അപേക്ഷിച്ചാൽ ഭദ്രകാളി രക്ഷിക്കും; ഈ 3 നക്ഷത്രജാതർ ഉപാസന മുടക്കരുത്
മൂന്ന് ലോകങ്ങളും കീഴടക്കി സകലരെയും ഉപദ്രവിച്ച ദാരികനെ നിഗ്രഹിക്കാൻ ശിവൻ്റെ തൃക്കണ്ണിൽ നിന്നും അവതരിച്ച ദേവിയാണ് ഭദ്രകാളി. പരദേവതയായും അല്ലാതെയും കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നത് ഭദ്രകാളിയെയാണ്. ശ്രീ പാർവതിയുടെ രൂപമായ കാളിയെ ശിവപ്രിയയായി കരുതിയാണ് ആരാധിക്കുന്നത്. ബ്രഹ്മാവിൽ നിന്നും വരം നേടിയ ദാരികൻ ഭുമിയും ആകാശവും പാതാളവും വിറകൊള്ളിച്ച് ഭരിച്ചു. വിഷ്ണുവിനും ശിവനും ബ്രഹ്മാവിനും ഇന്ദ്രനും യമനുമൊന്നും ദാരികനെ കീഴടക്കാനായില്ല. അവസാനം ശ്രീ പരമേശ്വരൻ അണ്ഡകടാഹത്തെ കിടുക്കിക്കൊണ്ട് ഭീകരവും രൗദ്രവുമായ ഭാവമുള്ള ഭദ്രകാളിയെ സൃഷ്ടിച്ച് ദാരികന് നേരെ അയച്ചു. ശിവപുത്രിയായ കാളി അനായാസം ദാരികനെ നിഗ്രഹിച്ചു.
പത്തു രൂപങ്ങളിൽ ആരാധിക്കപ്പെടുന്ന കാളീ മാതാവ് എല്ലാ ദു:ഖദുരിതങ്ങളും അകറ്റി മംഗളങ്ങളും സുഖവും നൽകുന്ന സർവേശ്വരിയാണ്. മഹാമാരികളും ശത്രുദോഷവും ബാധാദേഷവും അകറ്റുന്ന വാത്സല്യനിധിയായ ഭദ്രകാളി ആശ്രയിക്കുന്ന ആരെയും ഉപേക്ഷിക്കില്ല. അതിനാൽ രോഗക്ലേശങ്ങൾ വേട്ടയാടുന്ന ഈ സമയത്ത് ആരാധിക്കാൻ പറ്റിയ അത്യുഗ്രമൂർത്തിയാണ് ശ്രീഭദ്ര. ചൊവ്വാദോഷം അനുഭവിക്കുന്നവരും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുംമേടം രാശിക്കാരായ അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, വൃശ്ചികക്കൂറുകാരായ വിശാഖം അവസാന കാൽ, അനിഴം, കേട്ട നക്ഷത്രക്കാരും കണ്ടക ശനിദോഷം അനുഭവിക്കുന്നവരും ഭദ്രകാളിയെ ഭജിച്ചാൽ ദുരിതങ്ങൾ അകന്ന് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ഭദ്രകാളി ഭജനത്തിനും ഭദ്രകാളി ക്ഷേത്ര ദർശനത്തിനും ഏറ്റവും നല്ല ദിവസം ചൊവ്വാഴ്ചയാണ്. അമ്മയോട് എന്തും അപേക്ഷിക്കാം; ഒന്നും അജ്ഞാപിക്കരുത്. ഭദ്രകാളിയെ അരാധിക്കുന്നവർ എല്ലാവരോടും ആദരവോടെ പെരുമാറണം. മന: ശുദ്ധിയും ശരീര ശുദ്ധിയും ആവശ്യമാണ്.
ഭദ്രകാളിയുടെ ധ്യാനശ്ലോകവും മൂലമന്ത്രവും ഗുരുപദേശം നേടി നിത്യവും ജപിക്കുന്നത് നല്ലതാണ്.ഗുരുവിൽ നിന്നും മന്ത്രം നേടാൻ കഴിയാത്തവർആദിഗുരുവായ ദക്ഷിണാ മൂർത്തിയെ ഗുരുവായി സങ്കല്‍പ്പിച്ച് ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കണം. കാളീ മാതാവിൽ അകമഴിഞ്ഞ വിശ്വാസം നിര്‍ബന്ധമാണ്. സര്‍വ ഐശ്വര്യവും തൊഴിൽ ഭാഗ്യവും ധനവർദ്ധനവും രോഗക്ലേശ നാശവും ശത്രുനാശവുമാണ് ഉപാസന ഫലം.ഈ മന്ത്രത്തിൻ്റെ ‘ഈശ്വര: ഋഷി പങ്തി: ഛന്ദസ് , ശക്തിഭൈരവി ദേവത’ യാണ് . ധ്യാന ശ്ലോകത്തിന്റെ അർത്ഥം ഇങ്ങനെ : കാർ മേഘ നിറമുളള , ത്രിനയനങ്ങളുള്ള, വേതാളത്തിന്റെ കഴുത്തിൽ ഇരിക്കുന്ന, വാൾ , പരിച, തലയോട്ടി , ദാരിക ശിരസ് എന്നിവ ധരിച്ച , ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുകൾ, മാതൃക്കൾ എന്നിവയോടു കൂടിയ, മനുഷ്യ ശിരസുകൾ കോർത്ത മാല അണിഞ്ഞ വസൂരി തുടങ്ങിയ മഹാമാരികളെ നശിപ്പിക്കുന്ന സർവേശ്വരിയായ ഭദ്രകാളിയെ നമിക്കുന്നു.
ധ്യാനശ്ലോകം
ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാം
മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദി
വിപദാം സംഹാരിണീമീശ്വരീം
മൂലമന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ
പ്രാർത്ഥനാ മന്ത്രങ്ങൾ
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ
മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ
ജപരീതി
ആദ്യം ഋഷി, ഛന്ദസ്, ദേവത എന്നിവയും ധ്യാന ശ്ലോകവും ഒരുതവണ ജപിച്ചതിന് ശേഷം 108 തവണ മൂലമന്ത്രം ജപിക്കണം. അല്ലെങ്കില്‍ ഭദ്രകാളി ക്ഷേത്രനടയില്‍ നിന്ന് ധ്യാന ശ്ലോകം ഒരുതവണയും മൂലമന്ത്രം കഴിയുന്നത്ര തവണയും ചൊല്ലണം.
– വേണു മഹാദേവ് + 91 9847475559