Friday, 22 Nov 2024
AstroG.in

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം എന്താണ് ?

ജ്യോതിഷരത്നം വേണു മഹാദേവ്
രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് അയോദ്ധ്യയിൽ പൂജിച്ച അക്ഷതം വിതരണം രാജ്യം മുഴുവനും ഇപ്പോൾ നടക്കുകയാണല്ലോ. എന്നാൽ പലർക്കും അറിയില്ല എന്താണ് ഈ അക്ഷതം എന്ന്.

ഇതൊരു പൂജാദ്രവ്യമാണ്; മിക്കവാറും എല്ലാ ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കപ്പെടുന്ന പൂജാദ്രവ്യം. അക്ഷതം എന്നു പറഞ്ഞാൽ അർത്ഥം ക്ഷതം ഏൽക്കാത്തത് എന്നാണ്. ക്ഷതമേറ്റിട്ടില്ലാത്ത, പൊട്ടാത്ത പൊടിയാത്ത ഉണക്കലരിയാണിത്. ചെറിയ ഉലക്ക കൊണ്ട് ശ്രദ്ധാപൂര്‍വമാണ് അക്ഷതം തയാറാക്കുക. നെല്ലും അരിയും കൂടി നനച്ചുവച്ചും അക്ഷതം ഉണ്ടാക്കും. വടക്കേ ഇന്ത്യയിൽ ഗോതമ്പ് മണികളിൽ കുങ്കുമം അല്ലെങ്കിൽ മഞ്ഞൾപ്പൊടി ചേർത്താണ് അക്ഷതം ഒരുക്കുക.

അക്ഷതാൻ ധവളാൻ ദിവ്യാൻ
ശാലേയാംസ‌തണ്ഡുലാൻ ശുഭാൻ ഹരിദ്രാചൂർണസംയുക്ത്‌താൻ
സംഗൃഹാണ ഗണാധിപ

എന്ന് അക്ഷതം സ്വീകരിക്കാൻ ഗണപതി ഭഗവാനോട് അപേക്ഷിക്കുന്ന ഈ ശ്ലോകത്തിൽ അക്ഷതത്തിന്റെ ലക്ഷണം പറയുന്നുണ്ട്. ധവളം, ദിവ്യം, ശുഭം എന്നീ
വിശേഷണങ്ങൾ ഈ ശ്ലോകത്തിൽ അക്ഷതത്തിനു പറയുന്നു.

അരിയും എള്ളും മഞ്ഞൾപ്പൊടിയും ചേർത്ത് അക്ഷതം സർപ്പിക്കാറുണ്ട്. മന്ത്രത്തോടൊപ്പം സമർപ്പിക്കുന്ന ഇത് പ്രസാദമെന്ന നിലയിൽ ഭക്തർക്കു നൽകുന്നു. കേരളീയ ആചാര പ്രകാരം നെല്ലും അരിയും കൂടി ചേർന്നതാണ്
അക്ഷതം. രണ്ട് ഭാഗം നെല്ല് ഒരു ഭാഗം അരി എന്നതാണ് അനുപാതം. മറ്റ് സംസ്ഥാനങ്ങളിൽ അരി മാത്രമാണ് അക്ഷതമായി എടുക്കുന്നത്. തമിഴ്നാട്ടിൽ പച്ചരിയാണ് ഉപയോഗിക്കുക. പച്ചരിയിൽ കുങ്കുമം അല്ലെങ്കിൽ മഞ്ഞൾപ്പൊടി ചേർക്കും.

വിവാഹം, പിറന്നാൾ, പൂജ തുടങ്ങിയവയ്ക്ക് അക്ഷതം തലയിലിട്ട് അനുഗ്രഹിക്കാറുണ്ട്. വധൂവരന്മാരുടെ ശിരസ്സിൽ അക്ഷതമിട്ട് അനുഗ്രഹിക്കുന്ന സമ്പ്രദായം
ഇപ്പോഴും ചില സ്ഥലങ്ങളിലുണ്ട് . പിതൃശ്രാദ്ധക്രിയകളില്‍ പിതൃക്കൾക്കൊപ്പം വരിക്കുന്ന വിശ്വദേവകൾക്ക് അക്ഷതം ഉപചാരാർത്ഥം സമർപ്പിക്കാറുണ്ട്. എള്ളും അക്ഷതവും കൂട്ടിക്കലർത്തി നടത്തുന്ന കാണ്ഡർഷിതർപ്പണം മുതലായ ക്രിയകളുമുണ്ട്. ഷോഡശോപചാരപൂജയിൽ ഉത്തരീയം, വസ്ത്രം, ആഭരണം എന്നിവയുടെ അഭാവത്തിൽ അക്ഷത പകരം സമര്‍പ്പിക്കാറുണ്ട്. പൂജാദ്രവ്യാദികളും കലശകുംഭാദികളും ശുദ്ധീകരിക്കാൻ കുത്തി ഉമികളയാത്ത അക്ഷതം ഉപയോഗിക്കാറുണ്ട്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017


Story Summary: Importance Akshathsm in Pooja and other Rituals

error: Content is protected !!