അഭയംതേടിയാൽ രക്ഷിക്കുന്ന വള്ളിയങ്കാവ് ദേവിക്ക് വീണ്ടും വലിയ ഗുരുതി
അനുഗ്രഹത്തിന്റെ പരമോന്നത മൂർത്തീ സ്ഥാനമായ വള്ളിയങ്കാവ് ദേവീക്ഷേതത്തിൽ കഴിഞ്ഞ ദിവസം വീണ്ടും വലിയ ഗുരുതി പുജ തുടങ്ങി. മകരമാസത്തിൽ ശബരിമല മാളികപ്പുറം ഗുരുതി പൂജ കഴിഞ്ഞു വരുന്ന ആദ്യ ചൊവ്വാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ചയാണ് മണ്ഡല – മകരവിളക്കിന് ശബരിമല നട തുറക്കുമ്പോൾ നിറുത്തി വയ്ക്കുന്ന വലിയ ഗുരുതി വീണ്ടും ആരംഭിക്കുന്നത്.ഇത്തവണ ആദ്യം ചൊവ്വാഴ്ച വന്നതുകൊണ്ടാണ് വലിയഗുരുതി കഴിഞ്ഞ ദിവസം തുടങ്ങിയത്.
ഐതിഹ്യപ്പെരുമയാർന്ന,
ദ്വാപരയുഗത്തോളം പഴക്കമുള്ള ഈ ക്ഷേത്രം മലനാട്ടിലെ സുപ്രധാന ദുർഗ്ഗാലയങ്ങളിൽ ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലുള്ള ഈ പുണ്യഭൂമിയുടെ ഐതിഹ്യം പാണ്ഡവരുടെ വനവാസ കാലത്ത് തുടങ്ങുന്നു. സമ്പത്തും കിരീടവും ഉപേക്ഷിച്ച് അജ്ഞാതവാസത്തിന് ഇറങ്ങിയ പാണ്ഡവർ ഇപ്പോഴത്തെ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. അവിടെ നിന്നും ദുർഗ്ഗ ഭഗവതി വളളിയിലാടി വന്ന സ്ഥലത്താണ് വള്ളിയങ്കാവ് ക്ഷേത്രം. മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ഈ ദുർഗ്ഗാലയം.
ആദിവാസികൾ ചെയ്തസഹായങ്ങൾക്ക് നന്ദിസൂചകമായി
അവിടെ നിന്ന് പോകുമ്പോൾ പാണ്ഡവർ അവർ ആരാധിച്ചിരുന്ന ദുർഗാ വിഗ്രഹം ആദിവാസി മൂപ്പന് നൽകി. സ്വാതിക പൂജാവിധികൾ അറിയാത്ത ആദിവാസികൾ ബലിയും മദ്യവും ഗുരുതിയും മറ്റു മായി കൗള മാർഗ്ഗത്തിൽ ദുർഗ്ഗയെ ആരാധിച്ചു; അങ്ങനെ രൗദ്രഭാവം ശക്തമായി ദേവി ഭദ്രയായി. ദേവിയിൽ നിഗ്രഹ ഭാവവും ആസുരതയും തീക്ഷ്ണമായപ്പോൾ അനർത്ഥങ്ങൾ മൂലം പഞ്ചാലിമേട്ടിൽ ആദിവാസികൾക്ക് താമസിക്കാൻ കഴിയാതെയായി. അവർ അവിടം വിട്ട് ദേവി ഇപ്പോൾ കുടി കൊള്ളുന്ന സ്ഥലത്ത് താമസമാക്കി. അപ്പോൾ ദേവി അവിടേക്ക് വളളിയിലാടി വന്ന് കുടികൊണ്ടു എന്ന് ഐതിഹ്യം. അങ്ങനെ ആ സ്ഥലം വള്ളിയാടിക്കാവും പറഞ്ഞു പഴകി വള്ളിയങ്കാവുമായി. ദേവി ആടി വന്ന വളളി ഭീകരമായ വളളിക്കെട്ടായി മാറി. വള്ളിക്കെട്ടിലെ അഞ്ചുമൂര്‍ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യം ശരിവയ്ക്കുന്നു.
ഈ ക്ഷേത്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെ, ഉയരെയാണ് പാഞ്ചാലിയോടൊപ്പം പാണ്ഡവര്‍ തങ്ങിയ പാഞ്ചാലിമേട്. അവിടെ ഒരു ഭാഗത്ത് ഭീമന്‍ ചവിട്ടിയപാട് ഒരു കുളമായി രൂപാന്തരപ്പെട്ടുവത്രേ. ആ കുളം ഇന്നുമുണ്ട്.ആക്രമണോത്സുകയായ ഒരു ആനയെ പാഞ്ചാലി ശപിച്ച് പാറയാക്കി എന്ന കഥയും പ്രചാരത്തിലുണ്ട്. അതാണ് ക്ഷേത്രത്തിന് എതിരെയുള്ള മലമുകളിലെ ആനക്കല്ല്. പാണ്ഡവര്‍ അടുപ്പുകൂട്ടിയ മൂന്ന് അടുപ്പുകല്ലുകള്‍ ഇപ്പോഴും ചരിത്രസ്‌മാരകമായുണ്ട്.
ഈ സ്ഥലത്ത് ദുർഗ്ഗയെ പൂജിക്കാനുളള അധികാരം ആദിവാസി മൂപ്പന് നൽകിയത് ഭരണകര്‍ത്താവായ വഞ്ചിപ്പുഴത്തമ്പുരാനാണ്. വനവിഭവങ്ങള്‍ നേദിച്ചും ആട്, കോഴി എന്നിവയെ ബലിനല്‍കിയുമാണ് വനവാസികൾ ദുർഗ്ഗയെ പൂജിച്ചത്. പിന്നീട് കാര്യസാദ്ധ്യത്തിനും യക്ഷിപ്രീതിക്കും ഭദ്രായെക്കൂടി പൂജിച്ചു. ശക്തി പൂജയിലൂടെയും ആസുരകര്‍മ്മങ്ങളിലൂടെയും ഭദ്രയ്‌ക്ക് ചൈതന്യം വര്‍ദ്ധിച്ചതോടെ വള്ളിയങ്കാവ് ദേവിയുടെ അത്ഭുതശക്തികളും മഹത്വവും കേട്ട് ഭക്തർ ഇവിടേക്ക് ഒഴുകി. ദേവി വെളിച്ചപ്പാടിന്റെ ദേഹത്തു പ്രവേശിച്ച് ഫലപ്രവചിക്കുകയും പരിഹാരങ്ങള്‍ നിർദ്ദേശിക്കുകയും ചെയ്ത് തുടങ്ങിയതോടെ പ്രശസ്തി കൂടുതൽ വ്യാപിച്ചു. വള്ളിയങ്കാവ് ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാന്‍ മൂര്‍ത്തിയെക്കൂടി ഇവിടെ ആരാധിക്കുന്നു. തേന്‍, കിഴങ്ങുകള്‍ കൂടാതെ പുകയില, കള്ള് തുടങ്ങിയ ലഹരികളും ഈ മൂര്‍ത്തിക്ക് നിവേദ്യമായി നല്‍കാറുണ്ട്. വഞ്ചിപ്പുഴ സ്വരൂപത്തിലെ തമ്പുരാക്കന്മാരുടെ ദേവാലയങ്ങൾ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വിട്ടുകൊടുത്തപ്പോൾ മലയരയരുടെ ആചാരാനുഷ്‌ഠാനങ്ങളും പ്രാകൃതപൂജകളും നിലനിന്ന ഈ ക്ഷേത്രം ആദിവാസികളുടെ എതിര്‍പ്പ് കാരണം ദേവസ്വംബോര്‍ഡ് ഏറ്റെടുത്തില്ല. എന്നാല്‍ ക്ഷേത്രത്തില്‍ നടന്നുവന്ന മൃഗബലി തുടങ്ങിയ ദുഷ്‌കര്‍മ്മങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തു. വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന്‍ കണ്ടന്‍കോന്തിയുടെ കാലത്തോളും ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന് കൈവശംവച്ച് അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തുകൊള്ളാനും കോടതി വിധിയുണ്ടായി.അരയമൂപ്പന്‍ കണ്ടന്‍ കോന്തിയുടെ വിയോഗശേഷം 1993-ല്‍ ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തു. തുടര്‍ന്ന് ജ്യോതിഷപണ്ഡിതന്‍ മണകുന്നം എം.ആര്‍. രമണന്റെ നേതൃത്വത്തില്‍ അഷ്‌ടമംഗല ദേവപ്രശ്‌നം നടത്തി. പ്രശ്‌നചിന്തയില്‍ തെളിഞ്ഞപ്രകാരം വനദുര്‍ഗ്ഗാദേവി സങ്കല്‍പ്പത്തിലുള്ള പരാശക്‌തിയെ അഥര്‍വവേദ വിധിപ്രകാരമുള്ള പൂജകള്‍ നല്‍കി ആചരിക്കുന്നു. ശാക്തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കുന്നതിനാല്‍ ഭദ്രകാളി ചൈതന്യത്തിന് പ്രാധാന്യമേറിയെന്നും അത് പരാശക്തിയായ ദുര്‍ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. അങ്ങനെ തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള്‍ നിര്‍മ്മിച്ച് ഭദ്രകാളി, ദുര്‍ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള പ്രതിഷ്‌ഠകൾ നടത്തി. മൃഗബലി-നരബലി മുതലായവ നിരോധിച്ചു. ഗണപതി, ശ്രീഭുവനേശ്വരി, ചെറുവള്ളി ഭഗവതി, ശിവന്‍, കാലയക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവകളെയും പ്രതിഷ്ഠിച്ചു. 2001 ജൂലൈ എട്ടിന് തന്ത്രി താഴമണ്‍മഠം കണ്‌ഠര് മഹേശ്വരരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പ്രതിഷ്‌ഠ നടന്നത്.പിന്നീട്‌ദിവസേന ഭദ്രയ്‌ക്കും ദുര്‍ഗ്ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും എന്നും അത്താഴപൂജയ്ക്കു ശേഷം ഗുരുതിയും നടത്തുന്നു. ഇങ്ങനെ ഗുരുതി നടത്തുന്ന അപൂർവ്വ ക്ഷേത്രമാണിത്.
വലിയ ഗുരുതി, ചെംഗുരുതി, കരിംഗുരുതി, നടഗുരുതി, രക്തപുഷ്പാഞ്ജലി (ത്രിമധുരം),
ശത്രുസംഹാര പുഷ്പാഞ്ജലി (ത്രിമധുരം), കോഴി പറപ്പിക്കൽ തുടങ്ങിയ വഴിപാടുകൾ ഇവിടെ ആഗ്രഹലബ്ധിക്കായി ഭക്തർ സമർപ്പിക്കാറുണ്ട്. ഇവിടെ എത്തി മനമുരുകി പ്രാർത്ഥിച്ചാൽ, അഭയം തേടിയാൽ എല്ലാം ദേവി നോക്കികൊള്ളും എന്നാണ് അനുഭവസ്ഥർ പറയുന്നത്. സമയദോഷം, ശത്രുദോഷം, ദുരിതം,അപസ്മാരം,ബാധാപദ്രവം,മാറാവ്യാധികൾ,സർവ്വ ദുരിതങ്ങളും ഇവിടെ വന്നു കണ്ട് പ്രാർഥിച്ചാൽ മാറുന്നു.
ശബരിമല ശ്രീധര്‍മ്മശാസ്‌താക്ഷേത്രം വൃശ്‌ചികവ്രതത്തിന് നടതുറന്നുകഴിഞ്ഞാല്‍ ഇവിടെ ഗുരുതി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുതി കഴിഞ്ഞതിന് ശേഷമേ പിന്നീട് ഇവിടെ ഗുരുതി ആരംഭിക്കുകയുള്ളൂ. വലിയ ഗുരുതി ദര്‍ശിക്കുകയും അതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നവര്‍ക്ക് കാര്യസാധ്യവും ഐശ്വര്യവും ലഭിക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു. രാവിലെ എല്ലാവിധ പഴവര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലര്‍നിവേദ്യവും അതോടൊപ്പം ആദ്യ നിവേദ്യമായി ഗുരുതി നിവേദ്യവും, കരിങ്കുറ്റിയാന്‍ മൂര്‍ത്തിക്കു വെള്ളംകുടി വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തില്‍നിന്ന് മറ്റൊരു മലയുടെ ഉന്നതിയിലേക്ക് ദര്‍ശനമരുളിക്കൊണ്ടാണ് പ്രധാന പ്രതിഷ്‌ഠകള്‍ നിലകൊള്ളുന്നത്. മീനമാസത്തിലെ ഭരണിനാളാണ് ഉത്സവവും പൊങ്കാലയും.
ദിവസേന എട്ട് പൂജകളുണ്ട്.രാവിലെ 5.00ന് പളളിയുണർത്തൽ, 5.30ന് നടതുറക്കൽ, 7.30ന് ഉഷപൂജ, 11.30ന് ഉച്ചപൂജ.വെെകിട്ട് 5.00ന് നടതുറക്കൽ, 6.30ന് ദീപാരാധന, അത്താഴ പൂജ 7.45ന് നടയടക്കൽ 8.00ന്. ഗുരുതി 8.15ന്. കടുംപായസം, പാൽപായസം, വറപൊടി, വെള്ള നിവേദ്യം , ത്രിമധുരം തുടങ്ങിയവയാണ് പ്രധാന നിവേദ്യങ്ങൾ. ജൂലൈ 8നാണ് പ്രതിഷ്ഠാദിനം. ചിങ്ങമാസത്തിലെ വിനായക ചതുർഥി, ദുർഗ്ഗാഷ്ടമി, എല്ലാ ആദ്യ ചൊവ്വ, വെള്ളി തുടങ്ങിയവയാണ് മറ്റ് വിശേഷദിവസങ്ങൾ. എല്ലാ അവസാന വെള്ളിയാഴ്ചകളിലും ഐശ്വര്യ പൂജയും മാസത്തിലെ ആദ്യ, വെളളി ചൊവ്വ ദിവസങ്ങളിൽ നാരങ്ങാവിളക്കും നടത്തി വരുന്നു.
കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നിവിടങ്ങളിൽ നിന്ന് മുണ്ടക്കയത്തിന് അടുത്ത് മുപ്പത്തിയഞ്ചാം മെെലിൽ വന്നിട്ട് നാല് കിലോമീറ്റർ കുമളി വഴിയിൽ സഞ്ചരിച്ചാൽ വലത് ഭാഗത്തേയ്ക്ക് റബ്ബർ എസ്റ്റേറ്റിന് നടുവിലൂടെയുള്ള പാത വഴി ക്ഷേത്രത്തിൽ എത്താം. ധാരാളം ബസ് സർവീസുകൾ ഇവിടേക്കുണ്ട്. ഓട്ടോ, ജീപ്പ്, ടാക്സി എന്നിവയും ലഭിക്കും. അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരിയും കോട്ടയവുമാണ്. അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരി ആണ്.
വള്ളിയങ്കാവ് ദേവിയുടെ മന്ത്രങ്ങൾ: ഓം ഐം ക്ലീം സൗ ഹ്രീം ഭദ്രകാള്യൈനമ: ഓം ഹ്രീം ദും ദുർഗ്ഗായൈ നമ:
– സരസ്വതി ജെ. കുറുപ്പ്+91 90745 80476