അഭിവൃദ്ധിയും, ദീർഘായുസ്സും ഐശ്വര്യവുംതരും നിർജ്ജല ഏകാദശി ചൊവ്വാഴ്ച
മംഗളഗൗരി
അതി കഠിനവും തികച്ചും പവിത്രവുമായ ഒരു ഏകാദശിയാണ് ജ്യേഷ്ഠമാസം വെളുത്തപക്ഷത്തിൽ വരുന്ന നിർജല ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശികളും നോറ്റ പുണ്യം സമ്മാനിക്കുന്ന ഒന്നാണ് ഇത്. ജലപാനം പോലും ഒഴിവാക്കി പൂർണ്ണമായും ഉപവാസത്തോടെ അനുഷ്ഠിക്കണം. ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ നിർജല ഏകാദശി 2024 ജൂൺ 18 ചൊവ്വാഴ്ചയാണ്.
ഐശ്വര്യം, അഭിവൃദ്ധി, ദീർഘായുസ്, പാപമോചനം എന്നിവ സമ്മാനിക്കുന്ന ഈ ഏകാദശിക്ക് പിന്നിൽ പാണ്ഡവരുമായി ബന്ധപ്പെട്ട ഐതിഹ്യമുണ്ട്: ഭീമൻ ഒഴികെ പാണ്ഡവരെല്ലാം ഏകാദശി എടുക്കുമായിരുന്നു. ഉപവാസമാണ് ഈ വ്രതത്തിൽ പ്രധാനം. എന്നാൽ വിശപ്പു ഒട്ടും സഹിക്കാൻ കഴിയാത്തതിനാൽ ഭീമന് ഒരിക്കലും ഈ വ്രത്രം നോൽക്കാൻ കഴിഞ്ഞില്ല. ഒരു അവസരത്തിൽ ഏകാദശിവ്രത മാഹാത്മ്യം പിതാമഹൻ വ്യാസൻ ജ്യേഷ്ഠൻ യുധിഷ്ഠിരന് വിവരിക്കുന്നത് ഭീമൻ കേട്ടു: മനുഷ്യധർമ്മങ്ങളും വേദധർമ്മങ്ങളും അനുഷ്ഠിക്കാൻ പ്രയാസമാണ്. പക്ഷേ അല്പധനം കൊണ്ടും അല്പക്ലേശം കൊണ്ടും അനുഷ്ഠിക്കാവുന്ന ഫലം ഏറിയതാണ് ഏകാദശിവ്രതം. പൂർണ്ണമായും ഉപേക്ഷിക്കണം എന്നതാണ് ഈ വ്രതത്തിന്റെ പ്രധാന നിഷ്ഠ എന്നെല്ലാം വ്യാസൻ പറഞ്ഞപ്പോൾ ഭീമസേനൻ സങ്കടം പറഞ്ഞു: എനിക്ക് മാത്രം ഈ വ്രതമെടുക്കാൻ സാധിക്കുന്നില്ല. എത്ര വേണോ വിഷ്ണു പൂജ ചെയ്യാം; ദാനവും നടത്താം. പക്ഷേ ആഹാരം ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. ഒരിക്കൽ എടുക്കാൻ പോലും ഉദരത്തിലെ വൃകൻ എന്ന അഗ്നി അനുവദിക്കില്ല. എത്ര ഭക്ഷിച്ചാലും അത് പെട്ടെന്ന് ദഹിപ്പിച്ചു കളയുന്നു. അതുകൊണ്ട് ഒരു ഉപവാസം മാത്രം അനുഷ്ഠിക്കാൻ വഴി പറഞ്ഞു തരണം.
അങ്ങനെ വ്യാസൻ ഭീമന് നിർദ്ദേശിച്ചതാണ് നിർജല ഏകാദശി അനുഷ്ഠാനം. എല്ലാ ജ്യേഷ്ഠമാസത്തിലെയും വെളുത്തപക്ഷ ഏകാദശി ഉദയം മുതൽ അടുത്ത ഉദയം വരെ ആഹാരം വർജ്ജിച്ച് വ്രതം അനുഷ്ഠിച്ചാൽ എല്ലാ ഏകാദശിയും നോറ്റഫലം കിട്ടും. ഇന്ദ്രിയ നിഗ്രഹത്തോടെ, ശ്രദ്ധയോടെ, ദാനധർമ്മാദികൾ നടത്തി വിഷ്ണുപൂജ ചെയ്യണം. ഭഗവാൻ വിഷ്ണു തന്നെ ഇത് തന്നോട് അരുളിച്ചെയ്തതാണെന്നും വ്യാസൻ വെളിപ്പെടുത്തി. അങ്ങനെ പാണ്ഡവരെല്ലാം അനുഷ്ഠിച്ചതായതിനാൽ ഇതിന് പാണ്ഡെവ ഏകാദശി എന്നും പേരുണ്ട്.
സ്ത്രീപുരുഷ ഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി. ഇഹലോകത്ത് സുഖവും പരലോകത്ത് മോക്ഷവുമാണ് ഈ വ്രതഫലം. ഏകാഗ്രതയോടെ വ്രതം നോറ്റാലേ പൂര്‍ണ ഫലം ലഭിക്കൂ. ജാതകവശാല്‍ വ്യാഴം ദുസ്ഥിതിയിൽ ഉള്ളവരും ദുരിത ദു:ഖങ്ങൾ നേരിടുന്നവരും ഏകാദശി വ്രതമെടുക്കണം.
ദശമി, ഏകാദശി, ദ്വാദശി തിഥികള്‍ വരുന്ന മൂന്ന് ദിവസമാണ് വ്രതാനുഷ്ഠാനം വേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഏകാദശി ദിവസം പൂര്‍ണമായ ഉപവാസം ഇതാണ് വ്രതവിധി. ഇതിന് കഴിയാത്തവര്‍ പാൽ, പഴങ്ങൾ കഴിച്ച് വ്രതമെടുക്കണം. പകല്‍ ഉറങ്ങരുത്. ദുഷ്ട ചിന്തകള്‍ക്കൊന്നും മനസിൽ ഇടമുണ്ടാകരുത്. രാവിലെ കുളിച്ച ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും മൂലമന്ത്രമായ അഷ്ടാക്ഷരി മന്ത്രവും ദ്വാദശാക്ഷരി മന്ത്രവും വിഷ്ണുഗായത്രിയും ജപിക്കുകയും പറ്റുമെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ പോയി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ട് അർച്ചന കഴിപ്പിക്കുകയും വേണം. ഇത് സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ചെയ്താൽ മതി. ഇതിനു പുറമെ എന്നും പ്രാർത്ഥനാവേളയിൽ വിഷ്ണു ഗായത്രി 9 തവണ ജപിച്ചാല്‍ ഐശ്വര്യവും സാമ്പത്തിക സമൃദ്ധിയും കുടുംബ സൗഖ്യവും ഉണ്ടാകും.
അന്ന് തുളസിത്തറ നനയ്ക്കുന്നതും തുളസിക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും ഭാഗവതം, നാരായണീയം, ഭഗവത് ഗീത തുടങ്ങിയവ പാരായണം ചെയ്യുന്നതും നല്ലതാണ്. സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമം. ഹരിവാസര സമയമാണ് വിഷ്ണു നാമജപത്തിനു നല്ലത്. ജൂണ്‍ 17 രാത്രി 12 മണി മുതൽ 18 ന് പകൽ 1 മണി 1 മിനിട്ട് വരെയാണ് ഹരിവാസരം. അടുത്ത ദിനം രാവിലെ മലരും തുളസിയിലയുമിട്ട ജലം സേവിച്ച് പാരണവിടുക.
അഷ്ടാക്ഷരി മന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
വിഷ്ണുഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
Story Summary: Significance and Benefits of Nirjala Ekadeshi on June 18, 2024
Copyright 2024 Neramonline.com. All rights reserved