Saturday, 23 Nov 2024
AstroG.in

അഭീഷ്ടസിദ്ധിക്ക് വ്രതം എന്തിന്, പ്രാർത്ഥന മാത്രം പോരെ ?

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഊണും ഉറക്കവും ഉപേക്ഷിച്ച്, ശരീരത്തെ ക്ലേശിപ്പിച്ച് വ്രതങ്ങൾ അനുഷ്ഠിക്കുന്നത് എന്തിനാണ് ? പ്രാർത്ഥന കൊണ്ട് മാത്രം ആഗ്രഹിക്കുന്ന ഫലസിദ്ധി ലഭിക്കാത്തത് കൊണ്ടാണോ കഠിനമായ രീതിയിൽ നാം വ്രതം നോക്കുന്നത്?

മിക്കയാളുകളുടെയും സംശയമാണിത്; ചിലർ തുറന്ന് ചോദിക്കും. മറ്റുള്ളവർ മനസിൽ കൊണ്ടു നടക്കും. പ്രാർത്ഥനകൊണ്ട് മാത്രം പൂർണ്ണമായ ഫലസിദ്ധി ലഭിക്കും എന്ന് തന്നെയാണ് ആചാര്യന്മാർ ഈ ചോദ്യത്തിന് നൽകുന്ന മറുപടി. ” എന്നാൽ വ്രതങ്ങളും ഈശ്വരപ്രീതി നേടാനുള്ള മറ്റൊരു പ്രധാന മാർഗ്ഗമാണ്. പല നദിയിലൂടെ ഒഴുകുന്ന ജലം ഒടുവിൽ കടലിൽ എത്തിച്ചേരും പോലെ ധ്യാനം, ജപം, നമസ്‌കാരം, ക്ഷേത്രദർശനം, ദാനധർമ്മം, വ്രതങ്ങൾ ഇവയെല്ലാം ഈശ്വരനിലേക്ക് എത്താനുള്ള വഴികളാണ് “.

തമോഗുണം വർദ്ധിപ്പിക്കുന്ന, ലൗകിക സുഖങ്ങളിൽ ആസക്തി കൂട്ടുന്ന ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കുകയും ഈശ്വരചിന്തയോടെ മാത്രം ദിവസം മുഴുവനും കഴിയുകയുമാണ് വ്രതവിധി. വ്രതം നോൽക്കുന്നത് പ്രതീകാത്മകമായി ഒരു അത്മബലിയാണ് ; ത്യാഗമാണ്. ആഹാരം ത്യജിച്ച് ഉപവസിക്കുന്നതിലൂടെ, ഒരു വ്യക്തി ഈശ്വരന് മുന്നിൽ പൂർണമായും സ്വയം കീഴടങ്ങുകയാണ് ചെയ്യുന്നത്. ഇത് ആഗ്രഹങ്ങളെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ച് ശാന്തിയും മന:ശുദ്ധിയും ശരീരശുദ്ധിയും നല്കും. ലഘുഭക്ഷണവും പരമാവധി ഈശ്വരഭജനവും സത്ചിന്തകളും ക്ലേശമല്ല മറിച്ച് സ്വസ്ഥതയാണ് ഒടുവിൽ നൽകുക. എന്നാൽ പലരും അരിയാഹാരം ഒഴിവാക്കുക മാത്രം ചെയ്ത് ഗോതമ്പ് ദോശ, ചപ്പാത്തി, പൂരി എന്നിവ എത്ര കഴിക്കാമോ അത്ര കഴിക്കുകയാണ് വ്രതത്തിലും ചെയ്യുന്നത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ശരീരമടങ്ങാതെ മനസ് അടങ്ങില്ല. മന:ശുദ്ധിക്കും പ്രാർത്ഥനയ്ക്കും യാതൊരു പ്രാധാന്യവും കൊടുക്കാനും കഴിയില്ല. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത വ്രതം കൊണ്ട് യാതൊരു ഗുണവുമില്ല. അത്തരം മനസിൽ ഈശ്വരചിന്ത നിറയില്ല. മനസും വാക്കും പ്രവൃത്തിയും ഒരു പോലെ ശുദ്ധമാകുമ്പോഴേ പാപമോചനം നേടാൻ കഴിയൂ. പാപമുക്തി ആർജ്ജിച്ചെങ്കിൽ മാത്രമേ ആർക്കും ഈശ്വരകൃപ നേടാനാകൂ; പ്രാർത്ഥനയ്ക്ക് പൂർണ്ണതയും ഫലപ്രാപ്തിയും ലഭിക്കൂ.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559
Story Summary: Importance Of Fasting: Purifies mind, body and soul

error: Content is protected !!