Saturday, 23 Nov 2024
AstroG.in

അന്നപൂർണ്ണേശ്വരിയെ ഇങ്ങനെ ഉപാസിച്ചാൽ ദാരിദ്ര്യം അറിയില്ല

ഗൗരി ലക്ഷ്മി

പ്രപഞ്ച പരിപാലകനായ ശിവഭഗവാനുമൊത്ത് ലോകത്തെ ഊട്ടുന്നത് അന്നപൂർണ്ണേശ്വരിയാണ്. പാർവതി ദേവിയെ തന്നെയാണ് അന്നപൂർണ്ണേശ്വരി ആയും വാഴ്ത്തുന്നത്. വിശന്നു വലഞ്ഞു നിൽക്കുന്ന ഒരാൾക്ക് ആഹാരം നൽകുന്നതു പോലെ പുണ്യകർമ്മം മറ്റൊന്നുമില്ല. അതുകൊണ്ടാണ് അന്നദാനത്തെ മഹാദാനം എന്ന് വിശേഷിപ്പിക്കുന്നത്. ആഹാരം മാത്രമാണ് ഏതൊരാളും പൂർണ്ണമനസേടെ, പൂർണ്ണതൃപ്തിയോടെ മതി എന്ന് പറയുന്നത്. മറ്റൊന്നിനും ഇങ്ങനെ ഒരാളിലും പൂർണ്ണ തൃപ്തിയുള്ള മനസ് സൃഷ്ടിക്കാൻ പറ്റിയില്ല. ഇങ്ങനെ ഒരാളെ തൃപ്തിപ്പെടുത്തിയെങ്കിലേ അതിന്റെ ഫലം ദാനം ചെയ്യുന്നയാൾക്കു ലഭിക്കുകയുള്ളൂ. ആഹാരം പോലെ പ്രധാനമാണ് ഒരാൾക്കു വസ്ത്രം ദാനം ചെയ്യുന്നത്. മാനം മറയ്ക്കാനുള്ളതാണ് വസ്ത്രം. അതുകൊണ്ടാണ് അതിന് ആഹാരം പോലെ പ്രാധാന്യം വരുന്നത്. അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ എന്ന് ദൈവദശകത്തിൽ ശ്രീനാരായണ ഗുരുദേവൻ പാടിയത് അതിനാലാണ്. ദാനം ഏറ്റവും പുണ്യകരമായ പ്രവൃത്തിയാണ്. ഒരാൾക്ക് മോക്ഷപ്രാപ്തിക്ക് ഏറ്റവും ഉത്തമം നിറഞ്ഞ മനസോടെ നൽകുന്നത് ദാനമാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്; എന്തിന്റെ അഭാവം കൊണ്ടാണോ ഒരാൾ വലയുന്നത് അതാണ് അവർക്ക് ദാനമായി നൽക്കേണ്ടത്. അതുപോലെ പുണ്യസ്ഥലത്ത് വച്ച് ദാനം ചെയ്യണമെന്നതും പ്രധാനമാണ്.

പാർവ്വതി ദേവി അന്നപൂർണ്ണേശ്വരിയായി മാറിയ ഐതിഹ്യം പ്രസിദ്ധമാണ്. ആ കഥ ഇങ്ങനെ: ശിവൻ ഭഗവാനാണെങ്കിലും ഭിക്ഷ യാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ഭാര്യയെയും മക്കളെയും പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവൻ കൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേർന്ന് സൂത്രത്തിൽ തട്ടിയെടുത്ത് കഴിച്ചു. പാർവ്വതിക്കും മക്കൾക്കും അന്ന് പട്ടിണി കിടക്കേണ്ടി വന്നു. ഈ സമയത്ത് അവിടെ എത്തിയ കലഹപ്രിയനായ നാരദൻ ശിവനെ രഹസ്യമായി വിളിച്ചു പറഞ്ഞു: ഭർത്താവും കുഞ്ഞുങ്ങളും പട്ടിണി കിടക്കേണ്ടി വരുന്നത് ഭാര്യയുടെ കുഴപ്പം കൊണ്ടാണ്. അങ്ങയുടെ ഭാര്യയ്ക്ക് ഐശ്വര്യം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. ഈ ഏഷണി ശരിയാണെന്ന് തോന്നിയ ശിവൻ ആ നിമിഷം മുതൽ പാർവ്വതിയോട് മിണ്ടാതായി. ഇതേ സമയം നാരദൻ പാർവ്വതിയോട് ചെന്നു പറഞ്ഞു: ഒരു ജോലിയുമില്ലാതെ കറങ്ങി നടക്കുന്ന ഈ ഭർത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ? ഇത് കേട്ടതും ദേവിക്കും
പ്രശ്നമായി. പാർവതി മക്കളെയും കൂട്ടി പിതാവായ ഹിമവാന്റെ അടുത്തേക്ക് പുറപ്പെട്ടു. ചെറിയൊരു കലഹമുണ്ടാക്കി രസിക്കാൻ നോക്കിയ നാരദന് ഇത്രയുമായപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുയാണ് എന്ന് മനസിലായി. സംഗതി ഗൗരവം ആകുമെന്ന് കരുതിയ നാരദൻ പാർവ്വതിയെ വഴിയിൽ തടഞ്ഞിട്ട് പട്ടിണി ഉണ്ടാകാതിരിക്കാൻ ഒരു വഴി പറഞ്ഞു കൊടുത്തു. അതിരാവിലെ ശിവനെക്കാൾ മുൻപ് ഉണർന്ന് ശിവൻ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക. കിട്ടുന്നതെല്ലാം കൊണ്ട് സുഭിക്ഷമായി കഴിയാം. ഇതുപ്രകാരം പാർവ്വതി പിറ്റേന്ന് നാരദൻ പറഞ്ഞതു പോലെ ചെയ്തു. അന്ന് ഭിക്ഷാടനത്തിനു പോയ ശിവന് എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രവുമായി തിരിച്ചെത്തിയ ശിവന് പാർവ്വതി ആഹാരം കൊടുത്തു. മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവൻ പാർവ്വതിയെ ആലിംഗനം ചെയ്തു. അവരുടെ ശരീരം ഒന്നായി. അങ്ങനെ ശിവൻ അർദ്ധനാരീശ്വരൻ ആയി. അന്നുമുതൽ പാർവ്വതി അന്നപൂർണ്ണേശ്വരിയായി അറിയപ്പെട്ടു. അന്നപൂർണ്ണേശ്വരിയെ ഭജിക്കുന്നവർക്ക് അന്നവസ്ത്രദികൾക്ക് ഒരു മുട്ടുമുണ്ടാകില്ല. ദാരിദ്ര്യദുഃഖം അനുഭവിക്കേണ്ടി വരില്ല. മൂലമന്ത്രവും സ്തോത്രം മുഴുവനും എന്നും ജപിക്കുന്നതാണ് ഉത്തമം. അതിന് കഴിയുന്നില്ലെങ്കിൽ സ്തോത്രത്തിന്റെ അവസാന ഭാഗമായ ‘അന്നപൂര്‍ണ്ണേ സദാ പൂര്‍ണ്ണേ…..’ എന്ന ശ്ലോകം മാത്രമെങ്കിലും ദിവസവും ജപിക്കണം. പൗർണ്ണമി ദിനം ആണ് ഇത് ജപിക്കുന്നതിന് ഏറ്റവും ഉത്തമമായ ദിവസം.

ശ്രീ അന്നപൂര്‍ണ്ണേശ്വരീ മൂലമന്ത്രം
ഓം ഹ്രീം ശ്രീം നമോ ഭഗവതി മാഹേശ്വരി
അന്നപൂർണ്ണേ സ്വാഹാ

ശ്രീ അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം
നിത്യാനന്ദകരീ വരാഭയകരീ
സൗന്ദര്യരത്നാകരീ
നിര്‍ദ്ധൂതാഖില ഘോരപാപനികരീ
പ്രത്യക്ഷമാഹേശ്വരീ
പ്രാലേയാചലവംശ പാവനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

നാനാരത്നവിചിത്രഭൂഷണകരീ
ഹേമാംബരാഡംബരീ
മുക്താഹാരവിളംബമാനവിലസദ്
വക്ഷോജ കുംഭാന്തരീ
കാശ്മീരാഗരുവാസിതാരുചികരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

യോഗാനന്ദകരീ രിപുക്ഷയകരീ
ധര്‍മ്മാര്‍ത്ഥനിഷ്ഠാകരീ
ചന്ദ്രാര്‍ക്കാനല ഭാസമാനലഹരീ
ത്രൈലോക്യ രക്ഷാകരീ
സര്‍വ്വൈശ്വര്യ സമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

കൈലാസാചലകന്ദരാലയകരീ
ഗൗരീ ഉമാശങ്കരീ
കൗമാരീ നിഗമാര്‍ത്ഥഗോചരകരീ
ഓങ്കാരബീജാക്ഷരീ
മോക്ഷദ്വാരകവാടപാടനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ദൃശ്യാദൃശ്യ വിഭൂത വാഹനകരീ
ബ്രഹ്മാണ്ഡ ഭാണ്ഡോദരീ
ലീലാനാടകസൂത്ര ഭേദനകരീ
വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമനഃ പ്രസാദനകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ആദിക്ഷാന്ത സമസ്തവര്‍ണ്ണനകരീ ശംഭോസ്ത്രിഭാവാകരീ
കാശ്മീരാ ത്രിപുരേശ്വരീ ത്രിണയനീ
വിശ്വേശ്വരീ ശര്‍വ്വരീ
കാമാകാംക്ഷകരീ ജനോദയകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ഉര്‍വ്വീ സര്‍വ്വജനേശ്വരീ ജയകരീ
മാതാ കൃപാസാഗരീ
വേണീ നീലസമാനകുന്തളധരീ
നിത്യാന്നദാനേശ്വരീ
സാക്ഷാന്മോക്ഷകരീ സദാശുഭകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ദേവീ സര്‍വ്വവിചിത്ര രത്നഖചിതാ
ദാക്ഷായണീ സുന്ദരീ
വാമാസ്വാദുപയോധര പ്രിയങ്കരീ
സൗഭാഗ്യമാഹേശ്വരീ
ഭക്താഭീഷ്ടകരീ സദാശുഭകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ചന്ദ്രാര്‍ക്കാനലകോടികോടി സദൃശീ
ചന്ദ്രാംശു ബിംബാധരീ
ചന്ദ്രാര്‍ക്കാഗ്നി സമാനകുണ്ഡലധരീ
ചന്ദ്രാര്‍ക്ക വര്‍ണ്ണേശ്വരീ
മാലാപുസ്തക പാശസാങ്കുശധരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

ക്ഷത്രത്രാണകരീ മഹാഭയകരീ
മാതാ കൃപാസാഗരീ
സര്‍വ്വാനന്ദകരീ സദാശിവകരീ
വിശ്വേശ്വരീ ശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ
കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ
മാതാന്നപൂര്‍ണ്ണേശ്വരീ

അന്നപൂര്‍ണ്ണേ സദാ പൂര്‍ണ്ണേ
ശങ്കരപ്രാണവല്ലഭേ!
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം
ഭിക്ഷാംദേഹി ച പാര്‍വ്വതി!

മാതാ മേ പാര്‍വ്വതീ ദേവീ
പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച
സ്വദേശോ ഭുവനത്രയം

ഇതി ശ്രീ അന്നപൂര്‍ണ്ണേശ്വരീ സ്തോത്രം സമ്പൂര്‍ണ്ണം
( സമൃദ്ധമായി ആഹാരം തരുന്ന ദേവി, സുഖ ഭോഗങ്ങളിൽ വിരാജിക്കുന്ന ദേവി, പര്‍വതരാജന്റെ മകളേ, പൗർണ്ണമി നാളിൽ സകലരും വണങ്ങുന്ന ദേവി, മഹേശ്വരന്റെ പത്നീ, ഋഷഭവാഹനത്തിൽ സഞ്ചരിക്കുന്ന ദേവി, ദേവാദിദേവന്മാർക്ക് നേതൃത്വമേകുന്ന ദേവി, അമ്മേ അനുഗ്രഹിക്കണേ. – അവസാനത്തെ ശ്ലോകങ്ങളുടെ അർത്ഥം ഇതാണ്.)

ഗൗരി ലക്ഷ്മി
+91 90 74580 476

Story Summary : Annapoorneswari Worship for Removing Poverty


error: Content is protected !!