Saturday, 23 Nov 2024
AstroG.in

അയ്യപ്പന് നെല്‍പ്പറ നിറച്ചാൽ കുടുംബത്തിൽ ഐശ്വര്യം, പറ ഒന്നിന് 200 രൂപ; ദിവസം അഞ്ഞൂറില്‍പ്പരം പറകൾ

ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നാണ് സങ്കല്‍പം. ഈ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഇതുവരെ സന്നിധാനത്ത് ഒമ്പതിനായിരത്തോളം ഭക്തരാണ് നെല്‍പ്പറ നിറച്ചത്. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്. മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു. 200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്. ഇതുവഴി ഏകദേശം 18 ലക്ഷത്തോളം രൂപയാണ് ദേവസ്വം ബോർഡിന് വരുമാനമായി ലഭിച്ചത്.

അതേസമയം ശബരിമലയില്‍ ഈ സീസണില്‍ 24 ദിവസം പിന്നിട്ടപ്പോൾ ലഭിച്ചത് 125 കോടി രൂപ വരുമാനമാണ്. കാണിക്കയും മറ്റ് വഴിപാടുകളും ചേര്‍ന്നുള്ള കണക്കാണിത്. ഈ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 24 ദിവസമായപ്പോൾ 15 ലക്ഷം പിന്നിട്ടു. ഡിസംബര്‍ ഒന്നാം വാരം വരെ ദിനംപ്രതി ശരാശരി എണ്‍പതിനായിരത്തോളം ഭക്തന്മാരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം വാരമായതോടെ ഭക്തരുടെ എണ്ണം ക്രമേണ വര്‍ധിച്ചു വരുകയാണ്. ഡിസംബര്‍ 9 ന് (വെള്ളിയാഴ്ച) 1,07,695 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. പത്താം തീയതിയും ഒരു ലക്ഷത്തിനടുത്താണ് ബുക്കിംഗ്.

തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ദർശനത്തിന് നിയന്ത്രണവും സന്നിധാനത്ത് പ്രത്യേക ജാഗ്രതയും ഏർപ്പെടുത്തിയത്. ഓരോ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. തിരക്ക് കൂടുമ്പോള്‍ പമ്പമുതല്‍ സന്നിധാനം വരെ ഘട്ടം ഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കുന്നത്.

error: Content is protected !!