അനുഗ്രഹവർഷമായി പൊങ്കാല; താലപ്പൊലി എടുത്താൽ സൗന്ദര്യം, സമ്പത്ത്
ആഗ്രഹങ്ങളുടെയും ജീവിത ദുഃഖങ്ങളുടെയും ഭാണ്ഡക്കെട്ടുകൾ ആറ്റുകാൽ അമ്മയ്ക്കു മുന്നിൽ സമർപ്പിക്കാൻ വ്രതംനോറ്റ് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ നാളെ, മാർച്ച് 9 തിങ്കളാഴ്ച പൊങ്കാലയിട്ട് മോഹസാഫല്യം നേടും; ആത്മനിർവൃതി അടയും. കാലത്ത് 10.20നാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ അഗ്നി പകരുന്നത്. ഈ ദീപം പകർന്ന് പകർന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകൾ കത്തിക്കും. പൊങ്കാല പാകമായി കിഴക്കോട്ടു തിളച്ചു തൂകിയാൽ പിന്നെ ദേവീമന്ത്രജപവുമായി നിവേദ്യത്തിന് കാത്തിരിക്കും. ഉച്ചയ്ക്ക് 2.10 നാണ് ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരിമാർ തീർത്ഥം തളിച്ച് നിവേദ്യം നടത്തുന്നത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ദീപാരാധനയ്ക്ക് ശേഷം 7.30 ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽക്കുത്ത് തുടങ്ങും. രാത്രി 10.30 മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള അമ്മയുടെ എഴുന്നള്ളത്തിന് അകമ്പടി പോകുന്ന ഭടന്മാരാണ് കുത്തിയോട്ട ബാലന്മാർ. ഇതേ സമയം അമ്മയെ ആനയിക്കുന്നത് താലപ്പൊലിയേന്തിയ ബാലികമാരാണ്. കുത്തിയോട്ട ബാലന്മാരെപ്പോലെ വ്രതമെടുത്താണ് ബാലികമാർ താലപ്പൊലി എടുക്കുന്നത്.
പാര്‍വ്വതി–പരമേശ്വരന്മാര്‍ വിവാഹശേഷം കൈലാസത്തില്‍ എത്തിയപ്പോള്‍ ദേവീദേവന്മാര്‍ അണിഞ്ഞൊരുങ്ങി പൊന്‍തട്ടങ്ങളില്‍ ദീപവും കുങ്കുമവും കരിവള, കണ്‍മഷി മുതലായ മംഗലവസ്തുക്കളും വച്ച് അത്യാര്‍ഭാടമായി എതിരേറ്റു എന്നാണ് ഐതിഹ്യം. മഹത്തായ ഈ സന്ദർഭത്തിന്റെ ഓര്‍മ്മപുതുക്കലാണ് താലപ്പൊലി.അണിഞ്ഞൊരുങ്ങലിന്റെയും ദീപക്കാഴ്ചയുടെയും സമ്മേളനമാണിത്. വ്രതശുദ്ധിയോടും ശരീരശുദ്ധിയോടുംകൂടി പുതുവസ്ത്രമണിഞ്ഞ് തലയില്‍ പൂകൊണ്ടുണ്ടാക്കിയ കിരീടം വച്ച് കൈയിലെ താലത്തില്‍ കമുകിന്‍ പൂക്കുല, നാളികേരം, പച്ചരി, ഉതിരിപൂക്കള്‍, കുങ്കുമം, കണ്‍മഷി, കരിവള എന്നിവ നിറച്ച് കൊട്ടും കുരവയും നാമജപവുമായാണ് താലപ്പൊലി എടുക്കാൻ പോകേണ്ടത്. ക്ഷേത്രത്തില്‍ ഒരുതവണ പ്രദക്ഷിണം വച്ച് താലത്തില്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ അമ്മയ്ക്കു മുന്നില്‍ സമര്‍പ്പിച്ച് പ്രസാദം വാങ്ങണം.മൂന്നു മുതല്‍ 12 വയസുവരെയുള്ള ഋതുമതികളാകാത്ത പെണ്‍കുട്ടികള്‍ക്ക് താലപ്പൊലിയെടുക്കാം. താലപ്പൊലിക്ക് ഒന്‍പതു ദിവസം വ്രതമെടുക്കണം. മാംസവും മത്സ്യവും കഴിക്കരുത്. ശുദ്ധിയോടെ കഴിയണം.സൗന്ദര്യവും സമ്പത്തും ഉണ്ടാകാനും രോഗബാധകള്‍ ഉണ്ടാകാതിരിക്കുവാനും താലപ്പൊലിയേന്തുന്ന ബാലികമാരെ ദേവി അനുഗ്രഹിക്കും.
– ജ്യോതിഷാചാര്യൻ വേണു മഹാദേവ്
+ 91 9847475559