Friday, 22 Nov 2024
AstroG.in

അരയന്മാർ മുങ്ങിയെടുത്ത
ചെങ്ങന്നൂർ ദേവീ വിഗ്രഹം

ഗൗരി ലക്ഷ്മി
ആലപ്പാട്ടരയന്മാർ എല്ലാ വർഷവും നടത്തി വരുന്ന തിരുച്ചെങ്ങന്നൂർ മഹാശിവരാത്രിയും ചരിത്ര പ്രസിദ്ധമായ പരിശം വെയ്പും 2022 മാർച്ച് 1, ചൊവ്വാഴ്ച് നടക്കും. അഴീക്കൽ ശ്രീ പൂക്കോട്ട് കരയോഗം, ശ്രീ വ്യാസ വിലാസം കരയോഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശം വയ്പ്പും ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കുന്നത്. ആലപ്പാട് അരയന്മാർക്ക്
ചെങ്ങന്നൂരമ്മ അരയ രാജാവിന്റെ പുത്രിയാണ്. ഈ സങ്കല്പത്തിലാണ് അവർ എല്ലാവര്‍ഷവും ശിവരാത്രിക്ക് ദേവിക്ക് ആചാര പ്രകാരം പരിശം വയ്ക്കല്‍ ചടങ്ങ് നടത്തുന്നത്. ആലപ്പാട്ടെ അരയ സമുദായക്കാരും ചെങ്ങന്നൂർ ക്ഷേത്രവുമായുള്ള ബന്ധം അഭേദ്യമാണ്.

ചെങ്ങന്നൂരമ്മയുടെ ദേവീവിഗ്രഹം കണ്ടെടുത്തത് ഇവരാണ്. സമുദായത്തിന്റെ കുലദേവതയായും അരയരാജാവിന്റെ പുത്രിയായി അവതരിച്ച ദേവിയായും
ചെങ്ങന്നൂരമ്മയെ അവർ ആരാധിക്കുന്നു. അരയരുടെ കുലാചാരപ്രകാരം വിവാഹ സമയത്തുള്ള ചടങ്ങാണ് പരിശം വയ്ക്കല്‍. വിവാഹസമയത്ത് നിശ്ചിത തുക കന്യാദാനത്തോടൊപ്പം സമര്‍പ്പിക്കുന്നതാണ് ചടങ്ങ്.
ഈ പണത്തിന് കുത്തല പണം എന്നു പറയന്നു.

ചെങ്ങന്നൂർ ക്ഷേത്രം പണിയുന്ന ഘട്ടത്തിൽ അവിടെ പ്രതിഷ്ഠിക്കാനുള്ള ദേവീവിഗ്രഹം നിര്‍മ്മിക്കുന്നതിന് അന്നത്തെ വഞ്ഞിപ്പുഴ തമ്പുരാന്‍ പലരെയും സമീപിച്ചു; ആരും തയ്യാറായില്ല. ഈ അനിശ്ചിതത്വ സമയത്ത് താഴമണ്‍ മഠത്തിലെ തന്ത്രി നീലകണ്ഠന്‍ പോറ്റിക്ക് ഗ്രന്ഥം പരിശോധിക്കാൻ സ്വപ്ന ദർശനം ലഭിച്ചു. അങ്ങനെ നോക്കിയപ്പോൾ അതിലൊന്നില്‍ പെരുന്തച്ചന്‍ പറഞ്ഞത് അന്നത്തെ തന്ത്രി എഴുതിയരിക്കുന്നത് കണ്ടു. നീലകണ്ഠന്‍പോറ്റി ഇക്കാര്യം വഞ്ഞിപ്പുഴ തമ്പുരാനോട് പറഞ്ഞു. തുടർന്ന് പലരും കയത്തില്‍ മുങ്ങിതപ്പിയിട്ടും ഫലമുണ്ടായില്ല. അവസാനം ആലപ്പാട്ട് ഭാഗത്തെ ചില സമർത്ഥരായ അരയന്മാർ വന്ന് ദേവീവിഗ്രഹം മുങ്ങി കണ്ടെത്തി. വിവരം അറിഞ്ഞ വഞ്ഞിപ്പുഴ തമ്പുരാന്‍ അവരോട് വിഗ്രഹം എടുത്ത് ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലേക്ക് വരാന്‍ പറഞ്ഞു. അന്ന് ശിവരാത്രിയായിരുന്നു. വിശന്നു വലഞ്ഞ അരയർക്ക് ക്ഷേത്രത്തില്‍ നിന്ന് ധാരാളം ഇളനീര്‍, പഴം തുടങ്ങിയവ കിട്ടി.

അരയന്മാർക്ക് ഈ വിഗ്രഹവുമായി ഒരു പൂര്‍വ്വബന്ധം ഉണ്ട്. തമിഴിലെ കൃതികളായ മാമനാര്‍ പരിഷത അഥവാ തിരുചെങ്ങന്നൂർ‍ പരിശപ്പാട്ട് , വലവീശു പുരാണം എന്നീ ഗ്രന്ഥങ്ങളിൽ ഈ ഐതിഹ്യമുണ്ട്. അത് ഇങ്ങനെ: പണ്ട് കൈലാസത്തില്‍ വച്ച് പരമശിവന്‍ പാര്‍വതീ ദേവിക്ക് രഹസ്യമായി ജ്ഞാനോപദേശം നല്‍കി. സുബ്രഹ്മണ്യന്‍ വണ്ടിന്റെ രൂപത്തില്‍ രഹസ്യമായിരുന്ന് ഇത് ശ്രവിച്ചു. ഇത് മനസിലാക്കിയ പരമശിവന്‍ ഒരു മകരമത്സ്യമായി തീരട്ടെയെന്ന് സുബ്രഹ്മണ്യനെ ശപിച്ചു. അതേ സമയം ശിവന്‍ പാര്‍വതിക്ക് നല്‍കിയ ജ്ഞാനോപദേശം ഒരു വലിയ കലഹത്തിലാണ് അവസാനിച്ചത്.

ശിവനാണ് ശ്രേഷ്ഠമെന്ന് ശിവനും ശക്തിയാണ് ശ്രേഷ്ഠമെന്ന് ദേവിയും വാദിച്ചു. അവസാനം ശിവന്‍ ദേവിയുടെ കൈയിലിരുന്ന ജ്ഞാനകോശത്തെ കടലില്‍ വലിച്ചെറിഞ്ഞു. ദേവി അരയകുലത്തില്‍ ജനിക്കാട്ടെ എന്നും ശപിച്ചു. ദുഃഖിതയായ ദേവി ശാപമോക്ഷത്തിന് അപേക്ഷിച്ചു. അപ്പോള്‍ ശിവന്‍ ഭൂമിയിലുള്ള അരയരാജാവിന്റെ കുലത്തില്‍ ചെന്നു ജനിച്ചാലും 12 വയസാകുമ്പോള്‍ താന്‍ കൂട്ടിക്കൊണ്ടു വരും എന്ന് അനുഗ്രഹിച്ചു. അങ്ങനെ ദേവി അരയ രാജാവായ ത്രൃംബകന്‍ അതിയരയന്റെയും വരുണ വല്ലിയുടെയും പുത്രിയായി തിരൈശേരമടന്ത എന്ന പേരില്‍ ജനിച്ചു.

മകരമത്സ്യമായി തീര്‍ന്ന സുബ്രഹ്മണ്യന്‍ ഇതേ സമയം എല്ലാവരെയും ഉപദ്രവിച്ചു കൊണ്ട് സമുദ്രത്തില്‍ കഴിഞ്ഞു. ഇതു മൂലം അരയരാജാവായ അതിയരയന് അതിയായ ദുഃഖമുണ്ടായി. അരയന്മാര്‍ എത്രതന്നെ ശ്രമിച്ചിട്ടും മകരമത്സ്യത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. അവസാനം ആരാണോ മകരമത്സ്യത്തെ പിടികൂടുന്നത് അവര്‍ക്ക് തന്റെ മകളായ തിരൈശേര്‍ മടന്തയെ വിവാഹം ചെയ്തു കൊടുക്കും എന്ന് അരയരാജന്‍ പ്രഖ്യാപിച്ചു. ശ്രീപരമേശ്വരന്‍ മുക്കുവവേഷത്തില്‍ മകരമത്സ്യത്തെ പിടിച്ച് കരയ്ക്ക് അടുപ്പിച്ചു. അരയ രാജാവ് പ്രതിജ്ഞ നിറവേറ്റാൻ സ്വപുത്രിയെ വിവാഹം ചെയ്ത് കൊടുത്തു. മകരമത്സ്യമായി സമുദ്രത്തില്‍ സഞ്ചരിക്കുകയായിരുന്ന സുബ്രഹ്മണ്യൻ അങ്ങനെ ശാപമുക്തനായി സ്വരൂപം പ്രാപിച്ചു.

ശ്രീപരമേശ്വരന്‍ മകരമത്സ്യത്തെ വലവീശി പിടിക്കുന്ന കഥ വിവരിക്കുന്നതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് വലവീശുപുരാണം എന്ന പേരുണ്ടായത്. തിരുവിളയാടല്‍, തിരുമാറ്റം തുടങ്ങിയ തമിഴ് ഗ്രന്ഥങ്ങളിലും ഈ കഥയുണ്ട്. ചില ഗ്രന്ഥങ്ങളില്‍ കണ്ണകീദേവി തപസു ചെയ്തു നിന്ന സ്ഥലത്താണ് ചെങ്ങന്നൂർ ദേവിയെ പ്രതിഷ്ഠിച്ചത് എന്നും പ്രതിപാദിച്ചിട്ടുണ്ട്. ശിവപത്‌നിയായ സതീദേവിയുടെയും സതീദേവിയുടെ പുനരവതാരമായ പാര്‍വതി ദേവിയുടെയും പാര്‍വതിയുടെ അംശജാതയായ കണ്ണകി ദേവിയുടെയും ചൈതന്യം ചെങ്ങന്നൂർ ഭഗവതിയില്‍ സമ്മേളിച്ചിരിക്കുന്നു.. 12 വയസ്‌ മാത്രമുള്ള ബാലികയുടെ ഭാവത്തിലാണ് ഇവിടെ ദേവി അധിവസിക്കുന്നത്. രണ്ട് കൈകളില്‍ അഭയം, വരദം എന്നീ മുദ്രകളുണ്ട്.

ഗൗരി ലക്ഷ്മി, + 918138015500
Story Summary : The Myth Behind Chengannoor Bhagavati Temple and Parissam Vayppu

Copyright 2021 Neramonline.com. All rights reserved

error: Content is protected !!