Friday, 20 Sep 2024
AstroG.in

അഹിതങ്ങളും അശുഭ ചിന്തകളും അകറ്റാൻ
എല്ലാ പ്രഭാതത്തിലും ഇത് ജപിക്കൂ

ജ്യോതിഷരത്നം വേണു മഹാദേവ്
ശിവ പഞ്ചാക്ഷരിയായ ഓം നമ:ശിവായ പതിവായി ജപിച്ചാൽ സാധകന് അസാധാരണമായ ആത്മബലവും മന:ശാന്തിയും ലഭിക്കും. സാഹചര്യങ്ങൾ, സഹജീവികൾ സൃഷ്ടിക്കുന്ന എല്ലാ ദുർവിചാരങ്ങളും ദു:സ്വാധീനവും പൂർണ്ണമായും ഇല്ലാതാക്കുവാൻ സഹായിക്കുന്ന മഹാമന്ത്രമായ ഓം നമ:ശിവായ മന്ത്രം എല്ലാം കൊണ്ടും അതിശക്തമാണ്. നിത്യേന നിശ്ചിത തവണ ഓം നമ:ശിവായ ജപിച്ചാൽ നമ്മളിലുള്ള ദുർചിന്തകൾ (നെഗറ്റീവ് എനർജി) പൂർണ്ണമായും കഴുകികളയുവാൻ സാധിക്കും. എന്നും പ്രഭാതത്തിൽ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ ഇരുന്നോ ശിവക്ഷേത്രത്തിൽ നിന്നോ കുറഞ്ഞത് 108 തവണ ഓം നമ:ശിവായ ജപിക്കണം.

എല്ലാ പ്രഭാതത്തിലും ശിവനാമം ഓർമ്മിക്കുകയും ശിവമന്ത്രം ജപിക്കുകയും ചെയ്താൽ വേദനകളും ദുരിതങ്ങളുമെല്ലാം തുടച്ചു നീക്കി മനസിന് ശാന്തിയും സമാധാനവും പ്രതീക്ഷയും സന്തോഷവും സമ്മാനിക്കാൻ കഴിയും. അസ്വസ്ഥമായ ഏതൊരു മനസിനെയും ശാന്തമാക്കുന്ന അത്ഭുത ശക്തിയുള്ള മന്ത്രമാണ് ഓം നമ:ശിവായ. ഇത് ജപിക്കുന്നതിലൂടെ ശിവൻ സർവ്വവ്യാപിയാണെന്നും സകലതിനും ആധാരമാണെന്നും പ്രപഞ്ചത്തോട് ഏറ്റുപറയുകയാണ് ചെയ്യുന്നത്.

അഞ്ച് അക്ഷരങ്ങളാണ് ഈ മന്ത്രത്തിലുള്ളത്. ന, മ, ശി, വാ, യ ഞാൻ ശിവനെ നമിക്കുന്നു എന്നാണ് മന്ത്രത്തിന്റെ അർത്ഥം. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന സകല ചരാചരങ്ങൾക്കും ആധാരമായ പഞ്ചഭൂതങ്ങൾ വാസ്തവത്തിൽ ശിവൻ തന്നെയാണ്. ഒരേസമയം സൃഷ്ടിക്കും സ്ഥിതിക്കും കാരണഭൂതമായ എല്ലാറ്റിനെയും നമിക്കുന്നതു കൊണ്ടുതന്നെ അവിശ്വസനീയമാണ് ഓം നമ:ശിവായ മന്ത്രത്തിന്റെ ഫലസിദ്ധി.

നമ:ശിവായ എന്നതാണ് ശിവ പഞ്ചാക്ഷരമന്ത്രം. ഇതിനെ ശിവ പഞ്ചാക്ഷരിയെന്നും പറയും. ഓം നമ:ശിവായ ഷഡാക്ഷര മന്ത്രമാണ്. ഓംഹ്രീം നമ:ശിവ എന്നത് ശക്തി പഞ്ചാക്ഷരമന്ത്രമാണ്. ഇത് ഭഗവാൻ ദേവിയോട് കൂടി ചേർന്നിരിക്കുന്ന ശിവപാർവ്വതി സങ്കല്പമാണ്. മനസിൽ സന്തോഷം നിറച്ച് നല്ല ചിന്തകൾ വളർത്തിയെടുത്ത് ജീവിതം ആഹ്‌ളാദ പൂർണ്ണമാക്കുവാൻ സഹായിക്കുന്ന അത്ഭുത മന്ത്രമാണ് ഓം നമ:ശിവായ.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Story Summary: Know the importance of chanting Shiva Panchakshari and Shakthi Panchakshari

error: Content is protected !!