അടുത്ത ബുധനാഴ്ച ഹനുമാനെ ഉപാസിച്ചാൽ ക്ലേശം ഒഴിയും
ബലത്തിന്റെയും വീര്യത്തിന്റെയും ദേവനായഹനുമാന്‍ സ്വാമിയെ നിഷ്ഠയോടെ ഉപാസിച്ചാല്‍ എല്ലാത്തരത്തിലുമുളള ഭയവും ഉത്കണ്ഠയും ദുരിതങ്ങളും അകന്നുപോകും. മാനസിക വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഹനുമാൻ സാമി അകറ്റും. മഹാമാരി ഭീതി സൃഷ്ടിക്കുന്ന ഈ സമയത്ത് മന:ക്കരുത്തും സമാധാനവും നേടാൻ ഹനുമദ് പ്രീതി നേടുക ഉത്തമമാണ്. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെശുദ്ധിയും വൃത്തിയുമുള്ള ഏത് സ്ഥലത്തിരുന്നും ഏതു സമയത്തും ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.
ചില പ്രത്യേക ദിവസങ്ങളിലെ ആഞ്ജനേയ ഉപാസന അതിവേഗത്തിൽ ഫലം നൽകും. അത്തരത്തിൽ ഒരു ദിവസമാണ് അടുത്ത ബുധനാഴ്ച, 2020 ഏപ്രില്‍ 8. കാരണം അന്ന് ഹനുമദ് ജയന്തിയാണ്. ഹനുമാന്‍ സ്വാമി ക്ഷിപ്രപ്രസാദിയാകുന്ന ദിവസം.
അതിനാൽ ഇപ്പോൾ എന്തെങ്കിലും ആഗ്രഹപൂരണത്തിന് ആഞ്ജനേയസ്വാമിയെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മത്സ്യവും മാംസവും ഉപക്ഷിച്ച് കർശനമായ ബ്രഹ്മചര്യം പാലിച്ച് ചൊവ്വാഴ്ച സൂര്യാസ്തമയം മുതല്‍ ഹനുമദ് മന്ത്രങ്ങളും ശ്രീരാമ മന്ത്രങ്ങളും ജപിച്ച് വ്രതമെടുക്കണം. ഹനുമജ്ജയന്തി ദിവസം മൂന്നു നേരവും പിറ്റേന്ന് രാവിലെയും ശരീരശുദ്ധിയും മന:ശുദ്ധിയും പാലിച്ച് പ്രാർത്ഥന നടത്തണം.
ഹനുമാന്‍ സ്വാമി രാമഭക്തനായതിനാല്‍ ശ്രീരാമനെയും പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. വെറുതെ ‘ശ്രീരാമജയം’ എന്ന് ആവർത്തിച്ചു കൊണ്ടിരുന്നാൽ മതി – അതു കേട്ടു തന്നെ ആഞ്ജനേയൻ പ്രസാദിക്കും.
‘ഓം ഹം ഹനുമതേ നമ:’ എന്ന മൂലമന്ത്രജപമാകട്ടെ ദോഷങ്ങൾ അകറ്റുന്നതിന് അതീവ ശക്തിയുള്ളതാണ്. ഹനുമാന്‍ സ്വാമിയുടെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രങ്ങളിൽ ഒന്നുമാണിത്. ഈ മന്ത്രം കഴിയുന്നത്ര തവണ ജപിക്കുക. എന്നും ജപിക്കുന്നതിനും ഈ മന്ത്രം നല്ലതാണ്; രാവിലെ108 തവണ ജപിക്കുക.
എല്ലാ നന്മയും മംഗളങ്ങളും ചൊരിയുന്ന, എല്ലാ ആപത്തുകളെയും ദഹിപ്പിക്കുന്ന കരുണയുടെയും കരുതലിന്റെയും അപാരതയായ ഹനുമാൻ സ്വാമിയെ സ്തുതിക്കുന്ന ഇനി സ്തോത്രം പതിവായി ജപിക്കുന്നത് ഭയ, സംഭ്രമ മുക്തിക്ക് ഉത്തമമാണ് :
സർവ്വ കല്യാണ ദാതാരംസർവ്വാപദ് ദഹനവാരകംഅപാരകരുണാ മൂർത്തിംആഞ്ജനേയം നമാമ്യഹം വേഗം പ്രസാദിക്കുകയും അതിവേഗം കോപിക്കുകയും ചെയ്യുന്ന ആഞ്ജനേയ ഭഗവാന്റെ മന്ത്രങ്ങള്‍ ശ്രദ്ധിച്ച്കൈകാര്യം ചെയ്യണം. അതായത് അങ്ങേയറ്റം ശുദ്ധം നോക്കി വേണം ജപം. ഭക്ഷണം, മന:ശുദ്ധി, ശരീരശുദ്ധി എന്നിവ മാത്രമല്ല മാസാശുദ്ധിയുള്ളവരെയോ, പുല, വാലായ്മ എന്നിവയുള്ളവരെയോ , അവരുടെ വസ്ത്രങ്ങളെയോ സ്പര്‍ശിച്ചാല്‍പോലും പിന്നീട് കുളിച്ചതിനു ശേഷമേ മന്ത്രജപം പാടുള്ളൂ. അതും വെറും തറയിലിരുന്ന് ജപിക്കരുത്. ചുവന്ന പട്ട് വിരിച്ച് അതിലിരുന്ന് ജപിക്കണം.
വെണ്ണചാര്‍ത്തല്‍, സിന്ദൂരം ചാര്‍ത്തല്‍,വടമാല, അവൽ , വെറ്റിലമാല സമർപ്പണം , പുഷ്പഞ്ജലി തുടങ്ങിയവയാണ് ഹനുമാന്‍ സ്വാമിക്ക് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടുകള്‍. വെണ്ണചാര്‍ത്തി ഹനുമാനെ പൂജിക്കുന്നത് ഏറെ വിശേഷപ്പെട്ട വഴിപാടാണ്. വെണ്ണ ഉരുകും പോലെ ഹനുമാന്‍ സ്വാമിയുടെ മനസ് പ്രാർത്ഥനയില്‍ അലിയുന്നു. തണുപ്പേകുന്ന വെണ്ണ ഉഷ്ണം ബാധിച്ച ഭഗവത് ശരീരത്തെ തണുപ്പിക്കും. അതിനാല്‍ ഹനുമാന്‍ സ്വാമിയുടെ ശരീരത്തിന് കുളിര്‍മയേകാനാണ് വെണ്ണ ചാര്‍ത്തുന്നത്. ഇങ്ങനെ ആരാധിക്കുന്ന ഭക്തരെ ദു:ഖദുരിതങ്ങളായ ഉഷ്ണങ്ങളില്‍ നിന്നും ഹനുമാന്‍ സ്വാമി മോചിപ്പിക്കുക തന്നെ ചെയ്യും.