Sunday, 6 Oct 2024
AstroG.in

അഷ്ട നാഗ മന്ത്രങ്ങൾ ജപിച്ചാൽ സന്താനഭാഗ്യം, ദാമ്പത്യസുഖം, സമ്പത്ത്

കെ. മോഹനചന്ദ്രൻ വെള്ളായണി
നാഗങ്ങൾ അനേകം ഉണ്ടെങ്കിലും 8 സർപ്പങ്ങളെയാണ് നാഗരാജാക്കന്മാർ എന്ന പേരിൽ ആരാധിച്ചുവരുന്നത്. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ശംഖപാലൻ, ഗുളികൻ എന്നിവരാണ് അഷ്ടനാഗങ്ങൾ. അഷ്ടനാഗങ്ങളിൽ ഉൾപ്പെടാത്ത നാഗരാജനാണ് കാളിയൻ. കാളിയന്റെ അഹങ്കാരമാണ് ശ്രീകൃഷ്ണൻ, കാളിയമർദ്ദനത്തിലൂടെ ശമിപ്പിച്ചത്. ഇവരെക്കൂടാതെ ശേഷൻ, ഐരാവതൻ, മണിനാഗൻ, പൂരണനാഗൻ എന്നീ സർപ്പശ്രേഷ്ഠന്മാരും ജരൽക്കാരു, നാഗയക്ഷി മുതലായ സ്ത്രീ നാഗങ്ങളുമുണ്ട്. ഇവരെ എല്ലാം നാഗക്ഷേത്രങ്ങളിൽ ശിലാ വിഗ്രഹങ്ങളായി ആരാധിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും നാഗരാജാവിനും നാഗയക്ഷിക്കും വിഗ്രഹങ്ങൾ ഉണ്ടാകും. നാഗകന്യകൾ ഏഴാണുള്ളത്. സന്താനലാഭം, രോഗനിവാരണം എന്നിവ ഉദ്ദേശിച്ചാണ് മുഖ്യമായും നാഗോപാസന നടത്തുന്നത്. പഴയ തറവാടുകളിൽ സർപ്പാരാധനയ്ക്ക് പ്രത്യേകമായി കാവുകൾ ഇപ്പോഴുമുണ്ട്. നാഗസ്ഥാനം എന്ന നിലയിൽ പ്രത്യേക ചിത്രകൂടവും കാണും. എന്തായാലും അതിവേഗം ഫലംകിട്ടുന്ന ആരാധനയാണ് നാഗപൂജ. നാഗദേവതാ പ്രീതി നേടാൻ കഴിഞ്ഞാൽ സന്താനഭാഗ്യം, ദാമ്പത്യസുഖം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ ധനനഷ്ടം, സന്താനനാശം, കുലക്ഷയം, മാറാരോഗം എന്നിവ സംഭവിക്കും. നിത്യേന അഷ്ടനാഗമന്ത്രം ജപിക്കുന്നത് ഉത്തമ നാഗദോഷ പരിഹാരമാണ്. അഷ്ടനാഗങ്ങളും അവ ഒരോന്നിന്റെയും പ്രത്യേകതകളും :

അനന്തോ ഗുളിക ചൈവ
വാസുകീ ശംഖപാലക
തക്ഷകശ്ച മഹാപത്മ
പത്മകാർക്കേടകശ്ചിക

1 അനന്തൻ
ആയിരം തലയും സ്വർണ്ണവർണ്ണവുമുണ്ട്. വൈഷ്ണവ അംശമാണ്. പാലാഴിയിൽ അനന്തനൊരുക്കിയ ശയ്യയിലാണ് മഹാവിഷ്ണു ശയിക്കുന്നത്. കശ്യപ പ്രജാപതിയുടെ രണ്ടാമത്തെ ഭാര്യയായ കദ്രുവിന്റെ മകൻ. അമ്മയുമായി പിണങ്ങിപ്പോയതിനാൽ അമ്മയുടെ ശാപം ഏൽക്കേണ്ടിവന്നു. ശാപത്തിന്റെ കഥയിങ്ങനെ:
കശ്യപന്റെ ഭാര്യമാരായ വിനിതയും കദ്രുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാൽരോമം കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനിതയും തർക്കിച്ചു. തോൽക്കുന്നവൾ ജയിക്കുന്നവളുടെ ദാസിയാവണം എന്നു പന്തയവും വച്ചു. അന്നുരാത്രി കദ്രു മക്കളെ വിളിച്ച് ഉച്ചൈശ്രവസ്സിന്റെ വാലിൽ കറുത്ത രോമങ്ങളായി തൂങ്ങിക്കിടക്കണമെന്ന് ആജ്ഞാപിച്ചു. ധർമ്മബോധ പ്രേരിതരായി അനന്തനും സഹോദരന്മാരും ഈ നിർദ്ദേശത്തെ എതിർത്തു. മക്കൾ ജനമേജയന്റെ സർപ്പസത്രത്തിൽ വച്ച് വെന്തെരിഞ്ഞുപോകട്ടെ എന്ന് കദ്രു ശപിച്ചു.

അനന്തൻ ശാപമോക്ഷത്തിന് ബ്രഹ്മാവിനെ തപസ്‌ ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ബ്രഹ്മദേവന്റെ നിർദ്ദേശം പാലിച്ച് അനന്തൻ പാതാളത്തിൽ പോയി ലോകം ഫണങ്ങളിൽ താങ്ങിനിർത്തി ശാപമോക്ഷം നേടി. അനന്തന്റെ ആയിരം തലകളിലും സ്വസ്തിക ചിഹ്‌നം അടയാളമായിട്ടുണ്ട്. കൂടെ ആയിരം ശിരോരത്‌നങ്ങൾ ഭൂഷണമായിട്ടുണ്ട്. സകലദേവന്മാരും പൂജിക്കുന്ന ആദിശേഷനാണ് അനന്തൻ. അന്തമില്ലാതെയുള്ള ഗുണങ്ങളുടെ അധിപനാണ് അനന്തൻ.

2 വാസുകി
കദ്രുവിന്റെ പുത്രനും അനന്തന്റെ സഹോദരനുമാണ്. അമ്മയുടെ ശാപത്തിനിരയായ മകനാണ്. 800 തലകളും വെള്ളിനിറവുമുണ്ട്. വാസുകിയാണ് പരമശിവന്റെ കണ്ഠാഭരണം. പാലാഴിമഥനത്തിൽ മന്ഥരപർവ്വതത്തെ മത്ത് ആയി കടഞ്ഞപ്പോൾ ചരടായി ഉപയോഗിച്ചത് വാസികിയെയാണ്. കാളകൂടവിഷം വമിച്ചത് വാസുകിയിൽ നിന്നാണ്. ഈ വിഷം ഭൂമിയിൽ വീഴാതിരിക്കാൻ പരമശിവൻ കൈയിലെടുത്ത് വായിലേക്ക് ഒഴിച്ചപ്പോൾ പരമശിവനെ രക്ഷിക്കാനായി പാർവ്വതി കഴുത്തിൽപിടിച്ചു. വിഷം കഴുത്തിലിരുന്ന് നീലനിറത്തിൽ കട്ടിയായി. അങ്ങനെ പരമശിവന് നീലകണ്ഠൻ എന്ന പേര് വന്നു.

3 തക്ഷകൻ
കദ്രുവിന്റെ മകനും അനന്തന്റെ സഹോദരനുമാണ്. 400 തലകളും ചുവന്ന നിറവുമുണ്ട്. പരീക്ഷിത്ത് രാജാവിനെ കടിച്ചത് തക്ഷകനാണ്. പരീക്ഷിത്ത് മരിച്ചു.

4 കാർക്കോടകൻ
കദ്രുവിന്റെ മകനും അനന്തന്റെ സഹോദരനുമാണ്

. ആറുതലകളും കറുത്ത നിറവുമുണ്ട്. നളചരിതത്തിലെ നളനെ ദംശിച്ചത് കാർക്കോടകനാണ്. അങ്ങനെ നളനിൽ നിന്നും കലിയെ അകറ്റി നളനെ സഹായിച്ചതിനാൽ നളൻ കാർക്കോടകനെ കാട്ടുതീയിൽ നിന്നും രക്ഷിച്ചു.

5 പത്മൻ
ഏഴു തലകളും പച്ചനിറവുമുണ്ട്. കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ചതാണത്രേ പത്മൻ . മഹാഭാരതം
ആദിപർവം മുപ്പത്തിയഞ്ചാം അദ്ധ്യായം പത്താം പദ്യത്താൽ പത്മനെപ്പറ്റി പറയുന്നുണ്ട്. വ്യാഴാഴ്ചകൾ
പത്മന് വിശേഷമാണ്.

6 മഹാപത്മൻ
അഞ്ചുതലകളും പച്ചനിറവുമുണ്ട്. വായുപുരാണവും
മത്സ്യപുരാണവും പറയുന്നത് മഹാപത്മൻ ശിശു നാഗ
വംശത്തിലെ അവസാന രാജാവായ മഹാനന്ദിയുടെ
പുത്രൻ എന്നാണ്. വെള്ളിയാഴ്ചയാണ് മഹാപത്മന് പ്രധാനം.

7 ശംഖപാലൻ
മൂന്നു തലകളും നീലനിറവുമുണ്ട്. ഗണപതി ഭഗവാന്റെ
അരഞ്ഞാണമാണ് ഈ നാഗം. ഗണേശ ഭഗവാൻ ഉദര ബന്ധനമായി ഈ നാഗത്തെ ധരിക്കുന്നു. ശനിയാഴ്ച ദിവസമാണ് ശംഖപാലനെ ഉപാസിക്കുന്നത്.

8 ഗുളികൻ
സൂര്യ പുത്രനായ ശനിയും ഗുരുവും തമ്മിലുണ്ടായ യുദ്ധത്തിൽ ഗുരുവിന്റെ ശരം ശനിയുടെ നെറ്റിയിൽ തറച്ചു. അത് ബ്രഹ്മാവ് ഊരിയെടുത്തപ്പോൾ കറുക നിറമുള്ള കടുത്ത നീല നിറമുള്ള രുധിര കണം താഴെ അടർന്നു വീണു. അതിൽ നിന്നും ഒരു തലയും കറുത്തനിറവുമായി ജനിച്ച പുത്രനാണ് ഗുളികനെന്ന് ഐതിഹ്യം. സമസ്ത ജനനാശനനും മേഘനാദനും ഭീഷണനുമായി ഗുളികൻ അറിയപ്പെടുന്നു. മന്ദന്റെ പുത്രനായതിനാൽ മാന്ദി എന്നും എല്ലാ ജീവികൾക്കും മരണകാരണമാകുന്നതിനാൽ മൃത്യു എന്നും ഗുളികൻ അറിയപ്പെടുന്നു. ഗുളികന്റെ സഞ്ചാര രാശിയും സഹവാസവും നോട്ടവുമുള്ള ഗ്രഹങ്ങളും അശുഭങ്ങൾ നൽകും .

അഷ്ടനാഗമന്ത്രങ്ങൾ
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ഓം ഗുളികായ നമഃ

ജ്യോതിഷഭൂഷണം
കെ. മോഹനചന്ദ്രൻ വെള്ളായണി,

  • 91 9495303081
    Story Summary:
    Ashta Naga Mantras: Ashta Nagas are eight serpent gods worshipped in Hinduism. They are more popular in South India, especially Kerala, South Karnataka, and parts of Tamil Nadu. The eight snake gods are separately worshiped. Their names are: Anantha, Vasuki, Thakshak, Karkodaka, Padma, Mahapadma Shankapala and Gulika


error: Content is protected !!