Saturday, 23 Nov 2024
AstroG.in

അഭീഷ്ടസിദ്ധിക്കും കാർഷികാഭിവൃദ്ധിക്കും ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല

ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല വച്ച് കേരളം ഓണത്തെ വരവേറ്റു. തിരുവോണത്തലേന്ന് ഭക്തർ  കണ്ണന് സ്വർണ്ണം പോൽ തിളങ്ങുന്ന വാഴക്കുലകൾ സമർപ്പിച്ച് സായൂജ്യം നേടുന്ന വിശേഷ വഴിപാടാണിത്. 

ഉത്രാടപ്പുലരിയിൽ ശീവേലിക്കു ശേഷം ചടങ്ങുകൾതുടങ്ങി. സ്വർണ്ണക്കൊടിമരത്തിന്റെ ചുവട്ടിലായിരുന്നു ചടങ്ങ്. അരിമാവ് കൊണ്ടലങ്കരിച്ച നാക്കിലകൾ വച്ച് അതിനു മുകളിൽ ക്ഷേത്രം മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി പട്ടുകെട്ടിയ ആദ്യ കാഴ്ചക്കുല ഭഗവാന് സമർപ്പിച്ചു. തുടർന്ന് കീഴ്ശാന്തിമാരും ദേവസ്വം ഭാരവാഹികളും ഭക്തരും കാഴ്ചക്കുലകൾ സമർപ്പിച്ചു. സ്വർണ്ണക്കൊടിമരത്തിന് മുന്നിൽ സ്വർണ്ണവർണ്ണത്തിലുള്ള ലക്ഷണമൊത്ത നേന്ത്രക്കുലകളാണ് കാഴ്ചക്കുലയായി മേൽശാന്തിസമർപ്പിച്ചത്. ഭഗവാന് ഉത്രാടം കാഴ്ചക്കുല വയ്പ്പ് നടത്തിയാൽ അഭീഷ്ടസിദ്ധിയും കാർഷികാഭിവൃദ്ധിയും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

സ്ഥലമാഹാത്മ്യം, ബിംബമാഹാത്മ്യം, പ്രതിഷ്ഠാമാഹാത്മ്യം എന്നിവ നിറഞ്ഞ ക്ഷേത്രമാണ് ഗുരുവായൂർ. ഭൂലോകവൈകുണ്ഠമായ ഈ ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങളിൽ ഒന്നാണ് ചിങ്ങത്തിലെ ഉത്രാടനാളിലെ കാഴ്ചക്കുല വയ്പ്. കോവിഡ് നിയന്ത്രണം പാലിച്ചാണ്  ഉത്രാട കാഴ്ചക്കുല സമർപ്പണം  രാവിലെ 7ന് ശേഷം നടന്നത്.  ഭക്തർക്ക് അകത്തു കടന്ന് സമർപ്പണം നടത്താൻ കിഴക്കേ ഗോപുരത്തിലൂടെ പ്രത്യേക സംവിധാനം ഉണ്ടായിരുന്നു. പഴക്കുലകളുമായി വരിയിൽ നിന്ന ഭക്തർ കാഴ്ചക്കുല സമർപ്പിച്ച് കണ്ണനെ വണങ്ങി .

ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാനായി ക്ഷേത്രത്തിന് സമീപമുള്ള കച്ചവടക്കാർ മനോഹരമായ കാഴ്ചക്കുലകൾ സംഭരിച്ചിരുന്നു . ആയിരത്തി അഞ്ഞൂറ് മുതൽ 2000 രൂപ മോഹവിലയുള്ള കാഴ്ചക്കുലകളാണ് കൊണ്ട് വന്നത്. അതിൽ ഏറ്റവും വലിയ കുല മേൽശാന്തിക്കായി സമർപ്പിച്ചു. ക്ഷേത്രത്തിൽ ലഭിച്ച കാഴ്ചക്കുലകളിൽ തിരുവോണത്തിന് പഴപായസം ഉണ്ടാക്കാൻ ആവശ്യമുള്ളത് മാറ്റിവച്ചു. ബാക്കി വന്നതിൽ ഒരു ഭാഗം ആനകൾക്ക് ഉത്രാട ദിവസവും തിരുവോണ ദിവസവും തീറ്റക്കായി നൽകി. ശേഷിച്ച കുലകൾ വൈകിട്ട് ഭക്തർക്ക് ലേലം ചെയ്ത് വിറ്റു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആനകളെ ഇത്തവണ ക്ഷേത്രത്തിലേക്ക് എത്തിച്ചില്ല. ആനകൾക്കുള്ള പഴം ആനക്കോട്ടയിലേക്ക് കൊടുത്തു വിട്ടു.

ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ
കൃഷ്ണാ ഗുരുവായൂരപ്പാ

Story Summary: Guruvayur temple uthrada kazhchakula offering 2014

error: Content is protected !!