അന്നദാനം മഹാദാനം
ദാനങ്ങളില്‍ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതും അന്നദാനമാണ്. മറ്റ് ദാനങ്ങൾക്ക് അന്നദാനത്തിന്റെ പതിനാറിലൊന്നുപോലും മേന്മയില്ലെന്ന് പത്മപുരാണത്തില്‍ പറയുന്നു.
അന്നദാതാവിനെ അച്ഛന്റെ സ്ഥാനത്ത് കണ്ട് വാഴ്ത്തപ്പെടണമെന്ന് പുരാണം പറയുന്നു. വിശന്നുപൊരിഞ്ഞ ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുള്ള ആശ്വാസവും തൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി മാറുന്നു. മറ്റേതൊരു ദാനം കൊണ്ടും വാങ്ങുന്ന ആളിന് പൂര്‍ണ്ണതൃപ്തി വരണമെന്നില്ല. ഭൂമി, വസ്ത്രം, സ്വര്‍ണ്ണം അങ്ങനെ എന്തു കൊടുത്താലും വാങ്ങുന്നയാളിന് കുറച്ചുകൂടി ലഭിച്ചാല്‍ അതും വാങ്ങും. അന്നമാകട്ടെ ഭക്ഷിച്ച് വയറു നിറഞ്ഞു കഴിഞ്ഞാല്‍ നാം മതി, മതി എന്നു പറയും.
അവിടെ അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങിയ ആളിന് പൂര്‍ണ്ണസംതൃപ്തിയുണ്ടാകും. ഇത് മറ്റൊരുദാനം കൊണ്ടും സിദ്ധിക്കില്ല. അന്നം കൊടുക്കുന്നതും സ്വീകരിക്കുന്നതും സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാകണം. അങ്ങനെയായാല്‍ മാത്രമേ ഫലസിദ്ധിയുമുണ്ടാകൂ. പിറന്നാള്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് ചിലവേറിയ ഹോമങ്ങള്‍ നടത്തുന്നതിനേക്കാള്‍ ചിലവു കുറഞ്ഞതും ഫലപ്രദവുമായ പരിഹാരമാണ്.