Saturday, 23 Nov 2024
AstroG.in

അതിശക്തമായ കാര്യസിദ്ധി ഹനുമദ് മന്ത്രങ്ങൾ

അത്യപാരമായ ശ്രീരാമഭക്തി, ചിരഞ്ജീവി, മഹാജ്ഞാനത്തിന്റെ നിറകുടം, മഹാബലവാൻ,  അഷ്ടസിദ്ധികളും സ്വന്തമാക്കിയ ദേവൻ – ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താനാകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ശ്രീഹനുമാൻ. ഈ ഭഗവാനെ പ്രീതിപ്പെടുത്താൻ ചൊല്ലുന്ന മന്ത്രങ്ങൾക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതിനുള്ള ശക്തിയുണ്ട്; മാത്രമല്ല ആ വ്യക്തികളെ മാരുതി ദേവൻ വിജയതിലകം അണിയിക്കും. ഒരു കാര്യം, അത്യാഗ്രഹവും ദുർവിചാരങ്ങളും ഇല്ലാതെ നേർവഴിക്ക് പോകുന്നവരെ മാത്രമേ ആഞ്ജനേയ സ്വാമി അനുഗ്രഹിക്കൂ; അല്ലാത്തവരെ ചിലപ്പോൾ ശിക്ഷിച്ചെന്നു വരും.  

പ്രകൃത്യാ തന്നെ ഏറ്റവും ദയാലുവും  വായുവേഗത്തിൽ പ്രസാദിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശ്രീഹനുമാൻ. ഭക്തർ ന്യായമായ എന്ത് ആവശ്യപ്പെട്ടാലും  ആഞ്ജനേയൻ നിഷ്പ്രയാസം സാധിച്ചുതരും; സങ്കടം പറഞ്ഞാൽ പരിഹരിച്ചു തരും. ഇതിനെല്ലാം ഉതകുന്ന, ഏർപ്പെടുന്ന എന്ത് കാര്യത്തിലും വിജയം സമ്മാനിക്കുന്ന  അതിശക്തിമായ ഒന്നാണ് കാര്യസിദ്ധി ഹനുമാൻ മന്ത്രങ്ങൾ.
ഇവിടെ കാര്യം എന്ന പദത്തിന്റെ അർത്ഥം ദൗത്യം എന്നാണ്; സിദ്ധിയെന്നാൽ സാക്ഷാത്ക്കാരം അല്ലെങ്കിൽ വിജയം. നിങ്ങളുടെ ഹൃദയത്തെ മഥിക്കുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരം; അല്ലെങ്കിൽ ദൗത്യത്തിന്റെ വിജയം എന്ന് പൊരുൾ.എന്ത് കാര്യമായാലും ആഗ്രഹിക്കുന്നവർ അതിനു വേണ്ടി കഠിനാദ്ധ്വാനം നടത്തുന്നതിനൊപ്പം ഈ മന്ത്രം കൂടി തികഞ്ഞ ഭക്തി വിശ്വാസത്തോടെ ജപിച്ചാൽ വിജയം തീർച്ചയാണ്.

കാര്യസിദ്ധി ഹനുമാൻ മന്ത്രങ്ങൾ പലതുണ്ട് – ഓരോ കാര്യത്തിനും ഒരോ മന്ത്രമാണുള്ളത്. എന്നാലും  ജപനിഷ്ഠകൾ എല്ലാ മന്ത്രങ്ങൾക്കും ഒരുപോലെയാണ്. ഏതെങ്കിലും ഒരു വ്യാഴാഴ്ച ജപം തുടങ്ങണം – കാരണം ഹനുമാൻ സ്വാമിയെ  അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്നത്  ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴാഴ്ച.ഈ മന്ത്രജപത്തിന്റെ വിജയം നിങ്ങളുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഗാഢതയെയും ആശയിച്ചാണിരിക്കുന്നത്.  

ഹനുമദ് മന്ത്രങ്ങൾ ജപിക്കുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികൾ ഒഴിവാക്കണം; ശാരീരിക ബന്ധം പാടില്ല. രാവിലെയും  വൈകുന്നേരവും കുളിക്കണം. ഒരു  നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങളുടുത്ത് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിലെത്തണം. ഹനുമാൻ ക്ഷേത്രമില്ലെങ്കിൽ ഹനുമാൻ ഉപദേവതയായുള്ള ഈശ്വര സന്നിധി തിരഞ്ഞെടുക്കാം. അവിടെ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന്  മുന്നിൽ നിന്നോ ഇരുന്നോ കാര്യസിദ്ധി മന്ത്രം 108 തവണ എന്നും ജപിക്കണം; ഇത് 41 ദിവസം തുടരണം. ഈ ജപകാലത്ത് ഏതെങ്കിലും ഒരു വ്യാഴാഴ്ച ആഗ്രഹ ലബ്ധി അല്ലെങ്കിൽ കാര്യവിജയം  നിങ്ങളെ തേടിയെത്തും. ഇല്ലെങ്കിൽ ക്ഷമയോടെ ജപം തുടരുക.

1 ദു:ഖമോചനത്തിന്
ജീവിതദു:ഖം, ദുരിതം, ശത്രുശല്യം ഇവ കാരണം പൊറുതിമുട്ടിയവർക്ക് ഇവയിൽ നിന്നെല്ലാം മോചനം നേടാനുള്ള മന്ത്രമാണിത്. ഈ മന്ത്രം ജപിക്കുമ്പോൾ സ്വന്തം ദുരിതം അകറ്റണം എന്നു മാത്രം  ആഗ്രഹിക്കുക; അത് ഹനുമാൻ സ്വാമിയോട് പറയുക. ബാക്കിയെല്ലാം സ്വാമിക്ക് വിട്ടുകൊടുക്കുക. നിങ്ങളുടെ ശത്രുക്കളോ നിങ്ങളെ ശല്യം ചെയ്യുന്നവരോ ആയാൽ പോലും ഒരു കാരണവശാലും  അവരുടെ വീഴ്ചയോ തകർച്ചയോ  ആഗ്രഹിക്കരുത്.  സ്വാർത്ഥത വെടിഞ്ഞ് പ്രാർത്ഥിക്കുമ്പോൾ തന്നെ ഹനുമാൻ ഭഗവാന്റെ കാരുണ്യത്താൽ നിങ്ങളുടെ ദു:ഖത്തിന് പരിഹാരമുണ്ടാകും. ആർക്കെങ്കിലും നിങ്ങളോട്  ശത്രുതയുണ്ടെങ്കിൽ അവരെ സ്നേഹത്തിലൂടെ കീഴ്പ്പെടുത്താൻ കഴിയും. അങ്ങനെ ശത്രു ശല്യം ഒഴിഞ്ഞു പോകും. മന്ത്രം ഇതാ: 

ത്വമസ്മിൻ കാര്യ നിര്യോഗേ

പ്രമാണം ഹരിസത്തമ

ഹനുമാൻ യത്നമാസ്ഥായ

ദുഖ ക്ഷയ കരോ ഭവ :

2 തടസ്സ മോചനത്തിന്
ജീവിതത്തിൽ പല തടസ്സങ്ങളും നമുക്ക് നേരിടും. ചിലപ്പോൾ ദുരിതങ്ങളും തടസ്സങ്ങളും ചേർന്ന് നമ്മെ അടിച്ചിട്ടെന്നിരിക്കും.എന്നാൽ  ഒരു ഘട്ടമെത്തുമ്പോൾ ഈ പ്രതിസന്ധികൾ അതിജീവിച്ചേ തീരൂ എന്നു വരും. അങ്ങനെ നമ്മൾ  ഉണർന്ന് പ്രവർത്തിക്കുന്ന ഘട്ടത്തിൽ ഇനി പറയുന്ന കാര്യസിദ്ധി ഹനുമദ് മന്ത്രം ജപിക്കണം. ഈ മന്ത്രം ആദ്യം ജപിച്ചത് സീതാദേവിയാണ്. ലങ്കയിൽ രാവണന്റെ തടവിൽ ദുരിത ദുഃഖങ്ങൾ അനുഭവിച്ച സമയത്ത് പ്രിയതമനായ ശ്രീരാമദേവന്റെ ദർശനം ആഗ്രഹിച്ച്  സീതാദേവി ജപിച്ചത് ഈ മന്ത്രമാണത്രേ. അതേത്തുടർന്ന് രാമ,  രാവണയുദ്ധം നടന്നു; രാവണനെ വധിച്ച് ഭഗവാൻ ദേവിയെ മോചിപ്പിച്ചു. ആ മന്ത്രം ഇതാ:

അസാദ്ധ്യ സാധക സ്വാമി

അസാദ്ധ്യം തവ കിം വദ

രാമദൂത കൃപാ സിന്ധോ

മദ്കാര്യം സാധയ പ്രഭോ

3 തൊഴിൽ ലഭിക്കാൻ
തൊഴിലില്ലാതെ വിഷമിക്കുന്നവർക്കും ഉദ്യോഗത്തിൽ തടസ്സങ്ങളും വിഷമങ്ങളും അനുഭവിക്കുന്നവർക്ക് അത് നീക്കുന്നതിനും ഉത്തമമാണ് ഇനി പറയുന്ന കാര്യസിദ്ധി ഹനുമാൻ മന്ത്രം. ഈ മന്ത്രം എന്നും ജപിച്ചാൽ വായൂ വേഗത്തിൽ ഫലം ലഭിക്കും. 

ഓം ശ്രീ വജ്റദേഹായ രാമ ഭക്തായ 

വായുപുത്രാ നമോസ്തുതേ

4 കാര്യ വിജയത്തിന്
ഏറ്റെടുക്കുന്ന ദൗത്യങ്ങൾ വിജയിപ്പിക്കുന്നതിനുള്ള കാര്യസിദ്ധി മന്ത്രമാണിത്. പണം, അധികാരം, കരുത്ത്, ജനപിൻതുണ ഇവയെക്കാളെല്ലാം വലുതാണ് ഈശ്വരാനുഗ്രഹം. ഭഗവാന്റെ കൃപാകടാക്ഷങ്ങൾ  ഉണ്ടെങ്കിൽ ഭാഗ്യവും വിജയവും വായൂ വേഗത്തിൽ പിന്നാലെ വരും. അതിനാൽ ഏത് ഉദ്യമത്തിലും ശ്രീരാമദേവന് പ്രിയങ്കരനായ  ഹനുമാൻ സ്വാമിയുടെ കൃപ നേടാൻ ഇനി പറയുന്ന മന്ത്രം ചൊല്ലുക:  

അരേ തു ചൽ ചൽ ചൽ 

ഹനുമാൻ ചൽ 

ഔർ ന ചലേ തോ 

തുഛെ രാം കിയാൻ


ബുദ്ധിർ ബലം യശോധൈര്യം

നിർഭയത്വം അരോഗത

അജാഢ്യം വാക് പടുത്വം

ഹനുമദ് സ്മരണാത് ഭവേത്

– പി.എം. ബിനുകുമാർ, +919447694053

error: Content is protected !!