അത്യുൽക്കൃഷ്ടമായ വിദ്യാ മന്ത്രം ബാലാസുബ്രഹ്മണ്യ മന്ത്രം
അശോകൻ ഇറവങ്കര
തിരുവനന്തപുരം ചെമ്പഴന്തിക്കടുത്ത് അണിയൂരിൽ പ്രസിദ്ധമായൊരു ദുർഗ്ഗാ ക്ഷേത്രമുണ്ട്. സന്താനലബ്ധിക്കായി ഈ ക്ഷേത്രത്തിൽ നടത്തുന്ന “ചെങ്കാൽ തൊഴീൽ” എന്ന വഴിപാട് ഏറെ പ്രസിദ്ധമാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂടിക്കാഴ്ച നടന്നത് ഈ ക്ഷേത്ര സന്നിധിയിലാണ്. നമ്മുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ രണ്ടു ധ്രുവ നക്ഷത്രങ്ങൾ ഇവിടെയാണ് കണ്ടുമുട്ടിയത്. ശ്രീമദ് ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും. ഈ കൂടിക്കാഴ്ചയിൽ ആണ് തനിക്ക് കൗമാരത്തിൽ ഒരു അവധൂതൻ പകർന്നു നൽകിയ ബാലാസുബ്രഹ്മണ്യ മന്ത്രം ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരുവുമായി പങ്കിട്ടത്. ജ്ഞാനത്തിന്റെ അധിമന്ത്രം എന്നു വിശേഷിപ്പിക്കുന്നതാണ് ബാലാസുബ്രഹ്മണ്യ മന്ത്രം. അങ്ങനെ രണ്ടു ആത്മീയ ഗുരുക്കന്മാരുടെയും സാധന ഒന്നിലേക്കായി.
സുബ്രഹ്മണ്യന് ബാലൻ എന്ന് അർത്ഥം വരുന്ന കുമാരൻ എന്ന് പര്യായമുണ്ട്. എന്നാൽ ബാലാസുബ്രഹ്മണ്യമന്ത്രം ബാലനായ സുബ്രഹ്മണ്യന്റെതല്ല. അത് താന്ത്രികമായ ഒരു സാധനയും മന്ത്രവുമാണ്. സുബ്രഹ്മണ്യ മന്ത്രത്തോടൊപ്പം ശ്രീ ലളിതാപരമേശ്വരിയുടെ മാനസപുത്രിയും വിദ്യാ ദേവതയുമായ ബാലാപരമേശ്വരിയുടെ ഐം ക്ലീം സൗ: എന്ന ബീജമന്ത്രം കൂടിച്ചേരുന്നതാണ്-
ഓം രീം ഐം ക്ലീം ഔ: സൗ: ശരവണഭവായ നമഃ
ഇതാണ് ബാലാസുബ്രഹ്മണ്യ മന്ത്രം. അത്യുൽക്കൃഷ്ടമായ വിദ്യാ മന്ത്രമാണിത്. മഹാ ഗുരുക്കന്മാർ ജ്ഞാന സിദ്ധിക്ക് ഉപാസിക്കുന്ന ശൈവ – ശാക്തേയ മന്ത്രം.
അതീന്ദ്രിയ ജ്ഞാനത്തിന്റെ ദേവനാണ് സുബ്രഹ്മണ്യൻ. ജ്യോതിഷികളുടെ ഇഷ്ട ദേവൻ. ഓം കാരത്തിന്റെ അർത്ഥം അറിയില്ല എന്നു പറഞ്ഞതിന് സാക്ഷാൽ ബ്രഹ്മദേവനെപ്പോലും പിടിച്ചു കെട്ടിയവൻ. സ്വന്തം തെറ്റ് മനസിലാക്കിയപ്പോൾ പശ്ചാത്തപിച് സർപ്പരൂപം പൂണ്ട് ആരോടും മിണ്ടാതെ തപസിനു പോയവൻ. പുത്രനെ കാണാത്ത വ്യഥയിൽ പാർവതി ദേവി ഒരുപാട് നീറി. ഒടുവിൽ മകനെ തിരിച്ചു കിട്ടാൻ ദേവി ഷഷ്ഠി വ്രതം നോറ്റു. സുബ്രഹ്മണ്യത്ത് ചിതൽ പുറ്റു മൂടിയ നിലയിൽ തപസ് ചെയ്യുന്ന പുത്രനെ ദേവി കണ്ടെത്തി എന്ന് ഷഷ്ഠി വ്രത മഹാത്മ്യം. അങ്ങനെ ഒളിച്ചുവയ്ക്കപ്പെട്ടവൻ ആകയാൽ മുരുകന് ഗുഹൻ എന്ന പേരും കിട്ടി.
ഗരുഡൻ നൽകിയ മയിലിനെ വാഹനമാക്കി മയിൽ വാഹനനായി…..
അഗ്നിദേവൻ നൽകിയ വേൽ ആയുധമാക്കി വേലായുധനായി….
ആറു മുഖത്തോടെ പിറന്ന് ഷണ്മുഖനായി..
ശരവണപൊയ്കയിൽ ജനിച്ച് ശരവണഭവനായി….
ആറു കൃത്തികകളുടെ വളർത്തു പുത്രനാകയാൽ കാർത്തികേയനായി…
ഈശ്വരന് പ്രണവോപദേശം കൊടുക്കുന്ന സദ്ഗരുവായി…….
ഔവ്വയാർക്ക് ചുടു പഴം കൊടുക്കുന്ന കാലിച്ചെറുക്കനായി…..
മാമ്പഴം ജ്യേഷ്ഠനുകൊടുത്ത അനീതിക്കെതിരെ പ്രതിഷേധിച്ച്, എല്ലാം ത്യജിച്ച് ഇടുപ്പിൽ കൗപീനവും കൈയ്യിൽ വടിയുമായി നിൽക്കുന്ന ആണ്ടിയായി…
ശൂരാദി അസുരന്മാരെ നിഗ്രഹിച്ച് സജ്ജനപാലനം ചെയ്ത വെറ്റിവേലനായി..
കുറവപ്പെണ്ണിനെ കല്യാണം ചെയ്തു കാട്ടുകുറവനായി….
ദേവപുത്രിയെയും വള്ളിയെയും പരിണയിച്ചു താണികേശ്വരനായി…
ദേവാ……..
ശിവനെ ആത്മാവായും പാർവ്വതിയെ ശക്തിയായും പാതാളം പാദങ്ങളായും ദ്വീപുകൾ കാലുകളായും സമുദ്രങ്ങൾ വസ്ത്രങ്ങളായും ദിക്കുകൾ ഭൂജങ്ങളായും സ്വർഗ്ഗം ശിരസ്സായും ബ്രഹ്മാവും, വിഷ്ണുവും കരങ്ങളായും സരസ്വതി വാക്കായും ലക്ഷ്മി ഐശ്വര്യമായും വായു പ്രാണനായും സർപ്പങ്ങൾ ആഭരണങ്ങളായും സസ്യങ്ങൾ രോമങ്ങളായും മയിൽ വാഹനമായും വേൽ ആയുധമായും ശോഭിക്കുന്ന ഭാഗവാനേ..
നിത്യവും ആ പദാരവിന്ദങ്ങളിൽ ആത്മപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് ഉണരാൻ കനിയണമേ.
- അശോകൻ ഇറവങ്കര
Story Summary: Divinity of Bala Subramanya Mantra