Wednesday, 26 Jun 2024
AstroG.in

അകാരണഭയവും ശത്രുദോഷവും മാറാൻസന്ധ്യാ നേരത്ത് നരസിംഹമൂർത്തിയെ ഭജിക്കൂ

അശോകൻ ഇറവങ്കര
ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. ഭക്തനായ പ്രഹ്‌ളാദന്റെ പുണ്യമാണ് വിഷ്ണുഭഗവാന്റെ നരസിംഹാവതാരമെന്നു പുരാണങ്ങൾ പറയുന്നു.. നരനും മൃഗവുമല്ലാത്ത രൂപത്തിൽ രാവും പകലുമല്ലാത്ത ത്രിസന്ധ്യനേരത്ത്, അകവും പുറവുമല്ലാത്ത ഉമ്മറപ്പടിയിൽ വച്ച്, മണ്ണിലും വിണ്ണിലുമല്ലാതെ മടിത്തട്ടിൽവച്ച്, ഹിരണ്യനെ വധിച്ചു പ്രഹ്‌ളാദനെ രക്ഷിച്ച നരസിംഹമൂർത്തി കൃതയുഗത്തിലെ ഭഗവാൻ മഹാ വിഷ്ണുവിന്റെ അവസാനത്തെ അവതാരമായിരുന്നു. ജ്യോതിഷപ്രകാരം ജാതകത്തിൽ ആറാംഭാവത്തിൽ വ്യാഴം നീചസ്ഥാനത്തു നിൽക്കുന്നവർക്കും പൊതുവിൽ വ്യാഴദശ കാലത്ത് എല്ലാവർക്കും നരസിംഹഭജനം ഏറെ ഗുണകരമായി കരുതപ്പെടുന്നു. ശത്രു സംഹാരത്തിനായി അവതരിച്ച ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹം. അകാരണഭയം അകറ്റുന്നതിനും ശത്രുദോഷപരിഹാരത്തിനും നരസിംഹമൂർത്തിയെ ഭജിക്കുന്നത് ഏറെ ഉത്തമമാണ്. ദൃഷ്ടിദോഷശാന്തി, ദുരിതമോചനം വിശേഷിച്ച് ചൊവ്വാ ദോഷത്തിനും നരസിംഹമൂർത്തിഭജനം അത്യുത്തമമായി കരുതപ്പെടുന്നു. നരസിംഹാവതാരം ത്രിസന്ധ്യാ നേരത്തായതിനാൽ ആ സമയം സന്ധ്യയ്ക്ക് ഭക്തിയോടെ
“ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം”
എന്ന മന്ത്രം വിഷ്ണുക്ഷേത്രത്തിലോ നരസിംഹസ്വാമി ക്ഷേത്രത്തിലോ വച്ച് 21 പ്രാവശ്യം ജപിക്കുന്നത് ശത്രുപീഡ, രോഗപീഡ, പാപപീഡ എന്നിവ മാറുന്നതിന് അത്യുത്തമമായി പറയപ്പെടുന്നു. വിവാഹതടസം നീങ്ങാൻ ലക്ഷ്മീ സമേതനായ നരസിംഹമൂർത്തിയെ ഭജിക്കുന്നത് ഏറെ ഗുണകരമായാണ് കരുതുന്നത്. ഗ്രഹദോഷങ്ങൾക്കായി അധിദേവതകളെ ആരാധിക്കുമ്പോൾ നരസിംഹമൂർത്തിയെകൂടി ആരാധിച്ചാൽ ഏറെ ഗുണകരമാണെന്നു ജ്യോതിഷ ഫലഭാഗത്തിൽ പറയുന്നുണ്ട്. വിഷ്ണുവിന്റെ അവതാരമായതിനാൽ പൊതുവിൽ വ്യാഴാഴ്ച സന്ധ്യകളിൽ നരസിംഹമൂർത്തി ദർശനവും മന്ത്രജപവും നടത്തുന്നത്, കർമ്മരംഗത്തെ ഉയർച്ചയ്ക്കും വ്യാപാരാഭിവൃദ്ധിക്കും ശത്രുദോഷത്തിനും ഗ്രഹദോഷശാന്തിക്കും ഏറെ നല്ലതാണ്. നരസിംഹസ്വാമിക്ഷേത്രത്തിൽ വച്ചു നടത്തുന്ന സുദർശനഹോമം അഭിവൃദ്ധിക്കും അഭീഷ്ടസിദ്ധിക്കും വളരെയേറെ ഉത്തമമത്രേ. പാനകമാണ് നരസിംഹ മൂർത്തിയുടെ പ്രധാന വഴിപാട്. കടബാധ്യത, ശത്രുതാനിവാരണം, ആപത്‌രക്ഷ, ഭയമോചനം എന്നിവയ്‌ക്കെല്ലാം പാനകം വഴിപാട് ഏറെ ഫലം ചെയ്യുന്നതാണ്.

Story Summary: Significance of Narasimha Murthy worshipping at evening

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!