Friday, 20 Sep 2024
AstroG.in

അനുഭവയോഗം നേടാൻ ചന്ദ്ര പ്രീതി;
പൗർണ്ണമി ദിവസം ഇത് ചെയ്യുക

ജ്യോതിഷരത്നം വേണു മഹാദേവ്

ഒരു വ്യക്തിയുടെ ജാതകത്തിൽ എന്തൊക്കെ യോഗങ്ങളും ഭാഗ്യങ്ങളും ചക്രവർത്തീ യോഗം വരെ ഉണ്ടെങ്കിലും ഇവ അനുഭവത്തിൽ വരാൻ ചന്ദ്രന് പക്ഷബലം വേണം. വെളുത്ത പക്ഷത്തിൽ ചതുർത്ഥി മുതൽ കറുത്ത പക്ഷത്തിലെ ഷഷ്ഠി വരെ ചന്ദ്രന് ബലമുണ്ട്. ഇതല്ലാത്ത സമയത്ത് ജനിക്കുന്നവർക്ക് ഭാഗ്യ കുറവ് മാത്രമല്ല, മനസിന് ബലക്കുറവും കാണും ഇവർ ഒരു കാര്യത്തിലും തീരുമാനമെടുക്കാൻ കഴിയാതെ എപ്പോഴും ചഞ്ചലമായ മനസുമായി കഴിയും. അകാരണ ഭയം, മാനസികമായി എല്ലാറ്റിനും മറ്റുള്ളവരെ ആശ്രയിക്കൽ, തീരുമാന വൈകല്യം, അനാവശ്യമായി ഒരോന്ന് ചിന്തിച്ച് കൂട്ടുക, അക്ഷമ, പരാജയഭീതി, എന്നിവയാൽ വിഷമിക്കും. പ്രത്യേകിച്ച് അമാവാസിക്ക് ജനിച്ചവർ മാനസിക വിഷമതകൾ, അലർജി, ആസ്മ ഇവയാൽ ക്ലേശങ്ങൾ അനുഭവിക്കും.

ഇക്കൂട്ടർ ചന്ദ്രബലം വർദ്ധിപ്പിക്കുക തന്നെ വേണം. ചന്ദ്രന്റെ അനുഗ്രഹത്തിനായി പൗർണ്ണമി ദിവസം ദേവിക്ക് ചന്ദ്രപൊങ്കാല അർപ്പിക്കുന്നതും ദേവീ ക്ഷേത്രങ്ങളിൽ പൗർണ്ണമി ദിവസം ദീപാരാധന തൊഴുന്നതും ഇവർക്ക് ഉത്തമമായ ദോഷപരിഹാരമാണ്. ലളിതാ സഹസ്രനാമം, ദേവീ സ്തോത്രങ്ങൾ, മന്ത്രങ്ങൾ, ലളിത ത്രിശതി, ദുർഗ്ഗാ അഷ്ടോത്തരം ഇവ ജപിക്കുന്നത് ഗുണകരം.

ശിവ ക്ഷേത്രങ്ങളിൽ പൗർണ്ണമി ദിവസം വളരെ പ്രധാനമാണ് ചന്ദ്രക്കലാധാരനാണ് ശിവൻ എന്നത് തന്നെയാണ് ഇതിന് കാരണം പൗർണ്ണമി ദിനങ്ങളിൽ സന്ധ്യയ്ക്ക് ക്ഷേത്ര ദർശനം പുണ്യമാണ്. പൂർണ്ണ ചന്ദ്ര ദർശനം പുണ്യം എന്നാണ് പഴമക്കാർ പോലും പറയുന്നത്. ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങൾ ബാധിക്കാറുണ്ട്. പൗർണ്ണമി നിലാവ് ചരാചരങ്ങൾക്ക് ആനന്ദദായകമാണ്. മസ്തിഷ്കം പരിപൂർണ്ണമായി പ്രവർത്തന സജ്ജമാകുന്ന ദിനമാണത്രേ പൗർണ്ണമി .

ദുഷ്ടരാക്ഷസൻ താരകാസുരനെ ശ്രീമുരുകൻ വധിച്ചതിനെ തുടർന്ന് അവന്റെ മൂന്ന് ആൺമക്കൾ, താരാക്ഷ, കമലക്ഷ, വിദ്യൂൺമാലി എന്നിവർ കഠിനമായ തപസ് ചെയ്ത് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി ത്രിപുരി എന്നറിയപ്പെടുന്ന ചലിക്കുന്ന മൂന്ന് നഗരങ്ങൾ സ്വന്തമായി. ഇവിടെ ആയിരം വർഷത്തോളം ആരുടെയും ശല്യം കൂടാതെ ജീവിക്കാമെന്ന വരം നേടി. നഗരങ്ങളെ ഒന്നാക്കി തീയിട്ട് അമ്പടയാളം കൊണ്ട് മാത്രമേ തങ്ങളെ നശിപ്പിക്കാൻ കഴിയൂ എന്നായിരുന്നു വരം. ഈ മൂന്ന് അസുരൻമാരുടെയും ക്രൂരമായ ഭരണം ആയിരം വർഷം പിന്നിട്ടപ്പോൾ ദേവൻമാർ ശിവന്റെ അടുത്തേക്ക് ചെന്ന് ഈ അസുരന്മാരുടെ ശല്യം ഒഴിവാക്കിത്തരണം എന്ന് പ്രാർത്ഥിച്ചു.. ശിവഭഗവാൻ രുദ്ര തണ്ഡവമാടി മൂന്നു നഗരങ്ങളെയും പിടിച്ചു കുലുക്കി. ശിവന്റെ അമ്പടയാളം ഒരു സമയം മൂന്ന് അസുരൻമാരിൽ തുളച്ചു കയറി. ഭഗവാന്റെ തൃക്കണ്ണിൽ നിന്നുള്ള അഗ്നി ത്രിപുരിയെ ദഹിപ്പിക്കുകയും ചെയ്തു. ഒരു പൗർണ്ണമി ദിനത്തിലായിരുന്നു ഈ അസുര ദഹനം നടന്നത്. ആ സ്മരണയ്ക്ക് ആണ് പൗർണ്ണമി വ്രതം ആചരിക്കുന്നത്.

പൗർണ്ണമിക്ക് ജപിക്കേണ്ട മന്ത്രങ്ങൾ

1
യാ ദേവി സർവ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ

2
ഓം ആയുർ ദേഹി
ധനം ദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്ത മഖിലം ദേഹി
ദേഹി മേ പരമേശ്വരി

3
ലളിതേ സുഭഗേ ദേവി
സുഖ സൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമ:

ജ്യോതിഷരത്നം വേണു മഹാദേവ്, 91 9847475559

Story Summary: Powrnami Pooja For Luck and Prosperity

error: Content is protected !!