അയോദ്ധ്യയിൽ രാംലല്ല ദർശനമേകി; പ്രതിഷ്ഠാ ചടങ്ങുകൾ പൂർണ്ണമായി
രാമമന്ത്രങ്ങളാൽ മുഖരിതമായ ഭക്തിസാന്ദ്രമായ, അലൗകികമായ അന്തരീക്ഷത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഉത്തർപ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘ് ചാലക് ശ്രീ മോഹന്‍ ഭാഗവത് തുടങ്ങിയവരുടെ മഹനീയമായ സാന്നിദ്ധ്യത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചു മാറ്റിയതോടെ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണ്ണമായി. ഈ സമയത്ത് ക്ഷേത്രത്തിന്റെ ആകാശത്ത് നിന്ന് വായുസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പ വർഷം നടത്തി.
ഉച്ചയ്ക്ക് 12.20നും 12.30നും മദ്ധ്യേയുള്ള അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രിയായിരുന്നു മുഖ്യ യജമാനൻ. ശംഖനാദം മുഴങ്ങിയതോടെയാണ് അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ പുതിയതായി നിർമ്മിച്ച ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് തുടക്കമായത്. ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് ബാലരാമ വിഗ്രഹം മിഴിതുറന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പവിത്രം ധരിച്ചാണ് പൂജ ചെയ്തത്. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതൻ. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗർഭഗൃഹത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായ താന്ത്രിക ചടങ്ങുകള്‍ 11.30 ന് തുടങ്ങി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിൽ എത്തിയിരുന്നു. വന്‍ സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരുന്നത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ, അമിതാഭ് ബച്ചൻ, രജനി കാന്ത്, മുകേഷ് അംബാനി, ഗൗതം അദാനി, ചിരഞ്ജീവി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രാം ചരണ്‍, അനിൽ കുംബ്ലെ, സോനു നിഗം, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്. ഇതേ സമയം കോടിക്കണക്കിന് ആളുകൾ ടി വി യിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും തൽസമയ സംപ്രേഷണം കണ്ടു. ചൊവ്വാഴ്ച മുതൽ ഭക്തർക്ക് ദർശനം ലഭിക്കും.
Story Summary: In a historic event filled with Rama Mantra devotion and grandeur, the new Ram Lalla idol was consecrated at the Ayodhya temple on Monday