Friday, 20 Sep 2024
AstroG.in

അതിവേഗം അഭീഷ്ടസിദ്ധി; മകര ഭരണിക്ക് ജപം തുടങ്ങാൻ ഒരു അത്ഭുതമന്ത്രം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഉഗ്രസ്വരൂപിണിയായ ഭദ്രകാളി ഭഗവതി അധർമ്മത്തെ നിഗ്രഹിക്കുന്ന മൂർത്തിയാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും അതിവേഗം അകലുന്നത്. ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല. വാത്സല്യ മൂർത്തിയായ ഭദ്രകാളിയെ ദേവി എന്നല്ല, ഭക്തർ അമ്മേ എന്നാണ് വിളിക്കുന്നത്. ഇത്രയധികം ആത്മബന്ധമുള്ള മറ്റൊരു മൂർത്തി നമുക്കില്ല.

ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ചില ദിവസങ്ങൾ പറഞ്ഞിട്ടുണ്ട്. അമാവാസി തിഥി, ചൊവ്വ, വെള്ളി ദിവസം, ഭരണി നക്ഷത്രം, അതിൽ തന്നെ മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്രം എന്നിവ കാളീ ഭഗവതിക്ക് അതിവിശേഷമാണ്. ഇതിൽ ഇത്തവണത്തെ മകര ഭരണി 2023 ജനുവരി 29 ഞായറാഴ്ചയാണ്. ഈ ദിവസം
വ്രതം നോറ്റ് ഭദ്രകാളി ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം അഭീഷ്ട സിദ്ധി ലഭിക്കും. അത്ഭുതശക്തിയുള്ള കാളീ മന്ത്രങ്ങൾ, ഭദ്രകാളി അഷ്ടോത്തരം ജപിച്ചു തുടങ്ങുന്നതിനും ഈ ദിവസം ഉത്തമമാണ്.

മുൻജന്മപാപങ്ങൾ അകറ്റി സന്തോഷവും സമാധാനവും അഭീഷ്ട സിദ്ധിയും സമ്മാനിക്കുന്ന ഉഗ്ര ശക്തിയുള്ള മഹാകാളി മന്ത്രം പരിചയപ്പെടുത്താം. ഈ മന്ത്രം ഭരണി നക്ഷത്ര ദിവസം തുടങ്ങി 48 തവണ വീതം രാവിലെയും വൈകിട്ടും നിത്യേന ജപിക്കണം. ജപം തുടങ്ങുമ്പോഴും ജപാന്ത്യത്തിലും മഹാകാളി ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ചൊല്ലണം. ഇത് മുടങ്ങാതെ 28 ദിവസം ചെയ്യണം. അശുദ്ധി ഉണ്ടായാൽ അത് മാറിക്കഴിഞ്ഞ് 28 ദിവസം പൂർത്തിയാക്കിയാൽ മതി. ഇതിന് യാതൊരു വ്രതവും വേണ്ട. മത്സ്യമാംസാദി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ബ്രഹ്മചര്യവും വേണ്ട. എന്നാൽ മന്ത്രോപദേശം നിർബന്ധമാണ്. വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. വെളുത്ത വസ്ത്രമാണ് ജപസമയത്ത് ധരിക്കേണ്ടത്. പൂജാമുറിയിൽ ദിക്ക് പ്രധാനമല്ല.

മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസങ്ങൾ മന്ത്രജപം തുടങ്ങാൻ വളരെ നല്ലതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലും ജപം ആരംഭിക്കാം. ശവത്തിന്റെ മുകളിൽ ഇരിക്കുന്ന കാളിയെ പൂജിക്കുന്നവർക്ക് സകല ഐശ്വര്യവും സിദ്ധിക്കും. സുമുഖീ കാളീ ധ്യാനം, സുമുഖീ കാളീ മന്ത്രം എന്നും ഇത് അറിയപ്പെടുന്നു.

മഹാകാളി ധ്യാനം
ധ്യായേദ് കാളീം മഹാകായാം
ത്രിനേത്രാം ബഹുരൂപിണീം നരമുണ്ഡം തഥാ
ഖഡ്ഗം കമലം ച വരം തഥാ ചതുർഭുജാം
ചലജ്ജിഹ്വാം പൂർണ്ണചന്ദ്രനിഭാനനാം
നീലോല്പലദളശ്യാമാം ശത്രുസംഘവിദാരിണീം
നിർഭയാം രക്തവദനാം ദ്രംഷ്ട്രാളീഘോര രൂപിണീം
സാട്ടഹാസനിരസ്താരീം സർവ്വദാം ചദിഗംബരീം
ശവാസനസ്ഥിതാം ദേവീം മുണ്ഡമാലാവിഭൂഷിതാം
ഘോര രൂപാം ഭീഷണാസ്യാം മഹാകാളീം സദാസ്മരേദ്

(അസുരശിരസ്‌ കോർത്ത് മാലയണിഞ്ഞ് ശവത്തിന്റെ മുകളിൽ ഇരിക്കുന്ന ഭയാനക ചിത്രമാണ് മഹാകാളിയുടേത്. മുകളിൽ പറഞ്ഞിരിക്കുന്ന ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ജപിച്ച് മന‌സിൽ ദേവിഭാവം ഉറപ്പിക്കണം. അതിന് ശേഷം മഹാകാളിമന്ത്രം ജപിക്കാം)

മഹാകാളിമന്ത്രം
ഓം ഉച്ഛിഷ്ട ചണ്ഡാലിനീ
സുമുഖീ ദേവീ മഹാകാളീ
കാലഭൈരവപ്രിയംകരീം
മഹാകാളീ പിശാചിനി
വേദാന്തർഗതേ നിത്യേ
സർവ്വപാപശമനം ദേഹി
ദദാപയ ഹ്രീം ക്രീം നമ: സ്വാഹാ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

  • 91 944702 0655)

Story Summary : Powerful Bhadrakali Mantra for peace and prosperity ( Sumuki Kali Mantra )


error: Content is protected !!