അരക്ഷിതത്വം അകറ്റി കർമ്മവിജയം തരും കാളി
ദശമഹാവിദ്യ 1
ആദിപരാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശമഹാവിദ്യകൾ. സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ ഈ സങ്കല്പങ്ങൾ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛിന്നമസ്ത, ധൂമാവതി, മാംതംഗി, കമല എന്നീ ഭാവങ്ങളാണ് ദശമഹാവിദ്യയ്ക്കുള്ളത്. ഭക്തർ നവരാത്രികാലത്ത് ദശമഹാവിദ്യകളെ അതിവിപുലമായി ആരാധിക്കുക പതിവാണ്. ഈ 10 ഭാവങ്ങൾ സാക്ഷാൽ ലളിതാപരമേശ്വരിയുടെ, മഹാദേവിയുടെ പൂർണ്ണതയായി വാഴ്ത്തുന്നു.
താന്ത്രിക ജ്യോതിഷത്തിൽ ദശമഹാവിദ്യകളെ നവഗ്രഹങ്ങളുമായി ബന്ധിക്കുന്നു. ഇതനുസരിച്ച് സൂര്യന്റെ പ്രതീകം ഭുവനേശ്വരിയാണ്. ചന്ദ്രൻ ഷോഢശി അഥവാ ത്രിപുരസുന്ദരി പ്രതീകമാണ്. ചൊവ്വ ബഗളാമുഖിയെയും ബുധൻ മാതംഗിദേവിയെയും വ്യാഴം താരാദേവിയെയും സൂചിപ്പിക്കുന്നു. ശുക്രൻ പ്രതിനിധാനം ചെയ്യുന്നത് കമലാദേവിയെയാണ്. ശനി കാളികയെയും രാഹു ഛിന്നമസ്തയെയും കേതു ധൂമാവതിയെയും പ്രതിനിധീകരിക്കുന്നു.
നവരാത്രിയുടെ അധിദേവതയായി ആരാധിക്കുന്നത് കാളിയെയാണ്. കാളിയെ ആരാധിച്ചാൽ നമുക്ക് ഒട്ടും അരക്ഷിതാവസ്ഥ ഉണ്ടാകില്ല. ആരാധിക്കുന്നവരെ നിർവ്വാണപദത്തിൽ ദേവി എത്തിക്കും. ക്രിയാശക്തി ആയതിനാൽ കർമ്മവിജയത്തിന് ദേവിയെ ഭജിക്കണം. അതുകൊണ്ടാണ് കാളി നവരാത്രിയുടെ അധിദേവത ആകുന്നത്.
ശിവന്റെ മഹാകാലൻ അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. ശക്തി നമ്മളിലേക്ക് പകർന്നു നൽകുന്ന ദേവതാ സങ്കല്പമാണിത്. മരണഭയത്തെ ഒഴിവാക്കാൻ മഹാകാളിയെ ഭജിക്കണം. കല്പാന്ത കാലത്തിൽ ചരാചരാത്മകമായ അഖില ബ്രഹ്മാണ്ഡത്തെയും ദേവി തന്നിൽ ലയിപ്പിക്കുന്നു. ദേവി ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും വിരാജിക്കുന്നു. പുന:സൃഷ്ടി ദേവതയും കാളിതന്നെയാണ്. ശനി ദോഷങ്ങളെല്ലാം കാളിയെ ഭജിച്ചാൽ നിശേഷം മാറും.
കാളിയെ പല രൂപങ്ങളിൽ, വിവിധ ആചാരങ്ങളോടെ, അനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നു. കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവതയും ഭദ്രകാളിയാണ്. നാമരൂപ ഭാവങ്ങൾ വ്യത്യസ്തമെങ്കിലും മൂകാംബികയിലും, ആറ്റുകാലിലും ചോറ്റാനിക്കരയിലും കുടികൊള്ളുന്നത് കാളി തന്നെയാണ്. ഭക്തിമാർഗ്ഗത്തിൽ ഏതു ഭാവത്തിൽ വേണമെങ്കിലും മഹാമായയെ ആരാധിച്ച് ഫലം നേടാം. എന്നാൽ സിദ്ധിലാഭത്തിന് വീരഭാവത്തിലാണ് ദേവിയെ ഉപാസിക്കേണ്ടത്. സാധനയിൽക്കൂടി അഹംഭാവം, മമത, ഭേദബുദ്ധി ഇതെല്ലാം നശിപ്പിച്ച് സാധകനിൽ പൂർണ്ണമായും ശിശു പ്രകൃതം ഉദയം ചെയ്യും. അപ്പോൾ കാളിയുടെ ശ്രീ വിഗ്രഹം സാധകന്റെ മുമ്പിൽ പ്രത്യക്ഷപ്പെടും. അപ്പോൾ
കാളീദേവിയുടെ തേജസ് അവർണ്ണനീയമാണ്. താന്ത്രികമാർഗ്ഗത്തിൽ മന്ത്രദീക്ഷയോടു കൂടി കാളിയുടെ ഉപാസന ചെയ്യുമ്പോൾ അനന്യ ശരണാഗതയായി ദേവിയുടെ കാരുണ്യം ആർക്കും ലഭിക്കും.
ഭദ്രകാളി ധ്യാനം
1
ശംഭുസ്ഥാ ശശഖണ്ഡ ലക്ഷ്മവിലസത്
കോടീരചൂഡോജ്ജ്വലാ
ബിഭ്രാണാകര പങ്കജൈർഗ്ഗുണസൃണീ
ഖഡ്ഗം കപാലം തഥാ
മുണ്ഡസ്രക് പരിമണ്ഡിതാ ത്രിനയനാ
രക്താംഗരാഗാംശുകാ
സർവ്വാലങ്കരണോജ്ജ്വലാ ശിതിനിഭാ
ന: പാതു നിത്യം ശിവ
(ശിവന്റെ മടിത്തട്ടിൽ ഇരിക്കുന്നവളും
ചന്ദ്രക്കലാമുദ്രിതമായ കിരീടത്താൽ ഉജ്ജ്വലമായി
ശോഭിക്കുന്നവളും കരപങ്കജങ്ങളിൽ കയർ, തോട്ടി, വാൾ, കപാലം എന്നിവ ധരിച്ചവളും മൂന്ന് കണ്ണുകൾ ഉള്ളവളും രക്തവസ്ത്രവും കുറിക്കൂട്ടുകളും അണിഞ്ഞവളും സർവ്വാലങ്കാര ശോഭിതയും നീല നിറമുള്ളവളുമായ ശിവാ നമ്മെ രക്ഷിക്കട്ടെ )
2
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂതപ്രേത പിശാച മാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം
(കാർമേഘ നിറമുള്ളവളും ത്രിനയനങ്ങളോട് കൂടിയവളും വേതാളത്തിന്റെ കണ്ഠത്തിൽ ഇരിക്കുന്നവളും വാൾ, പരിച, തലയോട്ടി, ദാരിക ശിരസ് എന്നിവ ധരിച്ചവളും ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുകൾ, മാതൃക്കൾ എന്നിവയോട് കൂടിയവളും മനുഷ്യ ശിരസുകൾ കോർത്ത മാല അണിഞ്ഞവളും വസൂരി മുതലായ മഹാമാരികളെ നശിപ്പിക്കുന്നവളും ഈശ്വരിയുമായ ഭദ്രകാളിയെ നമിക്കുന്നു)
മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:
പ്രാർത്ഥനാ മന്ത്രങ്ങൾ
1
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ
2
നമ: ത്രൈലോക്യ ജനനി നമ: ത്രൈലോക്യ വാസിനി
സംരക്ഷ മാം മഹാകാളി ജഗദാനന്ദദായിനി