അഷ്ടമിരോഹിണി രാത്രിയിൽ ഭാഗവതം വായിച്ചാൽ ഐശ്വര്യ സമൃദ്ധി
ജ്യോതിഷ ചക്രവർത്തി പെരിങ്ങോട് ശങ്കരനാരായണൻ
അഷ്ടമിരോഹിണി ദിവസം ഭാഗവതം പാരായണം ചെയ്യുന്നത് ഐശ്വര്യവർദ്ധനവിനും കുടുംബ അഭിവൃദ്ധിക്കും ധനസമൃദ്ധിക്കും ഉത്തമമാണ്. ആചാര്യ വിധിപ്രകാരം രണ്ട് യാമവും രണ്ട് നാഴികയുമാണ് ശ്രീകൃഷ്ണജയന്തിക്ക് ഭാഗവതം പാരായണം ചെയ്യേണ്ടത്. അതായത് 6 മണിക്കൂർ 48 മിനിട്ട്. ഒരു യാമത്തിന്റെ ദൈർഘ്യം മൂന്നുമണിക്കൂർ.
ഒരു നാഴിക 24 മിനിട്ട്. അപ്പോൾ ഇത്തവണ 2020 സെപ്തംബർ 10 വ്യാഴാഴ്ച അഷ്ടമിരോഹിണി ദിവസം വൈകിട്ട് 6 മണിക്ക് ഭാഗവത പാരായണം തുടങ്ങി രാത്രി 12 മണി 48 മിനിട്ടിന് അവസാനിപ്പിക്കാം
ഇതിനിടയിൽ ഭാഗവതം ദശമസ്‌കന്ധമാണ് നിർബന്ധമായും വായിക്കേണ്ടത്. കൃഷ്ണ ഭക്തരെ സംബന്ധിച്ചിടത്തോളം ദശമസ്‌കന്ധമാണ് ഏറ്റവും പ്രധാനം. ശ്രീകൃഷ്ണന്റെ ജനനം മുതലുള്ള പ്രധാന സംഭവങ്ങളെല്ലാം വർണ്ണിക്കുന്നത് ഈ സ്കന്ദത്തിലാണ്. കൃഷ്ണന്റെ ശൈശവ, ബാല്യ, കൗമാരങ്ങളിലെ ലീലകൾ, അഹങ്കാരമൂർത്തികളായ കംസൻ, ശിശുപാലൻ മുതലായവരെയും ആസുര പ്രകൃതികളായ അവരുടെ കിങ്കരന്മാരെയും നശിപ്പിച്ചത് – ഇതെല്ലാം ദശമത്തിലാണ്.
അതിനാലാണ് അഷ്ടമി രോഹിണി ദിനത്തിൽ ദശമസ്കന്ദം തീർച്ചയായും വായിക്കണമെന്ന് വിധിച്ചിരിക്കുന്നത്. ഈ സ്കന്ദം നിശ്ചിത സമയത്തിനുളളിൽ വായിച്ച് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കണ്ടാ, കഴിയുന്നത്ര വായിക്കുക.
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദാം മനസാസ്മരാമി
വില്വമംഗലം സ്വാമിയാർ രചിച്ച മുകുന്ദാഷ്ടകത്തിലെ ആദ്യത്തെ ഈ ധ്യാനശ്ലോകം അഷ്ടമിരോഹിണി നാൾ ചൊല്ലുന്നത് ഐശ്വര്യപ്രദമാണ്; പാപദുരിത – ദോഷ ശാന്തികരവും മുക്തി പ്രദായകവുമാണ്. ഒരു അരയാലിലയിൽ കാൽ പെരുവിരൽ മുഖത്തോട് അടുപ്പിച്ചു വച്ച് ശയിക്കുന്ന ശ്രീകൃഷ്ണന്റെ ശൈശവരൂപമാണ് ശ്ലോകത്തിലെ ഇതിവൃത്തം.
ശ്രീകൃഷ്ണ ഭഗവാനുമായി എങ്ങനെ ബന്ധപ്പെട്ടാലും മോക്ഷം സിദ്ധിക്കും. കാമാദ് ദ്വേഷാദ് ഭയാ സ്നേഹാദ് എന്ന ശ്ലോകം വർണ്ണിക്കുന്നത് ഇതാണ് : കാമംകൊണ്ട് ഗോപസ്ത്രീകളും ദ്വേഷം കൊണ്ട് ശിശുപാലാദികളും ഭയംകൊണ്ട് കംസനും സ്‌നേഹംകൊണ്ട് യാദവരും മോക്ഷപ്രാപ്തിക്ക് അർഹരായി.
നാരായണ നമ: എന്ന മന്ത്രം ജപിക്കുന്നവർ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളോട് ചേരുന്നതാണ്. സർവ്വ ദേവനമസ്‌കാരം കേശവം പ്രതിഗച്ഛതി എന്നാണ് പ്രമാണം. ഏത് ദേവനെ ആരാധിച്ചാലും ആരാധിക്കപ്പെടുന്നത് കേശവനെ അതായത് കൃഷ്ണനെ തന്നെയാകുന്നു. മറ്റൊന്നു കൊണ്ടും തീരാത്ത സംസാരദുഃഖം ഈ നാമ ജപത്തോടെ തീരുന്നതാണ്. ആഗ്രഹസാഫല്യത്തിലും ഒടുവിൽ ജന്മസായൂജ്യം നേടാനും കൂടുതൽ ശ്രീകൃഷ്ണ ചൈതന്യം പ്രസരിക്കുന്ന അഷ്ടമിരോഹിണി നാളിൽ കഴിയുന്നത്ര നേരം നാരായണനാമം ജപിക്കുക. നാരായണ നാമജപം പാപങ്ങളെല്ലാം തീർക്കും. ദാരിദ്രവും വിശപ്പും അകറ്റും. ദു:ഖങ്ങൾ തീരും, സങ്കടങ്ങൾ അവസാനിപ്പിക്കും.
വാക് വൈഭവം കൂടും. നാവിൽ നിന്നും നല്ല വാക്കുകൾ പൊഴിയും . അന്ത്യ കാലത്ത് ഗോവിന്ദ പാദാംബുജസേവ ചെയ്യും. അതിനുവേണ്ടി എപ്പോഴും നാരായണനെ നമുക്ക് പ്രാർത്ഥിക്കാം:
കൃഷ്ണായ വാസുദേവായ
ദേവകി നന്ദനായച
നന്ദ ഗോപകുമാരായ
ഗോവിന്ദായ നമോനമ:
നന്ദനം വസുദേവസ്യ
നന്ദഗോപസ്യനന്ദനം
യശോദാനന്ദനം വന്ദേ!
ദേവകീനന്ദനം സദാ
ജ്യോതിഷ ചക്രവർത്തി പെരിങ്ങോട് ശങ്കരനാരായണൻ,
റിട്ട. ബി എസ് എൻ എൽ എൻജിനീയർ,
കുന്നംകുളം, + 91 944740 4003