അയ്യപ്പന്റെ ഒരു ദിവസം
ബ്രാഹ്മമുഹൂര്‍ത്തിലാണ് ശബരിമല ശ്രീ അയ്യപ്പന്റെ തിരുനട തുറക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ശംഖനാദം മുഴങ്ങുമ്പോൾ ശ്രീകോവിൽ നട തുറക്കുന്നതിന്റെ പ്രാരംഭമാകും. കുത്തുവിളക്കിന്റെ അകമ്പടിയിൽ മേല്‍ശാന്തി പ്രദക്ഷിണം ചെയ്ത് സോപാനത്തില്‍ വന്ന് സാഷ്ടാംഗം പ്രണമിക്കും. പിന്നെ പടിക്കെട്ടില്‍ തീര്‍ഥം തളിച്ച് സോപാനത്തിലെ നിലവിളക്ക് തെളിക്കും. കര്‍പ്പൂരം കത്തിച്ച് മണിമുഴക്കി തിരുനട തുറക്കും. അപ്പോൾ മുതൽ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കും. ഇതിനിടെ ശ്രീകോവിലിലെ നെയ് വിളക്കുകള്‍ കൊളുത്തി നിര്‍മ്മാല്യ ദര്‍ശനം ആരംഭിക്കും. നിര്‍മ്മാല്യത്തിന് വിളക്കു വച്ച് നമസ്‌ക്കരിച്ച് മേല്‍ശാന്തി പുറത്തിറങ്ങും; ഉപദേവതകളുടെ നടകള്‍ തുറന്ന് വിളക്കു കൊളുത്തി തിരിച്ചു വരും. എന്നിട്ട് തന്ത്രിയും മേല്‍ശാന്തിയും കുടി നിര്‍മ്മാല്യം നീക്കം ചെയ്യും.
തുടർന്ന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടാഭിഷേകം നടക്കും. ഭസ്മം, പാല്‍, തേന്‍, പഞ്ചാമൃതം, കരിക്കിന്‍ വെള്ളം, നെയ്, കളഭം, പനിനീര് എന്ന ക്രമത്തിലാണ് അഷ്ടാഭിഷേകം നടത്തുന്നത് – ക്ഷിപ്രകാര്യ സിദ്ധിയാണ് അഷ്ടാഭിഷേക വഴിപാടിന്റെയും ദർശനത്തിന്റെയും ഫലം.അഷ്ടാഭിഷേക ശേഷം ഇഞ്ച കൊണ്ട് ഭഗവത് വിഗ്രഹം തേച്ചുകുളിപ്പിച്ച് ശുദ്ധജലത്തില്‍ വൃത്തിയാക്കി പുതിയ തോര്‍ത്ത് കൊണ്ട് തുടച്ച് നീലപ്പട്ട് ഉടുപ്പിച്ച് ചന്ദനവും പൂമാലയും ചാര്‍ത്തി ഒരുക്കും. എന്നിട്ട് അവല്‍, മലര്‍, ത്രിമധുരം എന്നിവ നേദിക്കും. നിവേദ്യത്തിന് ശേഷം പട്ടും മാലയും മാറ്റി സ്വര്‍ണ്ണകുംഭത്തില്‍ നിറച്ച നെയ്യ് ആദ്യമായി തന്ത്രിഅയ്യപ്പഭഗവാന് അഭിഷേകം ചെയ്യും. മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നെയ്യഭിഷേകം തുടരുന്ന ഘട്ടത്തില്‍ തന്ത്രി കിഴക്കേ മണ്ഡപത്തില്‍ എത്തി മഹാഗണപതി ഹോമം തുടങ്ങും. അത് പൂർത്തീകരിച്ച ശേഷം ഏഴുമണിയോടെ നെയ്യഭിഷേകം നിര്‍ത്തി വയ്ക്കും. ശബരിമല അയ്യപ്പന്റെ ഏറ്റവും പ്രധാന വഴിപാടാണിത്. അയ്യപ്പ ദർശനത്തിന് വരുന്നവർ നെയ്യഭിഷേകം നടത്തിയെ മടങ്ങാവൂ എന്നാണ് ആചാരം. എല്ലാ പാപങ്ങളും അകറ്റുന്ന നെയ്യഭിഷേകം ഭക്തരുടെ സകല ദു:ഖ ദുരിതങ്ങൾക്കും ശാന്തിയേകും. നടതുറന്നിരിക്കുന്ന എല്ലാ ദിവസവും കൃത്യം 7.30ന് തന്നെ ഉഷഃപൂജയ്ക്ക് ഒരുക്കങ്ങൾ ആരംഭിക്കും.
സന്നിധാനത്തെ മറ്റെല്ലാ പൂജകളുടെയും സമയം ഭക്തജന തിരക്ക് കൂടുമ്പോൾ മാറ്റാറുണ്ട്. പക്ഷേ ഉഷഃപൂജയുടെ സമയക്രമം 7.30 എന്നത് താമസിപ്പിക്കില്ല. ഇടിച്ചു പിഴിഞ്ഞപായസമാണ് ഉഷപൂജയുടെ നിവേദ്യം. ദര്‍ശന പ്രാധാന്യം ഏറെയുള്ള ഉഷപൂജ കണ്ടു തൊഴുന്നതിന്റെ ഫലം ആഗ്രഹ സിദ്ധിയാണ്. മാസ പൂജ സമയത്ത് ഉഷഃപൂജയ്‌ക്കൊപ്പം ഉദയാസ്തമയപൂജയും ആരംഭിക്കും. ഉഷഃപൂജ പൂര്‍ത്തിയാകുമ്പോൾ വീണ്ടും നെയ്യഭിഷേകം ആരംഭിക്കും.
ഉഷപൂജ കഴിഞ്ഞാല്‍ ഉദയാസ്തമയപൂജയാണ്. അഭീഷ്ടസിദ്ധിക്കായുള്ള പ്രധാന വഴിപാടാണിത്. പതിനെട്ടു പൂജകളാണ് ഇതിനുള്ളത്. തീര്‍ഥാടനകാലത്ത് ഉദയാസ്തമയപൂജ ഇല്ല. ഉച്ചപൂജയ്ക്ക് ഒരു മണിക്കൂര്‍ മുമ്പേ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ശ്രീകോവിലും തിരുമുറ്റവും കഴുകും. തന്ത്രിയുടെ കാര്‍മ്മികത്വത്തിലാണ് ഉച്ചപ്പൂജ. ഇതിന് മൂന്ന് ഭാഗമുണ്ട്. പീഠപൂജ, മൂര്‍ത്തിപൂജ, പ്രസന്നപൂജ. മണ്ഡലമകരവിളക്ക് കാലത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ ഉച്ചപൂജ ആരംഭിക്കുന്നത്.
മാസപൂജക്കാലത്ത് സഹസ്രകലശാഭിഷേകവും കളഭാഭിഷേകവും നടക്കുന്നതിനാല്‍ 11 മണിയോടെ തന്നെ ഉച്ചപൂജയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കും. ആദ്യമായി തന്ത്രി പീഠപൂജ ചെയ്ത് സഹസ്രകലശാഭിഷേകം നടത്തും. തുടര്‍ന്ന് ഉച്ചപൂജാ നിവേദ്യം സമര്‍പ്പിക്കും. വെള്ളച്ചോറും അരവണയുമാണ് ഉച്ചപ്പൂജയുടെ നിവേദ്യം. ഉപദേവന്മാര്‍ക്കും നിവേദ്യം കഴിച്ച് പ്രദക്ഷിണം നടത്തി പതിനെട്ടാംപടിയിലെത്തി മലദേവതകള്‍ക്ക് ബലിയും അഗ്നികോണില്‍ വൈശ്യവും തൂകി കാലുകഴുകി ആചമിച്ച് സോപാനത്തിലെത്തി നമസ്‌ക്കരിച്ച് ശ്രീകോവിലില്‍ പ്രവേശിച്ച് ശ്രീ അയ്യപ്പനും നിവേദ്യം നടത്തി പ്രസന്ന പൂജയ്ക്കായി നട അടയ്ക്കും. പിന്നീട് മഹാദീപാരാധനയ്ക്കായി നടതുറക്കും. അതിന്റെ പ്രസാദ വിതരണം നടത്തി ഉച്ചപൂജ പൂര്‍ത്തിയാക്കി ശ്രീകോവിൽ നടഅടയ്ക്കും. തിരക്ക് അധികമില്ലെങ്കിൽ വൈകിട്ട് നാലിനാണ് നട തുറക്കുന്നത്. തുറന്നാലുടന്‍ വിളക്കു തെളിയിച്ച് മലര്‍ നിവേദിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഭക്തരുടെ അര്‍ച്ചനകള്‍ സമര്‍പ്പിക്കും. ആറരയ്ക്ക് ദീപാരാധന. പിന്നീട് പുഷ്പാഭിഷേകം.
പടിപൂജയുണ്ടെങ്കില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ അതും നടത്തും. പൂക്കള്‍ക്കു നടുവിലെ അയ്യപ്പന്റെ അപൂര്‍വ ദര്‍ശനമാണ് പുഷ്പാഭിഷേകത്തിലൂടെ ഭക്തർക്ക് ലഭിക്കുന്നത്.
രാത്രി പത്തുമണിക്ക് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ അത്താഴ പൂജ ആരംഭിച്ച് നിവേദ്യം സമര്‍പ്പിക്കും. അപ്പം, വെള്ള, പാനകം എന്നിവയാണ് നിവേദ്യം. കഷായക്കൂട്ടാണ് പാനകം. അതിനുശേഷം മേല്‍ശാന്തി പുറത്തിറങ്ങി ശ്രീകോവിലിന്റെ വാതില്‍ ചാരിയ ശേഷം ഉപദേവതകള്‍ക്കും നിവേദ്യം സമര്‍പ്പിക്കും. പടിപൂജ ഇല്ലാത്ത ദിവസങ്ങളില്‍ പടിനെട്ടാംപടിക്ക് മുകളില്‍ നിന്ന് മേല്‍ശാന്തിമലദൈവങ്ങളെ ശരണം വിളിച്ച് പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് പ്രദക്ഷിണംപൂര്‍ത്തിയാക്കി കാല്‍ കഴുകി നമസ്‌കരിച്ച് ശ്രീകോവിലില്‍ കയറി നിവേദ്യം പൂര്‍ത്തിയാക്കും. എന്നിട്ട് പുഷ്പാജ്ഞലിയും മഹാമംഗളാരതിയും നടത്തി അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും പാനകം പ്രസാദമായി നല്‍കും.തുടര്‍ന്ന് ശ്രീകോവില്‍ ശുദ്ധി ചെയ്ത് 11 മണിക്ക് ഹരിവരാസനം ചൊല്ലി തിരുനട അടയ്ക്കും.
സ്വാമിയേ ശരണമയ്യപ്പാ…….
– വേണു മഹാദേവ്,
+91 9847475559