അവയവങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ വെള്ളി, തടി രൂപം സമർപ്പണം നേര്‍ച്ച
ആറ്റുകാൽ ദേവീദാസൻ
കാര്യസാദ്ധ്യത്തിനായി ചില ഇഷ്ട മൂർത്തികൾക്ക് സമർപ്പിക്കുന്ന ഒരു പ്രധാന നേർച്ചയാണ് വെള്ളിരൂപ സമർപ്പണം. ശരീരത്തിലെ പുറമെ കാണാവുന്ന അവയവങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ അതു മാറുന്നതിന് അതാത് അവയവങ്ങളുടെ രൂപങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന രീതിയാണ് ഈ നേര്‍ച്ച. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലും ഈ വഴിപാട് പ്രസിദ്ധമാണ്.
സ്വര്‍ണ്ണം, വെള്ളി, തടി തുടങ്ങിയ വസ്തുക്കള്‍ കൊണ്ടാണ് രൂപങ്ങൾ നിര്‍മ്മിക്കുന്നത്. കണ്ണ്, കാല്‍, കൈ, ചെവി തുടങ്ങിയ അവയവങ്ങളുടെ രൂപങ്ങളാണ് ഇങ്ങനെ സമര്‍പ്പിക്കുന്നത്. ക്ഷേത്രവും പ്രതിഷ്ഠയും ഇല്ലാതെ ശ്രീ മഹാദേവൻ ആൽത്തറയിൽ വാഴുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ തടികൊണ്ടുണ്ടാക്കിയ രൂപങ്ങളാണ് കൂടുതൽ സമർപ്പിക്കുന്നത്. ആറ്റുകാലമ്മയ്ക്ക് ശരീരാവയവ രൂപങ്ങൾ വെള്ളിയിൽ തീർത്തത് സമര്‍പ്പിക്കുന്നു. സ്വര്‍ണ്ണം, വെള്ളി, തടി തുടങ്ങി ഏത് വസ്തുവിൽ നിർമ്മിച്ച രൂപമാണെങ്കിലും അത് നിര്‍മ്മിക്കുകയോ വാങ്ങിക്കുകയോ ചെയ്തശേഷം അസുഖമുള്ളവരുടെ അവയവത്തെ മൂന്നു പ്രാവശ്യം ഉഴിയണം. എന്നിട്ട് ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം.
സ്വര്‍ണ്ണ വള, സ്വര്‍ണ്ണത്താലി, പൊട്ട് , സ്വർണ്ണ മാല തുടങ്ങിയവ മിക്കവാറും എല്ലാദേവി ക്ഷേത്രങ്ങളിലും ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് സമര്‍പ്പിക്കുന്നു. നാഗ ക്ഷേത്രങ്ങളിൽ സർപ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ സമർപ്പിക്കുന്നത് പതിവാണ്. ദുർഗ്ഗാ , ഭദ്രകാളി ക്ഷേത്രങ്ങളിൽ മംഗല്യ ഭാഗ്യത്തിനായി സ്വര്‍ണ്ണത്താലി, ഉടയാട, ദാമ്പത്യ ഭദ്രതയ്ക്കായി സ്വര്‍ണ്ണപ്പൊട്ട്, ഭവനത്തിന്റെ ഐശ്വര്യത്തിനായി വെള്ളിയോ ഓടോ വിളക്ക്, പെണ്‍മക്കളുടെ ഐശ്വര്യത്തിന് പാദസരം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കാറുണ്ട്. ആറ്റുകാൽ ഭഗവതിക്ക് ഇത്തരം നേർച്ച പതിവാണ്.
ആറ്റുകാൽ ദേവീദാസൻ, +91 9847575559