അഭീഷ്ടത്തിന് പൂമൂടൽ, പ്രയാസം മാറാൻ മുട്ടറുക്കൽ
അശോകൻ ഇറവങ്കര
അസാദ്ധ്യമെന്ന് തോന്നുന്ന അഭീഷ്ടങ്ങൾ അനായാസേന ദേവീകൃപകൊണ്ട് സാധിക്കുവാൻ നൂറ്റാണ്ടുകളായി ഭക്തർ നടത്തുന്ന വഴിപാടാണ് കാടാമ്പുഴയിലെ പൂമൂടൽ. മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്താണ് കാടാമ്പുഴ ദേവീക്ഷേത്രം. കിരാതിയുടെ രൂപത്തിലുള്ള ശ്രീപാർവതിയാണ് പ്രതിഷ്ഠ. വനവാസകാലത്ത് അർജ്ജുനൻ ശിവനെ തപസ് ചെയ്യുകയും, കാട്ടാളനും, കാട്ടാളത്തിയുമായി ശിവനും പാർവ്വതിയും പ്രത്യക്ഷപ്പെടുകയും, ആളറിയാതെ അർജ്ജുനൻ കാട്ടാളനുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു എന്ന് ഐതിഹ്യം. ദേവി തന്റെ ശക്തിയാൽ അർജ്ജുനൻ എയ്ത അമ്പുകൾ പൂക്കളായി ഭഗവാന്റെ കാൽക്കൽ പതിപ്പിച്ചു. കാലങ്ങൾക്ക് ശേഷം ഘോരവനമായിരുന്ന ആ പ്രദേശത്തുകൂടി വന്ന ശ്രീശങ്കരാചാര്യസ്വാമികൾ അവിടെ ഒരു ഉജ്വലതേജസ് കാണുകയും അത് ഒരു കുഴിയിലേക്ക് മറയുന്നത് ശ്രദ്ധിക്കുകയും ചെയ്തു. അത് പാർവ്വതീദേവിയുടെ കിരാതീഭാവത്തിലുള്ള തേജസ് ആണെന്നു മനസിലാക്കിയ അദ്ദേഹം അതിനെ മറഞ്ഞ സ്ഥലത്തു പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. നാട്ടുകാരെയും, അധികാരികളെയും വിളിച്ചുകൂട്ടിയ അദ്ദേഹം തേജസ് മറഞ്ഞ കുഴി തൂശനില കൊണ്ട് അടച്ച് സമൃദ്ധമായി തെച്ചിപ്പൂവുകൊണ്ട് പുഷ്പാഞ്ജലി നടത്തി. മണിക്കൂറുകൾ നീണ്ട പുഷ്പാഞ്ജലിയിൽ ആ പ്രദേശമാകെ പൂവുകൊണ്ട് മൂടി. വൃശ്ചികമാസത്തിലെ കാർത്തികയായിരുന്നു അന്ന്. അന്നുമുതൽ പൂമൂടൽ വിശേഷ വഴിപാടായി ഇവിടെ നടത്തിവരുന്നു. നാലുപറ തെച്ചിപ്പൂവ്, ഒരു പറ അരിയുടെ നിവേദ്യം, ഇടങ്ങഴി പാൽപ്പായസം എന്നിവയാണ് പൂമൂടൽ വഴിപാടിനായി വേണ്ടത്. ഒപ്പം അന്നദാനവും നടത്തുന്നു. വർഷങ്ങൾ നീണ്ട ബുക്കിംഗ് ആണ് വഴിപാടിന് ഇപ്പോൾ ഉള്ളത്.
കാടാമ്പുഴയിൽ നടത്തുന്ന മറ്റൊരു വഴിപാടാണ് മുട്ടറുക്കൽ. നാടൻ ഭാഷയിൽ കൂടോത്രത്തിന് പരിഹാരമായി ചെയ്യുന്ന വഴിപാട് എന്നു പറയാം. അകാരണമായി ഉണ്ടാകുന്ന പ്രയാസങ്ങൾ മാറാൻ ഈ വഴിപാട് നടത്തുന്നു. ഒരു നാളികേരം പ്രാർത്ഥനയോടെ ശ്രീകോവിലിന്റെ ഉള്ളിൽ ഉള്ള കല്ലിൽ മുട്ടി പൊട്ടിക്കുന്നതാണ് മുട്ടറുക്കൽ. ഭക്തൻ കൊടുക്കുന്ന നാളികേരം കൊണ്ട് ശാന്തിക്കാരൻ ഇത് നടത്തുന്നു. പൊട്ടിയതിന്റെ രീതി നോക്കി ഫലവും പറയുന്നു. ഒരു നാളികേരം ശാന്തിക്കാരന് ദക്ഷിണ, നടയിൽ വയ്ക്കാൻ കഴിവിനൊത്ത തുക, എന്നിവയാണ് ഈ വഴിപാടിന് വേണ്ടത്.
Story Summary: Poomudal and Muttarukkal: Special offerings of Kadampuzha Devi Temple