന്നെ ഗണപതി ഭക്തർക്ക് വിശിഷ്ടമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി. അന്ന് വ്രതമെടുത്ത് ഗണേശനെ ഉപാസിക്കുന്ന ഭക്തരുടെ സങ്കടങ്ങൾ എല്ലാം അകലും. പലവിധ കഷ്ടതകളും നേരിട്ട പാണ്ഡവൻമാർ അതിൽ നിന്ന് മോക്ഷം നേടിയത് ശ്രീകൃഷ്ണ സ്വാമിയുടെ ഉപദേശം അനുസരിച്ച് സങ്കടചതുർത്ഥി വ്രതമെടുത്തിട്ടാണെന്ന് സ്‌കന്ദ പുരാണത്തിൽ പറയുന്നുണ്ട്. സങ്കടങ്ങൾ ഒഴിയുവാൻ ഈ ദിവസം വ്രതെടുത്ത് ക്ഷേത്രത്തിലെത്തി വിനായകനെ വണങ്ങി ഭക്തിയോടെ വിശേഷപ്പെട്ട ഗണേശനാമ ദ്വാദശ സ്തോത്രവും ഗണേശഗായത്രിയും ജപിക്കണം. ഇതിൽ ഏറ്റവും ഉത്തമം പ്രഥമം വക്രതുണ്ഡം എന്നു തുടങ്ങുന്ന ഗണേശ സ്‌തോത്രം ജപിക്കുകയാണ്. സങ്കടചതുർത്ഥി ദിവസം മുതൽ ഇത് മുടങ്ങാതെ ജപിച്ചാൽ ആറുമാസത്തിനുള്ളിൽ ഫല സിദ്ധി ഉണ്ടാകും. ശ്രദ്ധയും വിശ്വാസവുമാണ് പ്രധാന ഘടകം. പുലർച്ചെ കുളിച്ചു ഗണപതി ക്ഷേത്രത്തിൽ തൊഴുതുവേണം ജപം ആരംഭിക്കാൻ. രാജ്യവും സമ്പത്തു നഷ്ടപ്പെട്ട നളദമയന്തിമാർക്ക് സകലതും തിരികെ ലഭിക്കാൻ കാരണമായത് ഈ വ്രതം നോറ്റതുകൊണ്ടാണെന്നും സ്‌കന്ദപുരാണം പറയുന്നുണ്ട്.

പാർവതിയുടെ പുത്രനും ഭക്തരിൽ വസിക്കുന്ന ദേവനുമായ വിനായകനെ ആയുസ്, ആഗ്രഹം, ധനം എന്നിവ ലഭിക്കാൻ നിത്യവും ധ്യാനിക്കണം എന്നാണ് സങ്കടനാശന ഗണേശ ദ്വാദശനാമ സ്‌തോത്രത്തിന്റെ പ്രാരംഭത്തിൽ പറയുന്നത്.

ശ്രീഗണേശ ദ്വാദശനാമ സ്‌തോത്രം

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം
വിനായകം
ഭക്താവാസം സ്മരേന്നിത്യം ആയു:
കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകം
ലംബോധരം പഞ്ചമം ച ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം തു വിനായകം
ഏകാദശം ഗണപതീം ദ്വാദശം തു ഗജാനനം

(വക്രതുണ്ഡൻ, ഏകദന്തൻ, കൃഷ്ണപിംഗാക്ഷൻ, ഗജവക്ത്രൻ, ലംബോധരൻ, വികടൻ, വിഘ്‌നരാജൻ, ധൂമ്രവർണ്ണൻ, ഫാലചന്ദ്രൻ, വിനായകൻ, ഗണപതി, ഗജാനൻ എന്നീ 12 നാമങ്ങൾ മൂന്ന് സന്ധ്യകളിലും ജപിക്കുന്ന മനുഷ്യന് വിഘ്നഭയമുണ്ടാകില്ല. എല്ലാ സിദ്ധികളും കൈവരും. വിദ്യാർത്ഥിക്ക് വിദ്യ, ധനാർത്ഥിക്ക് ധനം, പുത്രാർത്ഥിക്ക് പുത്രൻ, മോക്ഷാർത്ഥിക്ക് മോക്ഷവും ലഭിക്കും. ആറുമാസം ജപിച്ചാൽ ഫലവും ഒരു വർഷം കൊണ്ട് സിദ്ധിയും ലഭിക്കും. ഈ സ്തോത്രം എഴുതി എട്ട് പൂജാരിമാർക്ക് സമർപ്പിച്ചാൽ എല്ലാ വിദ്യയും ലഭിക്കും)

ശ്രീഗണേശ ഗായത്രി

1
ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

2
തത്പുരുഷായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

3
ലംബോദരായ വിദ്മഹേ
മഹോദരായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

4
മഹോത്കടായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്

5
തത്കരാടായ വിദ്മഹേ
ഹസ്തിമുഖായ ധീമഹി.
തന്നോ ദന്തി പ്രചോദയാത്
ഋണമോചന മംഗള സ്തോത്രം

അംഗാരക മഹാഭാഗ
ഭഗവൻ ഭക്തവത്സല
ത്വാം നമാമി മമാശേഷം
ഋണമാശു വിനാശയ

ഋണരോഗാദിദാരിദ്ര്യം
യേ ചാന്യേ ഹ്യമപമൃത്യുവഃ
ഭയക്ലേശമനസ്താപാ
നശ്യന്തു മമ സർവദാ

അതിവക്ത്ര ദുരാരാധ്യ
രോഗമുക്ത ജിതാത്മനഃ
തുഷ്ടോ ദദാസി സാമ്രാജ്യം
രുഷ്ടോ ഹരസി തത്ക്ഷണാത്

വിരിഞ്ചി ശക്രവിഷ്ണൂനാം
മനുഷ്യാണാം തു കാ കഥാ
തേന ത്വം സർവസത്ത്വേന
ഗൃഹരാജോ മഹാബലഃ

പുത്രാം ദേഹി ധനം ദേഹി
ത്വാംമസ്തി ശരണം ഗതഃ
ഋണദാരിദ്ര്യ ദുഃഖേന
ശത്രുണാം ച ഭയാത്തതഃ

മംഗളോ ഭൂമി പുത്രശ്ച
ഋണഹർത്താ ധനപ്രദഃ
സ്ഥിരാസനോ മഹാകായഃ
സർവകാമവിരോധകഃ

ലോഹിതോ ലോഹിതാക്ഷശ്ച
സാമഗാനാം കൃപാകരഃ
ധരാത്മജഃ കുജോ ഭൗമോ
ഭൂതിദോ ഭൂമിനന്ദനഃ

ലോഹിതോ ലോഹിതാക്ഷശ്ച
സാമഗാനാം കൃപാകരഃ
ധരാത്മജഃ കുജോ ഭൗമോ
ഭൂതിദോ ഭൂമിനന്ദനഃ

അംഗാരകോ യമശ്ചൈവഃ
സർവരോഗാപഹാരകഃ
വ്യഷ്ടേഃ കർതാപഹർതാ ച
സർവ കാമഫലപ്രദഃ

ഏതാനികുലനാമാനി നിത്യം
യഃശ്രദ്ധയാ പഠേത്
ഋണം ന ജായതേ തസ്യ ധനം
ശീഘ്രമവാപ്നുയാത്

ധരണീ ഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം

ഇതല്ലാതെ ധനപരമായ ബാദ്ധ്യതകൾ അകലാൻ ജ്യോതിഷത്തിലും നാട്ടാചാരങ്ങളിലും പല പരിഹാരവിധികളും പറയുന്നുണ്ട്. അതിൽ 4 എണ്ണം :

1) അശ്വതി, അനിഴം നാളുകളില്‍ കടം വാങ്ങിയ പണത്തിന്റെ ഒരു പങ്ക് കൊടുത്താല്‍ കടഭാരം പടിപടിയായി കുറയും.

2) ചൊവ്വാഴ്ച ദിവസം ചൊവ്വ ഹോരയില്‍ ( രാവിലെ ഏകദേശം 6:10 മുതൽ 7:10 വരെ സമയത്ത് ) കടം തിരിച്ചു കൊടുത്താല്‍ വീണ്ടും ബാധിക്കാത്ത തരത്തിൽ കട ബാദ്ധ്യതകൾ മാറിയേക്കും.

3) ഞായറാഴ്ച വരുന്ന ചതുര്‍ത്ഥി തിഥി ദിവസം ഒരു പങ്ക് കൊടുത്താല്‍ കടഭാരം മെല്ലെ കുറയും.

4) ശനിയാഴ്ചത്തെ ചതുര്‍ത്ഥി തിഥിയും ഗുളികകാലവും ഒന്നിച്ച് വരുമ്പോൾ കടം വാങ്ങിച്ച തുകയുടെ ഒരു പങ്ക് കൊടുത്താല്‍ കടം പെട്ടെന്ന് തീരും.

ജോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Significance of Angaraka Chaturthi Vritham


error: Content is protected !!