Sunday, 6 Oct 2024
AstroG.in

അതിവേഗം അനുഗ്രഹം ചൊരിയുന്നകാരുണ്യ മൂര്‍ത്തി പഞ്ചമുഖ ഹനുമാന്‍

മനസ്സുരുകി പ്രാര്‍ത്ഥിച്ചാൽ ഉടൻ പ്രസാദിക്കുന്ന പഞ്ചമുഖ ഹനുമാൻ സ്വാമിയുടെ അത്ഭുത ശക്തിയുള്ള ഒരു ക്ഷേത്രം തുളുനാട്ടിലെ ഹനുമഗിരിയിലുണ്ട്. ഇവിടുത്തെ ആഞ്ജനേയ ഭഗവാന്റെ മുന്നിൽ ചെന്ന് നിന്ന് സങ്കടങ്ങൾ പറഞ്ഞു നോക്കൂ, അവിശ്വസനീയമായ വേഗത്തിൽ ആഗ്രഹസ സാഫല്യമുണ്ടാകും.

തുളു ഭാഷ സംസാരിക്കുന്നവരുടെ ആവാസ കേന്ദ്രമായ പുത്തൂര്‍, സുള്ളിയ തുടങ്ങിയ ദേശങ്ങളടങ്ങുന്ന തുളുനാട്ടിലാണ് പഞ്ചമുഖ ആഞ്ജനേയന്റെ സന്നിധിയായ ഹനുമഗിരി സ്ഥിതി ചെയ്യുന്നത്. തെക്കൻ കന്നടയിലെ സുള്ളിയയില്‍ നിന്നും പുത്തൂരില്‍ നിന്നും ഒരേ ദൂരമാണ് ഈശ്വരമംഗലത്തുള്ള ഹനുമഗിരിയിലേക്ക് ; 25 കിലോമീറ്റര്‍. മംഗലാപുരത്തു നിന്നും രണ്ടുമണിക്കൂര്‍ യാത്ര. ദൂരം 75 കിലോമീറ്റര്‍. കാസര്‍കോട്ട് നിന്നെങ്കിൽ 53 കിലോമീറ്റര്‍. ബാംഗ്‌ളൂരിന് സമീപവും ഒരു ഹനുമഗിരി ഉണ്ട്; ഇത് അതല്ല. പ്രകൃതി അതിന്റെ യൗവ്വന ഭംഗി പൂര്‍ണ്ണമായും നിലനിര്‍ത്തുന്ന ഫലമൂലാദികള്‍ നിറഞ്ഞ, അതി മനോഹരമായ ഒരു സന്നിധിയാണിത്.

രാമലക്ഷ്മണന്‍മാരെ പാതാളത്തില്‍ മഹിരാവണന്റെ തടവിൽ നിന്ന് മോചിപ്പിക്കാനാണ് ഹനുമാന്‍സ്വാമി പഞ്ചമുഖരൂപം സ്വീകരിച്ചത്. ഈശ്വരമംഗലത്തുള്ള ഹനുമഗിരിയില്‍ അതേ രൂപത്തില്‍, അതേ ഭാവത്തില്‍ ഭക്തരെ രക്ഷിക്കാന്‍ ആഞ്ജനേയർ നിലകൊള്ളുന്നു. തുറന്ന ക്ഷേത്രത്തിൽ അതിശക്തനായി, പ്രസാദിക്കാന്‍ വെമ്പുന്ന രൂപത്തിൽ ഹനുമാന്‍ സ്വാമി നിലകൊള്ളുന്നു.

5 ദീപങ്ങളും മഹിരാവണനും

രാമ രാവണ യുദ്ധത്തിനിടയിലാണ് ആഞ്ജനേയർക്ക് 4 മുഖങ്ങള്‍ കൂടുതലായി ഉണ്ടായത്. യുദ്ധം കൊടുമ്പിരി കൊണ്ട ഘട്ടത്തില്‍ പരാജയഭീതിപൂണ്ട രാവണന്‍ പാതളത്തിന്റെ രാജാവായ മഹിരാവണന്റെ സഹായം തേടി. ആക്രമണം മുന്‍കൂട്ടി കണ്ട ഹനുമാന്‍ സ്വാമി തന്റെ വാലു കൊണ്ട് കോട്ടയ്ക്കുള്ളില്‍ രാമ ലക്ഷ്മണന്‍മാരെ സുരക്ഷിതരാക്കി വച്ചു. പക്ഷേ മഹിരാവണന്‍, വിഭീഷണ രൂപത്തില്‍ കോട്ടയിൽ കടന്ന് രാമലക്ഷ്മണന്‍മാരെ തട്ടിക്കൊണ്ടുപോയി പാതാളത്തിലെ ഗുഹയില്‍ ഒളിപ്പിച്ചു. പ്രബലന്‍മാരായ 5 അസുരന്‍മാരെ 5 ദീപങ്ങളാക്കി അഞ്ച് ദിശകളിൽ കാവലും നിറുത്തി. ഈ 5 ദീപങ്ങളും ഒരേ സമയത്ത് തന്നെ കെടുത്തിയാല്‍ മാത്രമേ മഹിരാവണനെ വധിക്കാന്‍ കഴിയൂ. പാതാളരാജനെ വധിച്ചെങ്കില്‍ മാത്രമേ രാമലക്ഷ്മണന്മാരെ രക്ഷിക്കാന്‍ സാധിക്കൂ. മഹിരാവണന്റെ ഗുഹയ്ക്ക് കാവല്‍ ത്രിലോകശക്തിമാനായ മകരധ്വജനായിരുന്നു. അരയ്ക്കു മുകളില്‍ വാനരരൂപവും അരയ്ക്ക് താഴെ മത്സ്യരൂപവും – ഇതായിരുന്നു മകരധ്വജന്.

മകൻ മകര ധ്വജൻ
ഹനുമാന്‍ സ്വാമി ഗുഹയില്‍ കടക്കാന്‍ ശ്രമിച്ചപ്പോൾ മകരധ്വജന്‍ മല്‍പ്പിടുത്തം നടത്തി; ഇതിനിടയിൽ അവൻ ആക്രോശിച്ചു – താന്‍ ഹനുമാന്റെ പുത്രനാണെന്ന്. അതിനാൽ തന്നെ തോല്‍പ്പിക്കാന്‍ ആർക്കും കഴിയില്ല. മകരധ്വജന്‍ പറഞ്ഞത് ഹനുമാന് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ദിവ്യദൃഷ്ടിയാല്‍ കാര്യം ഗ്രഹിച്ചു. മുൻപ് ലങ്കയെ ദഹിപ്പിച്ച ശേഷം പൊള്ളിയ വാല്‍ സമുദ്രത്തില്‍ താഴ്ത്തിയേപ്പാള്‍ വാലില്‍ നിന്ന് ഒഴുകിയ ഒരു തുള്ളി വിയര്‍പ്പ് ഒരു മത്സ്യത്തിന്റെ വായില്‍ പ്രവേശിച്ചു. അങ്ങനെ ആ മത്സ്യത്തില്‍ നിന്നും ഒരു കുഞ്ഞു പിറന്നു. മകരമത്സ്യത്തില്‍ നിന്നും പിറന്ന കുഞ്ഞ് ആയതിനാല്‍ അവന് മകരധ്വജന്‍ എന്ന് പേരുണ്ടായി. ഈ മകരമത്സ്യമാണ് മകരരാശിയുടെ ചിഹ്നം.
പിതാവും, പുത്രനുമാണങ്കിലും തന്നോട് യുദ്ധം ചെയ്യാന്‍ മകരധ്വജേനാട് ഹനുമാന്‍ ആവശ്യപ്പട്ടു. രാജാവിനെ ഭൃത്യന്‍ ചതിക്കുവാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് ധര്‍മ്മ വിരുദ്ധമാണ്. ഒടുവിൽ മല്ല യുദ്ധത്തില്‍ ഹനുമാൻ സ്വാമി മകരധ്വജനെ കീഴടക്കി ബന്ധിച്ചു. അതിന് ശേഷം മഹിരാവണനെ വധിക്കാന്‍ ഹനുമാന്‍ ഗുഹയില്‍ കടന്നു. അപ്പോഴാണ് അവന് രക്ഷയായി 5 ദീപങ്ങൾ തെളിഞ്ഞു കത്തുന്നതും ഈ അഞ്ച് ദീപങ്ങള്‍ ഒരേ സമയത്ത് തന്നെ ഊതിക്കെടുത്തിയാൽ മാത്രമേ അവനെ വധിക്കാനാകൂ എന്നും മനസ്സിലായത്. അതിന് 5 വായകള്‍ വേണം; അതിന് 5 മുഖങ്ങള്‍ വേണം. ദിവ്യശക്തിയുള്ള ഹനുമാൻ സ്വാമി അതിനായി കിഴക്കോട്ട് തിരിഞ്ഞു നിന്നു. അപ്പോള്‍ പിന്നില്‍ പടിഞ്ഞാറോട്ട് ഗരുഡമുഖം വന്നു. തെക്കോട്ട് നരസിംഹമുഖവും, വടക്കോട്ട് വരാഹമുഖവും, മുകളിൽ ഹയഗ്രീവമുഖവും ഉല്‍ഭവിച്ചു. ഈ അഞ്ച് മുഖങ്ങൾക്ക് അഞ്ചു വായകളുമുണ്ടായി. അത് ഒരേ സമയം ദീപങ്ങൾ കെടുത്തി. തുടർന്ന് പഞ്ചമുഖ ഹനുമാന്‍ മഹിരാവണനെ വധിച്ച് രാമലക്ഷ്മണന്മാരെ മോചിപ്പിച്ചു; മകരധ്വജനെ പാതാളരാജാവായി വാഴിച്ച ശേഷം ഹനുമാന്‍ സ്വാമി രാമലക്ഷ്മണന്മാരെക്കൂട്ടി യുദ്ധക്കളത്തിലേക്ക് മടങ്ങി.

മുഖങ്ങളും ഫലങ്ങളും
കിഴക്കോട്ടുള്ള മുഖം…………ഇഷ്ടസിദ്ധി
തെക്കോട്ടുള്ള മുഖം…………അഭീഷ്ടസിദ്ധി
പടിഞ്ഞാേറാട്ടുള്ള മുഖം…..സൗഭാഗ്യം
വടക്കോട്ടുള്ള മുഖം ……….. ധനലബ്ധി
മുകളിലക്കുള്ള മുഖം……… സര്‍വ്വവിദ്യാലബ്ധി

പഞ്ചഭൂത ദോഷ പരിഹാരം
ഹനുമാന്‍ സ്വാമി മാത്രമേ ഒരിക്കലും ഒരു കാര്യത്തിനും ആരുടെയും സഹായം തേടാത്തതായിട്ടുള്ളു. ശ്രീരാമനെയും ലക്ഷ്മണെനയും രക്ഷിച്ചതുപോലും സ്വാമിയാണ്. ദൈവങ്ങള്‍ മനുഷ്യരെ പരീക്ഷിക്കും എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഹനുമാന്‍ സ്വാമി ആരെയും പരീക്ഷിക്കുന്നില്ല. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ അനുഗ്രഹിക്കുന്ന കാരുണ്യ മൂര്‍ത്തിയാണ് ഭഗവാന്‍. പഞ്ചഭൂതങ്ങളിൽ നിന്നുമുള്ള ദോഷങ്ങളാണ് മനുഷ്യർ അനുഭവിക്കേണ്ടി വരുന്നത്. അവയെല്ലാം ഇല്ലാതാക്കി രക്ഷിക്കുന്നതാണ് പഞ്ചമുഖ ആഞ്ജനേയ മുഖം. ഈ പഞ്ചമുഖ ആഞ്ജനേയന്റെ സാന്നിദ്ധ്യം ഹനുമഗിരിയില്‍
ഉണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഭഗവാന് ക്ഷേത്രം പണിത് പൂജകള്‍ തുടങ്ങിയത്. ഈ ക്ഷേത്രത്തിന് പിന്നിലെ മലമുകളില്‍ കോദണ്ഡരാമ ക്ഷേത്രവുമുണ്ട്. വലിയ ഭക്തജനതിരക്കാണ് ഹനുമഗിരിയില്‍ എല്ലാ ശനിയാഴ്ചകളിലും. ജ്യോതിഷത്തില്‍ ശനിയെന്നാല്‍ വായുവാണ്. വായുപുത്രനെ ഭജിച്ചാല്‍ ശനിദോഷം തീരും എന്ന് വിശ്വാസം. എല്ലാ ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും സാധിക്കുവാന്‍ കിഴക്കോട്ടുള്ള ആഞ്ജനേയ മുഖം, ശത്രു ദോഷം തീരാനും മറ്റുമായി തെക്കോട്ടുള്ള നരസിംഹമുഖം, സൗഭാഗ്യങ്ങള്‍ക്കായി പടിഞ്ഞാറോട്ട് ഗരുഡമുഖം, ധനം ഉണ്ടാകാന്‍ വടക്കോട്ടുള്ള വരാഹമുഖം, പരീക്ഷകള്‍ പാസാകുക, റാങ്കുകള്‍ കിട്ടുക ഇവയ്ക്കായി മുകളിലേക്കുള്ള ഹയഗ്രീവമുഖം എന്നിവ അനുഗ്രഹം നൽകും . കുളിച്ചു ശുദ്ധമായി ദര്‍ശനം നടത്തുവാന്‍ ഒരു തീർത്ഥം ക്ഷേത്രസമീപത്തുണ്ട്. ക്ഷേത്രഭരണം ഒരു ട്രസ്റ്റിന്റേതാണ്. ക്ഷേത്രപരിസരത്ത് താമസിക്കുന്നത് വളരെ സുഖകരമാണ്. പുതിയ കെട്ടിടം; കുറഞ്ഞ വാടക. എല്ലാ ആധുനിക സൗകര്യങ്ങളും മുറികളിലുണ്ട്. ഭക്തർക്ക് പായസസമ്മേതമുള്ള മൃഷ്ടാന്ന ഭോജനം കിട്ടും.

വിലാസം: ശ്രീ പഞ്ചമുഖ ആഞ്ജേനയക്ഷേത്രം,
ഹനുമഗിരി, ഈശ്വരമംഗലം പി.ഒ.
പൂത്തൂര്‍ താലൂക്ക് പിന്‍ – 574313
ഫോണ്‍ : +91 8251289444, +91 8105554644

Story Summary: Significance of Panchamukhi Anjaneya Temple, Hanumagiri, Ishwaramangala, Puttur and the story of Panchamukhi Hanuman

error: Content is protected !!