Saturday, 23 Nov 2024
AstroG.in

അഷ്ടദാരിദ്ര്യം ഒഴിഞ്ഞ് സകലവിധ ഐശ്വര്യത്തിനും ഇത് വെളുപ്പിന് ജപിക്കൂ

ജ്യോതിഷരത്നം വേണുമഹാദേവ്
ഭഗവാൻ ശ്രീപരമേശ്വരനെ ലിംഗാഷ്ടകം ചൊല്ലി ആരാധിച്ചാൽ എട്ടുതരത്തിലുള്ള ദാരിദ്ര്യ ദുഃഖവും അകന്ന് ഐശ്വര്യം കരഗതമാകും.

എന്താണ് അഷ്ട ദാരിദ്ര്യം?

അത് അറിയണമെങ്കിൽ അഷ്ടൈശ്വര്യം അറിയണം. ഒരോ ജീവിതത്തിലെയും എട്ട് സൗഭാഗ്യങ്ങളാണ് അഷ്ടൈശ്വര്യം – ആരോഗ്യം, ധനം, ഐശ്വര്യം, പേരക്കുട്ടികൾ, വിജയം, ദീർഘായുസ്, കീർത്തി, മന:സമാധനം – ഈ എട്ട് ഭാഗ്യങ്ങളുടെ അഭാവമാണ് അഷ്ടദാരിദ്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്.

ഭഗവാൻ ശ്രീ പരമേശ്വരന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാത്തരത്തിലുള്ള ദാരിദ്ര്യദുഃഖവും അവസാനിച്ച് അഷ്ടൈശ്വര്യം ലഭിക്കുക തന്നെ ചെയ്യും. പ്രസിദ്ധമായ ലിംഗാഷ്ടകത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഒരോ അഷ്ടകത്തിന്റെയും അർത്ഥം മനസിലാക്കി എല്ലാ ദിവസവും ഇത് ജപിച്ചാൽ അതിവേഗം ഫലസിദ്ധിയുണ്ടാകും. ഭഗവാൻ
ശിവശങ്കരന് ഏറ്റവും പ്രിയപ്പെട്ടതും പരമപവിത്രവും ആണ് ഈ അഷ്ടകം. ഇത് നിത്യവും സുര്യോദത്തിന് മുൻപ് ജപിച്ചാൽ സർവ്വവിധത്തിലുള്ള ഐശ്വര്യവും ഗൃഹത്തിൽ കുമിഞ്ഞു കൂടും എന്നത് അനേകമനേകം പേരുടെ അനുഭവസാക്ഷ്യമാണ്:

ലിംഗാഷ്ടകം
ബ്രഹ്മമുരാരിസുരാർച്ചിതലിംഗം
നിർമ്മലഭാസിതശോഭിത ലിംഗം
ജന്മജദു:ഖവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം

ദേവമുനിപ്രവരാർച്ചിതലിംഗം
കാമദഹം കരുണാകരലിംഗം
രാവണദർപ്പവിനാശകലിംഗം
തത് പ്രണമാമി സദാശിവലിംഗം

സർവസുഗന്ധ സുലേപിതലിംഗം
ബുദ്ധിവിവർദ്ധന കാരണലിംഗം
സിദ്ധസുരാസുര വന്ദിതലിംഗം
തത് പ്രണമാമി സദാശിവലിംഗം

കനകമഹാമണിഭൂഷിതലിംഗം
ഫണിപതിവേഷ്ടിതശോഭിതലിംഗം
ദക്ഷസുയജ്ഞ വിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം

കുങ്കുമചന്ദന ലേപിതലിംഗം
പങ്കജഹാരസുശോഭിതലിംഗം
സഞ്ചിതപാപവിനാശനലിംഗം
തത് പ്രണമാമി സദാശിവലിംഗം

ദേവഗണാർച്ചിത പൂജിതലിംഗം
ഭാവൈർ ഭക്തിഭിരേവ ച ലിംഗം
ദിനകരകോടി പ്രഭാകരലിംഗം
തത് പ്രണമാമി സദാശിവലിംഗം

അഷ്ടദളോപരി വേഷ്ടിതലിംഗം
സർവ്വസമുദ്ഭവ കാരണലിംഗം
അഷ്ടദരിദ്രവിനാശിത ലിംഗം
തത്പ്രണമാമി സദാശിവലിംഗം

സുരഗുരുസുരവര പൂജിതലിംഗം
സുരവനപുഷ്പ സുരാർച്ചിതലിംഗം
പരാത്പരം പരമാത്മകലിംഗം
തത് പ്രണമാമി സദാശിവലിംഗം

ലിംഗാഷ്ടകമിദം പുണ്യം
യ: പഠേത് ശിവസന്നിധൗ
ശിവലോകമവാപ്‌നോതി
ശിവേന സഹ മോദതേ

ഒരോ അഷ്ടകത്തിന്റെയും സാരാംശം ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ദേവന്മാരാൽ പൂജിക്കുന്ന, നിർമ്മലമായ ഭസ്മത്താൽ ശോഭിക്കുന്ന, ലോക ദുഃഖങ്ങൾ ഇല്ലാതാക്കുന്ന സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

ദേവശ്രേഷ്ഠന്മാർ, മുനിവര്യന്മാർ എന്നിവരാൽ പൂജിക്കുന്ന, കാമദേവനെ ദഹിപ്പിച്ചതും കരുണാ സാഗരവും രാവണന്റെ അഹങ്കാരം നശിപ്പിച്ചതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

എല്ലാ സുഗന്ധദ്രവ്യങ്ങളാലും ലേപിതമായതും ബുദ്ധിയെ വികസിപ്പിക്കുന്നതും സിദ്ധന്മാരും ദേവന്മാരും അസുരന്മാരും ഒന്നു പോലെ വന്ദിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

സ്വർണ്ണം, മഹാരത്നം ഇവകളാൽ അലങ്കരിക്കപ്പെട്ടതും സർപ്പശ്രേഷ്ഠനായ വാസുകിയാൽ ചുറ്റപ്പെട്ട് ശോഭിക്കുന്നതും ദക്ഷന്റെ യാഗത്തെ നശിപ്പിച്ചതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

കുങ്കുമം, ചന്ദനം എന്നിവ ലേപനം ചെയ്തതും താമരമാലകളാൽ ശോഭിക്കുന്നതും ജന്മജന്മാന്തര പാപങ്ങളെല്ലാം നശിപ്പിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

ദേവഗണങ്ങളാൽ പൂജിക്കപ്പെടുന്നതും ഭക്തിപൂർവം അർച്ചന നടത്തുന്നതും കോടി ആദിത്യന്മാരുടെ ശോഭയോടു കൂടിയതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

അഷ്ടദളങ്ങൾക്ക് മുകളിൽ ഇരിക്കുന്നതും എല്ലാത്തിന്റെയും ഉല്പത്തിക്ക് കാരണമായതും എട്ടു തരത്തിലുള്ള ദാരിദ്ര്യത്തെയും നശിപ്പിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

ബൃഹസ്പതി, ദേവന്മാരിൽ പ്രമുഖർ ഇവരാൽ പൂജിക്കപ്പെടുന്നതും സ്വർഗ്ഗത്തിലെ പൂക്കളാൽ എപ്പോഴും അർച്ചിക്കപ്പെടുന്നതും പരത്തിനും പരമമായ പരമാത്മസ്വരൂപമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു.

പുണ്യകരമായ ഈ ലിംഗാഷ്ടകം ശിവസന്നിധിയിൽ
ചൊല്ലുന്നവർ ശിവലോകത്തെത്തി ശിവസാന്നിദ്ധ്യത്തിൽ ആനന്ദിക്കുന്നു.

ജ്യോതിഷരത്നം വേണുമഹാദേവ്, +91 9847475559

error: Content is protected !!