Thursday, 21 Nov 2024
AstroG.in

അസാദ്ധ്യമായ കാര്യങ്ങൾ പോലും നടത്തുന്ന ഹനുമാനെ ഭജിക്കാൻ ഉത്തമ ദിവസം ഇതാ

പി.എം. ബിനുകുമാർ

കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ജനുവരി 10 ബുധനാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ദിനങ്ങളിലാണ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമാൻ ജയന്തി ചൈത്രമാസത്തിലെ പൂർണ്ണിമയായ ചിത്രാപൗർണ്ണമിക്കാണ് – ഈ ദിവസം മേടമാസത്തിൽ വരും – 2024 ഏപ്രിൽ 23 ന്. എന്നാൽ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമി ജയന്തിയായി പ്രധാനമായും ആചരിക്കുന്നത് ധനു മാസത്തിലെ മൂല നക്ഷത്രമാണ്.

ശ്രീരാമജയം എന്ന ഒരൊറ്റ സ്തുതി കൊണ്ടുതന്നെ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ അഭീഷ്ടസിദ്ധിക്ക് ഭജിക്കാൻ പറ്റിയ ഏറ്റവും നല്ല ദിവസമാണിത്. ചിരഞ്ജീവിയായ ഹനുമാനെ ഭജിക്കുന്നതിലൂടെ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും. അസാദ്ധ്യമായ കാര്യങ്ങൾ വരെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്താൽ നടക്കും. അനേക കോടി ഭക്തരുടെ അനുഭവമാണിത്.

കേരളത്തിൽ ആലത്തിയൂർ, കണ്ണൂർ മക്രേരി, കവിയൂർ ശിവക്ഷേത്രം, തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ നാഗനല്ലൂർ, നാമക്കൽ, ശുചീന്ദ്രം, തൃക്കാവിയൂർ തുടങ്ങിയ സന്നിധികളിലും ധനുവിലെ മൂലം നക്ഷത്ര ദിവസമായ 2024 ജനുവരി 10 ന് ജയന്തി ആഘോഷം നടക്കും. കേരളത്തിലെ പ്രധാന ഹനുമദ് സന്നിധിയായ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂരിനടുത്താണ്. ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഹനുമാൻ സ്വാമിക്കാണ് ക്ഷേത്രത്തിൽ പ്രാധാന്യം. ആലത്തിയൂർ പെരുംതൃക്കോവിൽ എന്നും ഇത് അറിയപ്പെടുന്നു.

കണ്ണൂരില്‍ നിന്നും 18 കിലോമീറ്ററുണ്ട് മക്രേരി ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലേക്ക്. സുബ്രഹ്മണ്യനാണ് ഇവിടെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രത്യേകം പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം അതിശക്തമാണ്.

തിരുവല്ലക്ക് സമീപം കവിയൂരില്‍ ശിവ ക്ഷേത്രം ആണെങ്കിലും പ്രസിദ്ധി ഹനുമാന്‍ സ്വാമിക്കാണ്. അരയടിയുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ഇവിടുത്തെ ഹനുമാൻ. ധനുവിലെ മൂലം നക്ഷത്രത്തിൽ എല്ലാ വർഷവും ഇവിടെ ഹനുമദ് ജയന്തി ഗംഭീരമായി ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകളുണ്ട്. ഏഴാം ദിവസം കളഭാഭിഷേകം, പുഷ്പാഭിഷേകം, ഘോഷയാത്ര എന്നീ ചടങ്ങുകളുണ്ട്.

തിരുവനന്തപുരം പാളയം ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പൊതു പുഷ്പാഭിഷേകമാണ് ഹനുമദ് ജയന്തി ആഘോഷത്തിന്റെ പ്രത്യേകത. അഷ്ടാഭിഷേകം, ദ്രവ്യകലശം, വട നിവേദ്യം, വടമാല, അവിൽ നിവേദ്യം, ഇടിച്ചു പിഴിഞ്ഞ പായസം, അപ്പം, അരവണ, വിശേഷാൽ പാൽപായസം, പഞ്ചാമൃതം, അവിൽ പന്തിരുന്നാഴി നിവേദ്യം തുടങ്ങിയ വഴിപാടുകൾ അന്നുണ്ടാകും. നെൽപ്പറ, അവിൽ പറ, ഉഴുന്ന പറ എന്നിവ നടത്താൻ സൗകര്യം കാണും. ജനുവരി 10 ന് രാത്രി 7:30 നാണ് പൊതു പുഷ്പാഭിഷേകം.

ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഹനുമാന്റെ എറ്റവും വലിയ വിഗ്രഹമുള്ളത്. 18 അടി ഉയരത്തില്‍ സമുദ്രത്തിലേക്ക് ചാടാന്‍ തുനിയുന്ന രൂപമാണ് ഇവിടെയുള്ളത്. ജനുവരി 10 നാണ് ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ ആഞ്ജനേയ ജയന്തി ആഘോഷം. അന്ന് പുലർച്ചെ 5 മണിക്ക് ശ്രീരാമന് അഭിഷേകം നടക്കും

ശ്രീ ഹനുമത് സ്‌തോത്രം
അതുലിത ബലധാമം
ഹേമശൈലാഭ ദേഹം
ധനുജവനകൃശാനം
ജ്ഞാനിനാമഗ്രഗണ്യം
സകലഗുണ നിധാനം
വാനരാണാമധീശം
രഘുപതി പ്രിയഭക്തം
വാതജാതം നമാമി

ഗോഷ്പദീകൃത വാരശീം
ദശകീകൃതരാക്ഷസം
രാമായണ മഹാമാലാരത്‌നം
വന്ദേനിലാത്മജം
അഞ്ജനാനന്ദനം വീരം
ജാനകീ ശോകനാശനം
കപീശമക്ഷഹന്താരം
വന്ദേ ലങ്ക ഭയങ്കരം
ഉല്ലംഘ്യ സിന്ധോഃ സലിലം സലിലം
യഃ ശോകവഹ്നീം ജനകാത്മജായാഃ
ആദായ തേ നൈവ ദദാഹലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം

ആഞ്ജനേയ മതി പാടലാലനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരു മൂല വാസിനം
ഭാവയാമി പവമാനനന്ദനം

യത്ര യത്ര രഘുനാഥ കീർത്തനം
തത്ര യത്ര കൃതമസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂർണ്ണലോചനം
മാരുതിം നമതരാക്ഷരാസന്തകം

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാനമാമി

  • പി.എം. ബിനുകുമാർ,
    +919447694053

Story Summary: Hanuman Swami Jayanthi Festival
2024 in Kerala and Tamil Nadu


error: Content is protected !!