Sunday, 12 May 2024
AstroG.in

അയോദ്ധ്യ ബാല രാമ പ്രതിഷ്ഠയ്ക്ക് ഒരുങ്ങി;ആശ്രയിക്കുന്നവരെ രക്ഷിക്കും ശ്രീരാമാഷ്ടകം

മംഗള ഗൗരി
ആശ്രയിക്കുന്നവരെയെല്ലാം രക്ഷിക്കുന്ന ദിവ്യമായ സ്തുതിയാണ് ശ്രീ രാമചന്ദ്രാഷ്ടകം. മറ്റ് സഹസ്ര നാമങ്ങൾ ഒരു തവണ ജപിക്കുന്നതിന് തുല്യമാണ് ഒരു രാമനാമം ജപിക്കുന്നതെന്ന് ആചാര്യന്മാർ പറയുന്നു. ജപത്തെക്കാൾ കുറച്ചുകൂടി ഫലപ്രദമാണ് നാമജപം കേട്ടിരിക്കുന്നത്. മനസ്സും ബുദ്ധിയും കണ്ണുമെല്ലാം ഏകാഗ്രമാകും എന്നതാണ് ശ്രവണത്തിൻ്റെ പ്രത്യേകത. ശ്രീരാമദേവനെ സ്തുതിക്കുന്ന എട്ട് ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ശ്രീ രാമചന്ദ്രാഷ്ടകം ഏത് സമയത്ത് ജപിക്കാനും നല്ലതാണ്. പ്രഭാതവേളയിൽ നടത്തുന്ന രാമചന്ദ്രാഷ്ടകം ജപത്തിന് കൂടുതൽ ഫലം പറയുന്നു. അധികം നീട്ടാതെ മിതമായ ഈണത്തിൽ, ശബ്ദത്തിൽ ചൊല്ലുന്നത് ഏറ്റവും നല്ലത്. ശത്രുജയത്തിനും മറ്റെല്ലാ ദോഷങ്ങളും ഇല്ലാതാക്കാനും രാമനാമ ജപം ഉത്തമം. രാമനാമം മനസിൽ നിന്നും ദുർവിചാരങ്ങൾ അകറ്റി ഭക്തിയും വിശ്വാസവും നൽകും.

അയോദ്ധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ ജനുവരി 22 ന് നടക്കുന്ന ബാല രാമ വിഗ്രഹത്തിൻ്റെ പ്രാണ പ്രതിഷ്ഠാ കർമ്മം ധന്യമാക്കാൻ ഒരോ ശ്രീ രാമഭക്തരും രാമചന്ദ്രാഷ്ടകം ജപിക്കുന്നത് ഉത്തമമാണ്. അന്ന് ഉച്ചയ്ക്ക് 12:20 നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ പ്രതിഷ്ഠാ കർമ്മം നടക്കുക. ഭഗവാന് അഞ്ച് വയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് വിഗ്രഹം. സ്വർണ്ണവില്ലും അമ്പും ഏന്തിയ രൂപത്തിലുള്ള വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം.

രാംലല്ലയുടെ സമ്പൂർണ്ണ ചൈതന്യം നിറഞ്ഞ വിഗ്രഹം ഒറ്റ ശിലയിലാണ് നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. യാതൊരുവിധ ബന്ധിപ്പിക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഈ ശിലയിൽ നടത്തിയിട്ടില്ല. വിഗ്രഹത്തിന് ചുറ്റുമുള്ള പ്രഭാവലയത്തിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും കൊത്തിയിട്ടുണ്ട്. അതോടൊപ്പം ഓം, സ്വസ്തിക, ശംഖചക്രം എന്നിവയും ഈ രാമശിലയിൽ ഒരുക്കിയിട്ടുണ്ട്. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് മാസങ്ങളോളം നീണ്ട തപസ്യയിലാണ് രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം സാക്ഷാത്കരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ പ്രധാനമന്ത്രിയുടെ മഹനീയ സാന്നിധ്യത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് നീളും. ഓരോരുത്തരുടേയും മനസിൽ ശ്രീരാമദേവ മന്ത്രങ്ങൾ മുഴങ്ങുന്ന ഈ പുണ്യ മൂഹർത്തം ധന്യമാക്കാൻ നമുക്ക് വീണ്ടും കേൾക്കാം ശ്രീരാമധ്യാനം,
ശ്രീ രാമചന്ദ്രാഷ്ടകം:

ശ്രീരാമ ധ്യാനം
ദോര്‍ഭി: ഖഡ്ഗം ത്രിശൂലം ഡമരുമസിധനു-
ശ്ചാരുബാണം കുഠാരം
ശംഖം ചക്രം ച ഖേടം ഹലമുസലഗദാ:
ഭിന്ദിപാലം ച പാശം
വിദ്യുദ്വഹ്നിം ച മുഷ്ടിം ത്വഭയവരകരം
ബിഭ്രതം ശുഭ്രവര്‍ണ്ണം
വന്ദേ രാമം ത്രിണേത്രം സകലരിപുകുലം
മര്‍ദ്ദയന്തം പ്രതാപൈ:

ശ്രീ രാമചന്ദ്രാഷ്ടകം
സുഗ്രീവമിത്രം പരമം പവിത്രം
സീതാകളത്രം നവമേഘഗാത്രം
കാരുണ്യപാത്രം ശതപത്രനേത്രം
ശ്രീരാമചന്ദ്രം സതതം നമാമി

സംസാരസാരം നിഗമപ്രചാരം
ധരാവതാരം ഹൃതഭൂമിഭാരം
സുനിര്‍വ്വികാരം സുഖസിന്ധുസാരം
ശ്രീരാമചന്ദ്രം സതതം നമാമി

ലക്ഷ്മീനിവാസം ജഗതാം നിവാസം
ഭൂദേവിവാസം ശരദിന്ദുഹാസം
ലങ്കാനിവാസം ഭുവനേ പ്രചാരം
ശ്രീരാമചന്ദ്രം സതതം നമാമി

മന്ദാരമാലം വദനേ സഹാസം
ഗുണൈര്‍വിശാലം ഹൃതസപ്തസാലം
കാര്യേഷു ദക്ഷം സുരലോകപാലം
ശ്രീരാമചന്ദ്രം സതതം നമാമി

രമാഭിരാമം നയനാഭിരാമം
ഗുണാഭിരാമം വദനാഭിരാമം
വിശ്വപ്രണാമം ഹൃതഭോഗകാമം
ശ്രീരാമചന്ദ്രം സതതം നമാമി

വേദാന്തവേദ്യം സകലൈശ്ചമാന്യം
ഭക്താഭിവന്ദ്യം ക്രതുഷുപ്രധാനം
ഗജേന്ദ്രപാലം വിഗതാഭിമാനം
ശ്രീരാമചന്ദ്രം സതതം നമാമി

ലീലാശരീരം രണരംഗധീരം
വിശ്വൈകവീരം രഘുവംശഹീരം
ഗംഭീരനാദം ജിതസര്‍വ്വഭാരം
ശ്രീരാമചന്ദ്രം സതതം നമാമി

കാലേ വിഭീതം സ്വജനേതിതീര്‍ത്ഥം
തമോവിഹീനം മനുസാന്ദ്രദീപം
രോഗേതിതീര്‍ത്ഥം വസുധാധിനാഥം
ശ്രീരാമചന്ദ്രം സതതം നമാമി

രാമചന്ദ്രാഷ്ടകം പുണ്യം
പ്രാതരുത്ഥായ യ: പഠേത്
കോടിജന്മകൃതം പാപം
തത്ക്ഷണാദേവ നശ്യതി

Story Summary: Significance of Sree Rama Chandra Ashtaka Recitation during Ram Lalla idol installation

error: Content is protected !!