Sunday, 29 Sep 2024
AstroG.in

അഷ്ടമശനിയിലെ കഷ്ടപ്പാടുകൾക്ക്
പെട്ടെന്ന് ഫലം കിട്ടുന്ന പരിഹാരങ്ങൾ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ജാതകത്തിലെ എട്ടാം ഭാവം ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. പ്രതിസന്ധികൾ, തടസ്സങ്ങൾ, അപകടം , മരണം, പാരമ്പര്യം, വ്യവഹാരം, ഗുഢവിദ്യകൾ എന്നിയുടെ പ്രതീകമാണ് ഈ ഭാവം. അഷ്ടമത്തിൽ ശനി വരുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ കൂടും. കാരണം ശനി ഏട്ടാം ഭാവത്തിൽ നിന്ന് കൊണ്ട് 2, 5, 10 ഭാവങ്ങളിലേക്ക് നോക്കും. തൊഴിൽ, കുടുംബം, ബുദ്ധി / സന്താനഭാവങ്ങളിലേക്കുള്ള ശനിദൃഷ്ടി ദോഷം ചെയ്യും. സ്വന്തം ജാതക ഗ്രഹനിലയിലെ ശനി സ്ഥിതി ആശ്രയിച്ച് ഇതിന്റെ സ്വാധീനത്തിൽ ഏറ്റക്കുറച്ചിലുകൾ വരാം.

അഷ്ടമശനി കാലത്ത് ജാതകർ മാത്രമല്ല അവരുടെ കുടുംബവും ശനിയുടെ നോട്ടത്തിൽപെടും. മാനസിക സമ്മർദ്ദം, സന്താനങ്ങളും കുടുംബാംഗങ്ങളുമായുള്ള അനാവശ്യമായ തെറ്റിദ്ധാരണകൾ എന്നിവയാണ് ഇതിന്റെ പ്രധാന ദോഷങ്ങൾ . 2023 ജനുവരി 17 ന് ശനി കുംഭം രാശിയിലേക്ക് പകരുന്നത് വരെ മിഥുനക്കൂറിന്, മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ നക്ഷത്രക്കാർക്ക് അഷ്ടമശനി ദോഷകാലമാണ്. അത് കഴിഞ്ഞാൽ കർക്കടകക്കൂറുകാർക്ക്, പുണർതം നാലാം പാദം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് എട്ടിൽ ശനി.

ഏതൊരു വ്യക്തിയെ സംബന്ധിച്ചും ശനി ഉത്തമനായ അദ്ധ്യാപകനാണ്. ദോഷകാലത്ത് അനുഭവങ്ങളിലൂടെ ശനി ക്ഷമയും സത്യസന്ധതയും പഠിപ്പിച്ച് ശിക്ഷിച്ചും ശാസിച്ചും നേരെയാക്കിയെടുക്കും. അങ്ങനെ ശനി ദോഷങ്ങളിൽ നിന്നും പുറത്ത് വരുമ്പോൾ വ്യക്തികൾ ചിന്താപരമായും പ്രവർത്തിപരമായും കൂടുതൽ പ്രാപ്തി നേടും. സുവ്യക്തതയോടെ ശ്രേഷ്ഠകരമായി അവർക്ക് ജീവിതം പരിപാലിക്കപ്പെടാൻ സാധിക്കും.

ശനി മാത്രമല്ല അഷ്ടമ ഭാവത്തിലെത്തുന്ന എല്ലാ ഗ്രഹങ്ങളും അനുകൂലമായും പ്രതികൂലമായും നമ്മെ സ്വാധീനിക്കും. എട്ടാംഭാവം രഹസ്യങ്ങളുടെ കൂടാരമാണ്. നാശനഷ്ടങ്ങൾ, ഉപദ്രവം, സംഘർഷം, കലഹം, നാശം, അപ്രതീക്ഷിത അനുഭവങ്ങൾ, ജനനേന്ദ്രിയ രോഗങ്ങൾ, വിധ്വംസക പ്രവർത്തനങ്ങൾ, നിഗുഢതകൾ എന്നിവ എല്ലാം അഷ്ടമഭാവവുമായി ബന്ധപ്പെട്ടതാണ്. ലഗ്നരാശിയിൽ നിന്നുള്ള കിരണങ്ങൾ ഒട്ടും തന്നെ എട്ടാം ഭാവത്തിൽ പതിക്കാത്തതാണ് ഈ ദു:സ്വാധീനത്തിന് കാരണമായി പറയുന്നത്. അതിനാൽ അഷ്ടമ ഭാവത്തെ ഒരു ഇരുണ്ടയിടമായി കരുതുന്നു. ചന്ദ്രാഷ്ടമ ദോഷത്തെ, അതായത് ഗോചരാൽ ചന്ദ്രൻ നമ്മുടെ ജന്മക്കൂറിന്റെ എട്ടാം രാശിയിലെത്തുന്ന സമയത്തെ ഭയപ്പാടോടെയാണ് പലരും സമീപിക്കുന്നത്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

error: Content is protected !!