Monday, 23 Sep 2024
AstroG.in

അപരാ ഏകാദശിക്ക് വിഷ്ണു ഭഗവാനെ ത്രിവിക്രമനായി ഭജിച്ചാൽ ഇതാണ് ഫലം

ശിവ
വൈശാഖ മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയാണ് അപരാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കണം. (ബലിചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്ന ശേഷം മൂന്നാമത് അളക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ത്രിവിക്രമഭാവം). 2022 മേയ് 26, വ്യാഴാഴ്ചയാണ് അപരാ ഏകാദശി. അന്ന് വ്രതം അനുഷ്ഠിച്ചാൽ മഹാപാപങ്ങൾ പോലും അകലും എന്നാണ് വിശ്വാസം. പുണ്യ നദീ സ്നാന ഫലവും സിദ്ധിക്കുമത്രേ.

ഏകാദശി ഒരിക്കൽ
2022 മേയ് 25, ബുധനാഴ്ച
ഏകാദശി വ്രതം
2022 മേയ് 26, വ്യാഴാഴ്ച
ഹരിവാസര സമയം
2022 മേയ് 26, വ്യാഴാഴ്ച വെളുപ്പിന് 04:49 മുതൽ വൈകിട്ട് 05:08 വരെ
പാരണ സമയം
വ്രതം അവസാനിപ്പിക്കേണ്ട സമയം:
2022 മേയ് 27 വെള്ളിയാഴ്ച രാവിലെ
06:00 മണി മുതൽ 08:38 വരെ
ഏകാദശി തിഥി ആരംഭം
2022 മേയ് 25, ബുധനാഴ്ച രാവിലെ 10:32
ഏകാദശി തിഥി അവസാനം
2022 മേയ് 26, വ്യാഴാഴ്ച രാവിലെ 10:54

ഏകാദശിവ്രത ഫലം
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.

വ്രതാനുഷ്ഠാന രീതി
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. ദശമി നാളിൽ അരിയാഹാരം ഒരിക്കൽ മാത്രം എന്നാണ് വിധി. അതിനു പകരം ചിലർ അരിക്ക് പകരം ഗോതമ്പ് കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്; ഇത് പാടില്ല.

മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്കർഷത പറയുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. ആ ദിവസം രാത്രിയിൽ വെറും നിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണം. താംബൂലം, ലഹരി എന്നിവ പാടില്ല. മൗനവൃതം പാലിക്കുന്നത് നല്ലത്.

ഏകാദശിക്ക് പൂർണ ഉപവാസം
ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശി വ്രത കാലത്തിലെ പ്രധാന ഭാഗമാണ് ഹരിവാസരം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നും വിശ്വാസമുണ്ട്.

വിഷ്ണുസഹസ്രനാമം ജപം ഉത്തമം
ഏകാദശി ദിവസം എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. ആ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക.

ദ്വാദശി ദിവസത്തെ വ്രതം
ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് അഭികാമ്യം. കഴിയാത്തവർക്ക് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.

വ്യാഴം ദോഷകാഠിന്യം കുറയ്ക്കാം
ഏകാദശി വ്രത ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ‌ നേടാനും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടും കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ
ഏകാദശി വ്രതം ഉത്തമമാണ്. ഏകാദശി ദിവസം തുളസി നനയ്ക്കണം. തുളസിത്തറ പ്രദക്ഷിണം വച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

തുളസീമന്ത്രം
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം.

  • ശിവ

Story Summary: Apara Ekadeshi 2022: Date, Time, Significance and Benefits


error: Content is protected !!