അവിൽ നൽകിയാൽ അലിയുന്ന ആലത്തിയൂർ ഹനുമാൻ
ആലത്തിയൂരിലെ ഹനുമാൻ സ്വാമിക്ക് ഒരു പിടി അവിൽ നിവേദ്യം നൽകിയാൽ എന്തും തരുമെന്ന് വിശ്വസിക്കുന്നവർ ഒന്നല്ല പതിനായിരങ്ങളാണ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം- തിരൂർ മുസലിയാർ അങ്ങാടിയിലുള്ള ആലത്തിയൂർ കാവിൽ ഒരിക്കലെങ്കിലും ദർശനം നടത്താതിരുന്നാൽ അതൊരു നഷ്ടം തന്നെയാണ്. ഇവിടെ മുഖ്യപ്രതിഷ്ഠ ശ്രീരാമനാണ്. എന്നാൽ ഹനുമാൻ കാവ് എന്നാണ് ആലത്തിയൂർ അറിയപ്പെടുന്നത്. ഒരാൾ പൊക്കമുള്ള ശ്രീരാമ വിഗ്രഹമാണ് ഇവിടെയുള്ളത്.
വെട്ടത്ത്നാട് സാമൂതിരിയുടെ അധീനതയിലായിരുന്നു പണ്ട് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. വെട്ടത്തുനാട് രാജാവ് ഹനുമാൻ ഭക്തനായിരുന്നു. ശ്രീരാമക്ഷേത്രം ഹനുമാൻ ക്ഷേത്രമായി മാറാനുള്ള കാരണം മഹാരാജാവിന്റെ ഹനുമദ് ഭക്തിയായിരുന്നു എന്നാണ് ഐതിഹ്യം. ഇവിടെ ഹനുമാന് പൂജയില്ല. നിവേദ്യം മാത്രമാണുള്ളത്. പൂജ മുഖ്യദേവനായ ശ്രീരാമന് മാത്രമാണ്. ശ്രീരാമന്റെ ദർശനം കിഴക്കോട്ടാണ്. ഹനുമാൻ വലത്തെ മൂലയിൽ ശ്രീരാമനെ നോക്കി ഭഗവാൻ പറയുന്നത് കേൾക്കാൻ ഒരുങ്ങി നിൽക്കുന്നു. സീതയുടെ സമീപത്തേക്ക് അയയ്ക്കുന്ന ഹനുമാന്റെ ചെവിയിൽ ശ്രീരാമൻ സീതയോട് പറയാനുള്ള കാര്യങ്ങൾ അടക്കം പറയുന്നു എന്നാണ് സങ്കല്പം. ലക്ഷ്മണന് നാലമ്പലത്തിന് പുറത്താണ് സ്ഥാനം.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആലത്തിയൂർ കാവ് സന്ദർശിച്ചതോടെയാണ് ഈ ക്ഷേത്രം ദേശാന്തര പ്രസിദ്ധമായത്.
അവിൽ നിവേദ്യമാണ് ഇവിടുത്തെ പ്രധാന വഴിപാട്. രാവിലെ 9.30നാണ് അവൽ നിവേദ്യം. ഒരു നാഴി, 25 നാഴി, 50 നാഴി, 100 നാഴി കുഴച്ച അവൽ നേദിക്കാം. അവിലും കദളിപഴവുമാണ് ആലത്തിയൂർ ഹനുമാന് ഏറ്റവും പ്രിയങ്കരം. കുട്ടികളുടെ ശ്വാസം മുട്ട് മാറാൻ ഇവിടെ ശ്രീരാമനെ ദർശിച്ച് ഹനുമാന് വഴിപാട് നടത്തിയാൽ മതിയാകുമെന്നാണ് വിശ്വാസം. ശക്തിയില്ലാത്ത കുട്ടികൾക്ക് ശക്തി കിട്ടാൻ ആലത്തിയൂർ ഹനുമാനെ പ്രാർത്ഥിച്ചാൽ മതി. ഗദ സമർപ്പണമാണ് മറ്റൊരു പ്രധാന വഴിപാട്. ശനിദോഷം, ശത്രുദോഷം എന്നിവ മാറാനും പേടി സ്വപ്നം കാണാതിരിക്കാനും വിവാഹ തടസം, വിദ്യാഭ്യാസ തടസം, ജോലി തടസം,വ്യാപാര തടസം എന്നിവ മാറി കിട്ടാനും ഹനുമാന് ഗദ സമർപ്പണം വളരെ വിശേഷമാണ്. മൊത്തത്തിൽ ഉദ്ദിഷ്ട കാര്യസിദ്ധിക്കുള്ള വഴിപാടാണ് ഇത്. ഈ ക്ഷേത്രത്തിൽ മാത്രം ഉള്ള വഴിപാടാണിത്. നെയ്ത്തിരി സമർപ്പണം, പഞ്ചസാര പായസം എന്നിവവിശേഷ വഴിപാടുകളാണ് .
തുലാമാസത്തിലെ തിരുവോണത്തിനാണ് പ്രധാന ഉത്സവം. എല്ലാ മാസവും തിരുവോണ ദിവസം ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ തിരുവേണപൂജയും നാല് കറിയോടെ തിരുവോണ ഊട്ടും നടക്കുന്നു. മണ്ഡല മഹോത്സവത്തോടനുന്ധിച്ചുള്ള സഹസ്ര നെയ്ത്തിരി സമർപ്പണവും കർപ്പൂരദീപ പ്രദക്ഷിണവും നടക്കും. ഇത്തവണ ഡിസംബർ 27 നാണ് മണ്ഡല മഹോത്സവംശ്രീരാമ പ്രതിഷ്ഠാദിനം, ഹനുമദ് ജയന്തി, രാമായണ മാസാചരണം, തുടങ്ങിയവയും വിശേഷമാണ്. തുലാമാസത്തിലെ തിരുവോണ ഉത്സവകാലത്ത് ആഞ്ജനേയ സംഗീതോത്സവം നടക്കും.
രാവിലെ 6 മണിക്ക് നടതുറക്കും; 11 മണിക്ക് അടയ്ക്കും; വൈകിട്ട് 5 മണിക്ക് തുറക്കും. 7 മണിക്ക് അടയ്ക്കും. വഴിപാടുകൾ നേരിട്ടല്ലാതെ ബുക്ക് ചെയ്യുന്നതിന് https://www.alathiyoorhanumankavu.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ദേവസ്വം ഓഫീസിൽ ബന്ധപ്പെടുകയോ വേണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0494-2430666, 9447675930
– പി.എം. ബിനുകുമാർ, +919447694053