Sunday, 24 Nov 2024
AstroG.in

അത്തച്ചമയം ഞായറാഴ്ച; ഉദയത്തിന് മുൻപ് കുളിച്ച് ആദ്യ പൂക്കളം ഒരുക്കണം

പി.എം. ബിനുകുമാർ
ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രം. അന്നു തുടങ്ങി പത്താം ദിവസമാണ് തിരുവോണം. ഈ തിരുവോണമാണ് മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം എന്ന് വിശ്വസിക്കുന്നു. സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തം. പ്രകൃതിയാകെ വെള്ളി വെളിച്ചം പരത്തി പൂത്തുലഞ്ഞു നിൽക്കുന്ന ശ്രാവണ മാസത്തിലെ ദ്വാദശി തിഥിയിലാണ് തിരുവോണം.
27 നക്ഷത്രങ്ങളിൽ ഒന്നായ ഓണം മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമായി ആഘോഷിക്കുന്നതിനാൽ തിരുവോണമായി. വാമനനായി അവതരിച്ച മഹാവിഷ്ണു, തന്നെ ചവിട്ടിത്താഴ്ത്തിയപ്പോൾ ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കലെങ്കിലും വന്നു കാണാൻ മഹാബലി അവസരം ചോദിച്ചു. ചിങ്ങത്തിലെ തന്റെ പിറന്നാൾ ദിവസമായ തിരുവോണത്തിന് ഭൂമിയിലെത്താൻ ഭഗവാൻ മഹാബലിക്ക് അനുമതിയും നൽകി. തിരുവോണമായി ആഘോഷിക്കുന്നത് ഈ ദിവസമാണ്. മഹാബലിയെ വരവേൽക്കാൻ പത്തുദിവസം മലയാളികൾ ഒരുങ്ങുന്നു.

അത്തം നാളിൽ സൂര്യോദയത്തിന് മുൻപ് കുളിച്ച് മഹാബലിയെ വരവേൽക്കാൻ ആദ്യ പൂക്കളം ഒരുക്കണം. ഇങ്ങനെ പത്തു ദിവസം പൂക്കളം ഒരുക്കി കാത്തിരിക്കുന്ന പ്രജകൾക്കു മുൻപിൽ തിരുവോണനാളിൽ മഹാബലി എത്തും – സമ്പദ്‌ സമദ്ധിയും ഐശ്വര്യവും നൽകാനായി.

മഹാവിഷ്ണു ഭക്തനായിരുന്ന, നരസിംഹാവതാരത്തിന് കാരണക്കാരനായ അസുരരാജാവ് പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലി. സത്യധർമ്മാദികൾ പരിപാലിച്ചു പോന്ന മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി മൂന്നു ലോകത്തിന്റെയും അധിപനായി. ബലിയുടെ ഭരണകാലം ഭൂമിയിലെ ഏറ്റവും നല്ല കാലമായി; പരസ്പരം സ്‌നേഹിച്ചും വിശ്വസിച്ചും അദ്ധ്വാനിച്ചും മനുഷ്യർ ജീവിച്ചു. അസുരരാജാവായ മഹാബലി പാതാളമാണ് ഭരിക്കേണ്ടത്. അദ്ദേഹം സ്വർഗ്ഗവും ഭൂമിയും ആക്രമിച്ച് കീഴടക്കിയത് ധർമ്മലംഘനമാണെന്ന പരാതിയുമായി ഇന്ദ്രനും കൂട്ടരും മഹാവിഷ്ണുവിനെ സമീപിച്ചു. ബലിയെ ഉത്‌ബോധിപ്പിക്കേണ്ടത് കടമയാണെന്ന് വിഷ്ണുവിന് തോന്നി.ഇതിനുമുൻപേ ദൈത്യർ ദേവന്മരെ ദ്രോഹിക്കുന്ന കാര്യം ദേവമാതാവ് അദിതി ഭർത്താവിനോട് പരാതിപ്പെട്ടു. കശ്യപന്റെ നിർദ്ദേശം സ്വീകരിച്ച് അദിതി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ പയോവ്രതം നോറ്റു. വ്രതാവസാനം മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് അദിതിയുടെ ഗർഭത്തിൽ കടന്ന് പുത്രനായി ജനിച്ച് ദേവകളെ രക്ഷിക്കാം എന്ന് വരം നൽകി. അദിതി ഗർഭിണിയായി, ഭാദ്രപദത്തിൽ തിരുവോണം നക്ഷത്രം ദിവസം വാമനൻ അവതരിച്ചു. ജനന നേരം ചതുർബാഹു ആയിരുന്ന ശിശു മാതാപിതാക്കൾ നോക്കിനിൽക്കേ രൂപാന്തരം പ്രാപിച്ച് ശിശുവായ വാമനനായി. ദേവകൾ ശിശുവിന് ഉപഹാരങ്ങൾ നൽകി ശക്തനാക്കി. സൂര്യൻ സാവിത്രിമന്ത്രം ഉപദേശിച്ചു. ബൃഹസ്പതി ഉപവീതമേകി. കശ്യപൻ അരഞ്ഞാണവും ആകാശം ഛത്രത്തെയും ഭൂമി കൃഷ്ണാജിനത്തെയും വനസ്പതിയായ സോമൻ ദണ്ഡത്തെയും അദിതി കൗപീനത്തെയും സപ്തർഷികൾ കുശപ്പുല്ലിനെയും ബ്രഹ്മാവ് കമണ്ഡലവും സരസ്വതി അക്ഷരമാലയും കുബേരൻ പാത്രികയെയും സമ്മാനിച്ചു. മഹാബലി അപ്പോൾ ഒരു അശ്വമേധം നടത്തി അതിന്റെ പരിസമാപ്തിയുടെ ഭാഗമായി ഒരു മഹായാഗത്തിന് ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ഛത്രം, ദണ്ഡം, കമണ്ഡലു എന്നിവ ധരിച്ച് തേജോരൂപിയായ വാമനൻ കടന്നു വന്നത്. വാമനനെ സ്വാഗതം ചെയ്ത് വണങ്ങിയ ബലി എന്ത് ദാനമാണ് വേണ്ടതെന്ന് ചോദിച്ചു. തനിക്ക് മൂന്ന് ചുവട് വയ്ക്കാൻ സ്ഥലം ദാനം വേണമെന്ന് വാമനൻ പറഞ്ഞു. അസുരഗുരു ശുക്രാചാര്യൻ അപകടം
മണത്തു. പാടില്ല എന്ന ഉപദേശം മാനിക്കാതെ മഹാബലി ദാനത്തിന് സമ്മതിച്ചു.

പെട്ടെന്ന് വാമനൻ ത്രിവിക്രമനായി. ഭഗവാന്റെ രൂപം വളർന്ന് വലുതായി. ആദ്യപാദം കൊണ്ട് ഭൂമിയെ ചവിട്ടി, ആകാശത്തെ ശരീരം കൊണ്ട് നിറച്ച് ദിക്കുകളെ കൈകൾ കൊണ്ട് അളന്ന് നിന്നു. രണ്ടാമത്തെ അടിയിൽ മഹിർലോകം, തപോലോകം എന്നിവയിൽ സമൃദ്ധമായ സ്വർഗലോകത്തെ അതിക്രമിച്ചു. വാമനനായി തന്റെ മുന്നിലെത്തിയിരിക്കുന്നത് മഹാവിഷ്ണുവാണെന്ന് മഹാബലി മനസിലാക്കി. അദ്ദേഹം ഭഗവാന്റെ പാദങ്ങളിൽ തലകുമ്പിട്ടിരുന്നു. ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കൽ വന്നു കാണാൻ മഹാബലി അവസരം ചോദിച്ചു. ആ അനുഗ്രഹം ചൊരിഞ്ഞ ശേഷം പാതാള ലോകത്തേക്ക് മടങ്ങിപ്പോകാൻ ഭഗവാൻ മഹാബലിയോട് ആവശ്യപ്പെട്ടു. മഹാവിഷ്ണു പ്രധാന മാസമാണ് ചിങ്ങം. ശ്രീകൃഷ്ണനായും വാമനനായും കൽക്കിയായും അവതരിച്ചത്. ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ദ്വാദശി തിഥിയിൽ തിരുവോണം നക്ഷത്രത്തിലാണ് മഹാവിഷ്ണുവിന്റെ വാമനാവതാരം.

Story Summary: Popular Story Behind Onam Festival and Significance Of Atham, Thiruvonam Star’s in Chingam

error: Content is protected !!