Friday, 22 Nov 2024
AstroG.in

അമാവാസിക്ക് ഭദ്രകാളിയെ തൊഴുത് പ്രാർത്ഥിച്ചാൽ അതിവേഗം കാര്യസിദ്ധി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഭദ്രകാളി ഉപാസനയ്ക്ക് ശ്രേഷ്ഠമായ ഒരു ദിവസമാണ് മാസം തോറുമുള്ള കറുത്തവാവ് അഥവാ അമാവാസി.
2024 ഏപ്രിൽ 8 മീനമാസത്തിലെ കറുത്തവാവാണ്. ഈ തിങ്കളാഴ്ച ഭദ്രകാളി ക്ഷേത്രദർശനവും വഴിപാടുകളും നടത്തി പ്രാർത്ഥിച്ചാൽ അതിവേഗം അഭീഷ്ട സിദ്ധി ലഭിക്കും. അത്ഭുതശക്തിയുള്ള കാളീമന്ത്രങ്ങൾ, ഭദ്രകാളിപ്പത്ത് പോലുള്ള സ്തോത്രങ്ങൾ, ഭദ്രകാളി അഷ്ടോത്തരം എന്നിവ ജപിച്ചു തുടങ്ങാനും ഈ ദിവസം ഉത്തമമാണ്. അമാവാസിക്ക് പുറമെ ചൊവ്വ, വെള്ളി ദിനങ്ങളും ഭരണി നക്ഷത്രവും കാളീപ്രീതിക്ക് നല്ലതാണ്.

പിതൃദോഷങ്ങൾ കാരണം വിഷമിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടാനും പിതൃപ്രീതി ആർജ്ജിക്കാനും ഏറ്റവും ഗുണകരമാണ് അമാവാസി വ്രതം. എല്ലാ മാസവും അമാവാസി വ്രതമെടുക്കാം. പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, പ്രാര്‍ത്ഥന എന്നിവ നടത്തുകയും വേണം. തീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും വിശേഷം. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. ദുര്‍മൃതിയടഞ്ഞവരുടെ മോക്ഷത്തിനും യഥാവിധി പിതൃകർമ്മം അനുഷ്ഠിക്കാത്തതിൻ്റെ പരിഹാരമായും ഈ വ്രതധാരണം ഏറെ വിശേഷമാണ്. 18 അമാവാസി നാളില്‍ വ്രതം സ്വീകരിക്കുന്നവരുടെ പൂര്‍വ്വിക തലമുറ മുഴുവനും ദുരിതമോചിതരാകും എന്നാണ് വിശ്വാസം. അതിലൂടെ മുൻജന്മപാപങ്ങളകറ്റി നമുക്ക് സന്തോഷവും സമാധാനവും അഭീഷ്ടസിദ്ധിയും നേടാൻ സാധിക്കും.

ഏതൊരു വ്രതത്തിലും ഏറ്റവും പ്രധാനം മന:ശുദ്ധി തന്നെയാണ്. തികഞ്ഞ ഭക്തിയോടെ, മന:ശുദ്ധിയോടെ, ഏകാഗ്രതയോടെ വ്രതമെടുത്താൽ ഏതൊരു കാര്യത്തിലും അത്ഭുതകരമായ ഫലസിദ്ധിയുണ്ടാകും.
മനസിനെയും വിചാരവികാരങ്ങളെയും അടക്കി ഈശ്വര ചൈതന്യത്തില്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട് കുറച്ചു നേരമെങ്കിലും ചേര്‍ന്നു നില്ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ശുഭോർജ്ജം തന്നെയാണ് പുണ്യം. പ്രാര്‍ത്ഥനയും ജപവും വെറുതെ നടത്തിയിട്ട് യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന ആയിരം മന്ത്രജപത്തേക്കാൾ ശ്രദ്ധയോടെ ചെയ്യുന്ന എട്ടു തവണത്തെ മന്ത്രജപത്തിന് അസാമാന്യ ശക്തിയും ഫലദാന ശേഷിയുമുണ്ട്. മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്നും സ്വീകരിക്കുന്നതാണ് നല്ലത്. കാരണം ഉച്ചാരണത്തിൽ തെറ്റു വരില്ല. വ്രതം എടുക്കുമ്പോൾ സ്‌തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുവാൻ കർശനമായും ശ്രദ്ധിക്കണം. വ്രതമെടുക്കുന്നവർ ചടങ്ങിനു വേണ്ടി ഉപവസിച്ചതു കൊണ്ടും മത്സ്യമാംസാദികൾ വെടിഞ്ഞതു കൊണ്ടും മാത്രം യാതൊരു കാര്യവുമില്ല. നല്ല ചിന്തയും, കഴിയുന്നത്ര പ്രാര്‍ത്ഥനയും, വ്രതമെടുക്കുന്നവർ കര്‍ശനമായി പാലിക്കണം. ശാരീരിക ബന്ധവും ലൈംഗിക വിഷയ ചിന്തയും സംസാരവുമെല്ലാം ഒഴിവാക്കണം.

അമാവാസി ദിവസം ജപിച്ചു തുടങ്ങിയാൽ അതിവേഗം ഫലം ലഭിക്കുന്ന ഉഗ്രശക്തിയുള്ള മഹാകാളി മന്ത്രം പരിചയപ്പെടുത്താം. ഈ മന്ത്രം അമാവാസി തുടങ്ങി എല്ലാ ദിവസവും രാവിലെയും വൈകിട്ടും 48 തവണ വീതം ജപിക്കണം. ജപം തുടങ്ങുമ്പോഴും ജപാന്ത്യത്തിലും മഹാകാളി ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ചൊല്ലണം. ഇത് മുടങ്ങാതെ 28 ദിവസം ചെയ്യണം. അശുദ്ധി ഉണ്ടായാൽ അത് മാറിക്കഴിഞ്ഞ് 28 ദിവസം പൂർത്തിയാക്കിയാൽ മതി. ഇതിന് യാതൊരു വ്രതവും വേണ്ട. മത്സ്യമാംസാദി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ബ്രഹ്മചര്യവും വേണ്ട. എന്നാൽ മന്ത്രോപദേശം നിർബന്ധമാണ്. വടക്ക് അഭിമുഖമായിരുന്ന് ജപിക്കണം. വെളുത്ത വസ്ത്രമാണ് ജപസമയത്ത് ധരിക്കേണ്ടത്. പൂജാമുറിയിൽ ദിക്ക് പ്രധാനമല്ല. ശവത്തിന്റെ മുകളിൽ ഇരിക്കുന്ന കാളിയെ പൂജിക്കുന്നവർക്ക് സകല ഐശ്വര്യവും സിദ്ധിക്കും. സുമുഖീ കാളീ ധ്യാനം, സുമുഖീ കാളീ മന്ത്രം എന്നും ഇത് അറിയപ്പെടുന്നു.

മഹാകാളി ധ്യാനം
ധ്യായേദ് കാളീം മഹാകായാം
ത്രിനേത്രാം ബഹുരൂപിണീം നരമുണ്ഡം തഥാ
ഖഡ്ഗം കമലം ച വരം തഥാ ചതുർഭുജാം
ചലജ്ജിഹ്വാം പൂർണ്ണചന്ദ്രനിഭാനനാം
നീലോല്പലദളശ്യാമാം ശത്രുസംഘവിദാരിണീം
നിർഭയാം രക്തവദനാം ദ്രംഷ്ട്രാളീഘോര രൂപിണീം
സാട്ടഹാസനിരസ്താരീം സർവ്വദാം ചദിഗംബരീം
ശവാസനസ്ഥിതാം ദേവീം മുണ്ഡമാലാവിഭൂഷിതാം
ഘോര രൂപാം ഭീഷണാസ്യാം മഹാകാളീം സദാസ്മരേദ്

(അസുരശിരസ്‌ കോർത്ത് മാലയണിഞ്ഞ് ശവത്തിന്റെ മുകളിൽ ഇരിക്കുന്ന ഭയാനക ചിത്രമാണ് മഹാകാളിയുടേത്. മുകളിൽ പറഞ്ഞിരിക്കുന്ന ധ്യാനശ്ലോകം മൂന്ന് പ്രാവശ്യം ജപിച്ച് മന‌സിൽ ദേവിഭാവം ഉറപ്പിക്കണം. അതിന് ശേഷം മഹാകാളിമന്ത്രം ജപിക്കാം)

മഹാകാളിമന്ത്രം
ഓം ഉച്ഛിഷ്ട ചണ്ഡാലിനീ
സുമുഖീ ദേവീ മഹാകാളീ
കാലഭൈരവപ്രിയംകരീം
മഹാകാളീ പിശാചിനി
വേദാന്തർഗതേ നിത്യേ
സർവ്വപാപശമനം ദേഹി
ദദാപയ ഹ്രീം ക്രീം നമ: സ്വാഹാ

ഭദ്രകാളിപ്പത്ത്


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 944702 0655

Story Summary : Amavasya Vritham and Benefits of Powerful Bhadrakali Mantra Japam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!