Friday, 20 Sep 2024
AstroG.in

അഷ്ടമിരോഹിണി നാൾ ക്ഷേത്രത്തിൽ
ഇത് ചെയ്തോളൂ, അഭീഷ്ട സിദ്ധി ഉറപ്പ്

തന്ത്രരത്‌നം പുതുമന മഹേശ്വരൻ നമ്പൂതിരി

കരുണാമയനായ, ആശ്രിതവത്സലനായ ശ്രീകൃഷ്ണ ഭഗവാന്റെ അവതാരദിനമാണ് അഷ്ടമിരോഹിണി. അതികഠിനമായ ചിട്ടകൾ കൂടാതെ തന്നെ ഏവർക്കും ഭജിച്ച് അനുഗ്രഹം നേടാവുന്ന മൂർത്തിയാണ് ശ്രീകൃഷ്ണൻ. ധർമ്മസംരക്ഷകനായ, ഭക്തരുടെ
മനോഭിലാഷങ്ങൾ സാധിച്ചു തരുന്ന ശ്രീകൃഷ്ണനെ ഭജിക്കാൻ ഉത്തമമമായ അഷ്ടമിരോഹിണി ഇത്തവണ 2022 ആഗസ്റ്റ് 18 വ്യാഴാഴ്ചയാണ്.

ഈ ദിവസം തികഞ്ഞ ഭക്തിയോടെ ശ്രീകൃഷ്ണനെ ഉപാസിച്ചാൽ നമ്മുടെ എല്ലാവിധ ജീവിതദുരിതങ്ങളും തുടച്ചുമാറ്റപ്പെടും. അന്ന് കൃഷ്ണ മന്ത്രങ്ങൾ ജപിക്കുന്നത് സാധാരണ ദിനത്തിൽ ജപിക്കുന്നതിനേക്കാള്‍ ഇരട്ടി ഫലം നൽകും. ഭഗവാന്റെ അഷ്ടാക്ഷരമന്ത്രവും – ഓം നമോ നാരായണായ, ദ്വാദശാക്ഷരമന്ത്രവും – ഓം നമോ ഭഗവതേ വാസുദേവായ കഴിയുന്നത്ര തവണ ജപിക്കുക തന്നെ വേണം. നിഷ്ഠകൾ പാലിച്ച് വ്രതം നോറ്റ് അന്നേ ദിവസം രാവിലെയും വൈകുന്നേരവും ക്ഷേത്ര ദര്‍ശനവും നടത്തുന്നതും കൃഷ്ണപ്രീതിക്ക് ഉത്തമമാണ്.

വ്രതം അഷ്ടമിരോഹിണിയുടെ തലേന്ന് ഒരിക്കലെടുത്ത് തുടങ്ങണം. മത്സ്യമാംസാദികൾ ത്യജിക്കണം. ബ്രഹ്മചര്യം പാലിക്കണം. അഷ്ടമിരോഹിണി ദിവസവും പിറ്റേന്ന് രാവിലെ ക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിക്കും വരെയും വ്രതം തുടരണം. ശ്രീകൃഷ്ണക്ഷേത്രത്തിലോ അതിന് സാധിക്കുന്നില്ലെങ്കിൽ വിഷ്ണുക്ഷേത്രത്തിലോ ആണ് ദർശനം നടത്തേണ്ടത്. ശ്രീകൃഷ്ണ മന്ത്രങ്ങൾ, ശ്രീകൃഷ്ണ സ്തോത്രങ്ങൾ, വിഷ്ണുസഹസ്രനാമം എന്നിവ ജപിക്കണം. എത്ര കൂടുതൽ ജപിക്കാമോ അത്ര നല്ലത്.

പ്രധാന വഴിപാടുകൾ
തൃക്കൈവെണ്ണ, പാൽപ്പായസം, എള്ളുണ്ട, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം, ലഡു എന്നിവയാണ് ശ്രീകൃഷ്ണ ഭഗവാന്റെ പ്രധാന നിവേദ്യങ്ങൾ. ഇവ അഷ്ടമിരോഹിണി നാളിൽ ക്ഷേത്രത്തിൽ നേദിക്കുന്നത് ശ്രേഷ്ഠമായ ഫലം നൽകും. പാൽ, കരിക്ക്, പനിനീര്, അഷ്ടഗന്ധജലം, തുളസിജലം എന്നിവ കൊണ്ടുള്ള അഭിഷേകം ഭഗവത് പ്രീതി നേടാൻ വളരെ നല്ലതാണ്. ഇഷ്ടസിദ്ധിക്കാണ് ഇവ അഭിഷേകം ചെയ്യുന്നത്. തുളസി, താമരമാലകൾ, വെണ്ണ നിവേദ്യം, നെയ്‌വിളക്ക്, പഞ്ചസാര, പാൽപ്പായസം നിവേദ്യം, മഞ്ഞപ്പട്ട് ചാർത്തുക എന്നിവയാണ് കൃഷ്ണ പ്രീതിക്കുള്ള മറ്റ് പ്രധാന വഴിപാടുകൾ.

ആരാധനയ്ക്ക് ഉത്തമ ദിനങ്ങൾ
ബുധൻ വ്യാഴം ദിനങ്ങൾ, അഷ്ടമി പൗർണ്ണമി തിഥികൾ, രോഹിണി, തിരുവോണം നക്ഷത്രങ്ങൾ എന്നിവ ശ്രീകൃഷ്ണാ ആരാധനയ്ക്ക് ഏറ്റവും ഉത്തമമാണ് . ശ്രീകൃഷ്ണസ്വാമിയുടെ അഷ്ടോത്തരം അത്ഭുതസിദ്ധി ഉള്ളതാണ്. ദാരിദ്ര്യം നീങ്ങുന്നതിനും സാമ്പത്തിക ലാഭത്തിനും ഐശ്വര്യത്തിനും ഭാഗ്യത്തിനും ശ്രീകൃഷ്ണ അഷ്ടോത്തര മന്ത്ര ജപം വളരെ ഗുണകരമാണ്. എല്ലാ ദിവസവും ഇത് ജപിക്കാം. യാതൊരു വ്രതചര്യകളും അഷ്ടോത്തരജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിക്കുക.

തുളസി, അരയാൽ പ്രദക്ഷിണം
അഷ്ടമി രോഹിണി നാളിൽ തുളസി പ്രദക്ഷിണവും അരയാൽ പ്രദക്ഷിണവും നടത്തുന്നത് നല്ലതാണ്. രാവിലെ കുളിച്ച് അരയാലിന് പ്രദക്ഷിണം ചെയ്യുന്നത് പാപശാന്തിക്ക് ഫലപ്രദമാണ്. തുളസിക്ക് 21 തവണ പ്രദക്ഷിണമാണ് വേണ്ടത്. അഷ്ടമിരോഹിണി ദിവസം തുടങ്ങി 21,12,7 ദിവസം ചെയ്യുക. ഭാഗ്യം തെളിയുന്നതിനും കാര്യവിജയത്തിനും ഗുണകരം. പൂർവ്വജന്മദോഷം പോലും നീങ്ങും.

അർച്ചനകളും ഫലങ്ങളും
ക്ഷേത്രത്തിൽ അർച്ചന നടത്താൻ അഷ്ടമിരോഹിണി നല്ലതാണ്. ഒരോ മന്ത്രം കൊണ്ടുള്ള അർച്ചനയ്ക്കും ഒരോ ഫലമാണ്. സന്താനഗോപാലമന്ത്രത്താലുള്ള അർച്ചന നടത്തിയാൽ ഫലം സന്താനലബ്ധിയാണ്. വിദ്യാരാജ ഗോപാല മന്ത്രാർച്ചന വിദ്യാഭ്യാസ വിജയം സമ്മാനിക്കും. ഗോപീജനവല്ലഭാവ സ്വാഹ എന്ന ദശാക്ഷരീ മന്ത്രം വശ്യശക്തിക്കും ദ്വാദശാക്ഷര അർച്ചന പാപശാന്തിക്കും അഷ്ടാക്ഷര മന്ത്രത്താലുള്ള അർച്ചന ഐശ്വര്യത്തിനും ഓം ക്ലീം ഗോപീജന പ്രിയായ ക്ലീം നമഃ മന്ത്രം കൊണ്ട്
നടത്തുന്ന അർച്ചന കലാമികവിനും ഓം ശ്രീം ഗോവിന്ദനായ നമഃ മന്ത്രാർച്ചന ഉദ്യോഗവിജയത്തിനും ഭാഗ്യസൂക്ത അർച്ചന ഭാഗ്യം തെളിയാനും ഓം ശ്രീം നമോ നാരായണാ ലക്ഷ്മീകടാക്ഷത്തിനും ഐക്യമത്യസൂക്തം കലഹം മാറാനും ഉത്തമമാണ്.
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Astami Rohini 2022: Date, offerings and
Powerful Sreekrishna Mantras

error: Content is protected !!