Saturday, 23 Nov 2024
AstroG.in

അക്ഷയ തൃതീയ ദാനം ശ്രേഷ്ഠം; കർമ്മങ്ങൾക്ക് ഫലം ഇരട്ടിമധുരം

ജ്യോതിഷൻ ഹർഷകുമാർ
2022 മേയ് 3 ന് അക്ഷയ തൃതീയ. ഈ ദിനത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇരട്ടിക്കുമെന്നാണ് വിശ്വാസം. സര്‍വൈശ്വര്യത്തിൻ്റെ ദിനമായ അക്ഷയ തൃത്രീയ സ്വർണ്ണം വാങ്ങാനുള്ള ദിനമല്ല. പുണ്യകർമ്മങ്ങളായ ജപം, ധ്യാനം, ദാനധർമ്മാദികൾ, സാധു സഹായം ഇവ നടത്തി സുകൃതം വർദ്ധിപ്പിക്കാൻ ഉത്തമ ദിനം. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു.

ഈ വർഷം മേയ് മൂന്നാം തീയതിയാണ് അക്ഷയ തൃതീയ ആചരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുണ്ടായത്.ഈ ദിനത്തിൽ മുഹൂര്‍ത്തം നോക്കാതെ ഏതു പ്രവര്‍ത്തികള്‍ക്കും തുടക്കം കുറിക്കാം. ഹൈന്ദവ വിശ്വാസ പ്രകാരം ഭഗീരഥമുനിയുടെ തപസ്സിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നു ഭൂമിയിൽ എത്തിയ ദിനമാണ് അക്ഷയതൃതീയ.

അക്ഷയ തൃതീയ ദിവസം എങ്ങനെയാണ് ആചരിക്കേണ്ടത് ?

അക്ഷയതൃതീയ എന്ന പുണ്യ ദിനത്തിൽ ചെയ്യുന്ന കർമ്മങ്ങൾ നശിക്കാത്തവയാണ് എന്നാണ് വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വ്യക്തമാക്കുന്നത്. അതിനാൽ അന്ന് പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ദാന ധർമ്മങ്ങൾ, പിതൃതർപ്പണം, പുണ്യഗ്രന്ഥ പാരായണം, ഭാഗവത ശ്രവണം, പൂജ, ജപം ഇവയാണ് പ്രധാനമായും വേണ്ടത്.

വിശന്നുവലഞ്ഞുവരുന്നവര്‍ക്ക്‌ ആഹാരം കൊടുക്കുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയുമുള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കുവാന്‍ വ്യാസഭഗവാന്‍ ഉപദേശിക്കുന്നുണ്ട്.

അക്ഷയതൃതീയ ദിവസം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം (കറുത്ത എള്ളും ജലവും) ചെയ്യണം. ഇതോടൊപ്പം ധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. അത് ശരീരം കൊണ്ടുള്ള ദാനമാണ്. കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് പ്രാര്‍ത്ഥിക്കുക എന്നീ രീതിയില്‍ കുലദേവതയ്ക്ക് മനസ് അര്‍പ്പിക്കുക.

ഐശ്വര്യത്തിൻ്റെ പ്രതീകമായ മഹാലക്ഷ്മി ദേവിയെ അക്ഷയതൃതീയ ദിവസം ആരാധിക്കുന്നത് ഉത്തമമാണ്. മഹാലക്ഷ്മി അഷ്ടകം ജപിക്കുന്ന ഭവനത്തിൽ സമ്പത്ത് മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ഇതോടൊപ്പം ഐശ്വര്യം, അഭിവൃദ്ധി, ജീവിതപുരോഗതി എന്നിവയും ഉണ്ടാകും. കുടുംബത്തെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, കടം തുടങ്ങിയവ മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നതിലൂടെ ഇല്ലാതാകും. ഓരോ ദേവിയുടെയും സങ്കല്പ പ്രധാന്യം മനസിലാക്കി മാത്രമേ ജപിക്കാവൂ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മി വഴി അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും ലഭിക്കുമെന്നാണ് വിശ്വാസം.

ജ്യോതിഷൻ ഹർഷകുമാർ
+91 9447242737

Story Summary: Significance and Rituals of Akshaya Tritiya

error: Content is protected !!