ആഗ്രഹങ്ങളെല്ലാം സാധിച്ചുതരുന്ന വാഞ്ചാകല്പലതാ ഗണപതി മൂർത്തി
മംഗള ഗൗരി
ഗണപതി ഭഗവാന്റെ അതിശക്തവും രഹസ്യാത്മകവും അനുഗ്രഹപരവുമായ ശ്രീവിദ്യോപാസനയാണ് വാഞ്ചാകല്പലതാ ഗണപതി പൂജ .തന്ത്രശാസ്തത്തിൽ വർണ്ണിക്കുന്ന അപൂർവമായ ഈ ഗണപതി മൂർത്തിയിൽ ലളിതാംബിക ദേവിയുടെ രൂപത്തിൽ കൂടി കൊള്ളുന്ന ശക്തിചൈതന്യമാണുള്ളത്.
ശ്രീവിദ്യാ ഉപാസകരുടെ ആരാധ്യമൂർത്തിയായ ശ്രീ വാഞ്ചാകല്പലതാ ഗണപതി ക്ഷിപ്ര പ്രസാദിയാണ്. പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ നിമിഷാർദ്ധം കൊണ്ട് ഈ മൂർത്തി തടസങ്ങളെല്ലാം അകറ്റും. നല്ല ആരോഗ്യം, തൊഴിൽ, വിവാഹം, ധനമേന്മ ഇതെല്ലാം നൽകും. ദാമ്പത്യ വിഷമങ്ങൾ, രാഹു – കേതു ദോഷങ്ങൾ എന്നിവ പരിഹരിക്കും. ആകർഷകത്വം വർദ്ധിക്കും. എല്ലാവിധ പ്രതികൂലകളും അകന്ന് ഐശ്വര്യസമൃദ്ധി ലഭിക്കും.
ശ്രീവാഞ്ചാകല്പലതാ ഗണപതി മൂലമന്ത്രത്തിൽ ഋക്ക് വേദസ്തുതികളും വല്ലഭ ഗണപതി മന്ത്രം, ഗായത്രി മന്ത്രം, ഉച്ഛിഷ്ട ഗണപതിയുടെ ബീജാക്ഷരങ്ങൾ, ശ്രീവിദ്യാമന്ത്രം തുടങ്ങിയവ ചേർന്നിരിക്കുന്നു. ഈ അത്ഭുത മന്ത്രങ്ങളുടെ കൂടിച്ചേരലാണ് വാഞ്ചാകല്പലതാ ഗണപതിയെ അതിശക്തമായ വിശേഷ ഭാവമാക്കി തീർക്കുന്നത്. 11 ഭേദങ്ങൾ വാഞ്ചാകല്പലതാ മന്ത്രത്തിനുണ്ട്.
ശിരസ്സ് ഗണപതിയും ശരീരം ശ്രീവിദ്യയും കയ്യിൽ ആയുധങ്ങളും 16 ദേവതമാരുടെ ശക്തിയും ചേർന്നുള്ള വളരെ രഹസ്യാത്മകമായ സ്വരൂപമാണ് ഈ ഗണപതി. അഗ്നി, സൂര്യൻ, ലളിതാംബിക, ബാലത്രിപുര സുന്ദരി, മഹാമൃത്യുഞ്ജയ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്ര, ദുർഗ്ഗ, കാമേശ്വര, കാമേശ്വരി പരാ, ഗായത്രി, യോഗിനി, ഗണപതി എന്നിവയാണ് 16 ദേവതമാർ. മൂലശക്തിയായ ഗണപതി മുതൽ പ്രപഞ്ച ബോധമായ ശ്രീവിദ്യ മന്ത്രം വരെ ഉയർന്നു നിൽക്കുന്ന പരബ്രഹ്മ സ്വരൂപമാണ് വാഞ്ചാകല്പലത.
ശ്രീവിദ്യ ഉപാസനയിലെ പരമോന്നത അവസ്ഥയായി ഈ സാധനയെ വിശേഷിപ്പിക്കുന്നു. ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്ന ഈ അത്ഭുത മൂർത്തി മന്ത്രം ഒരു തവണ ജപിക്കുന്നത് മഹാഗണപതി മന്ത്രത്തിന്റെ 4444 തവണ ജപത്തിന് തുല്യമാണ്. ഈ മന്ത്രത്തിൽ ക്ഷിപ്രപ്രസാദ ഗണപതി, ഉച്ഛിഷ്ട ഗണപതി, ശ്രീവിദ്യാ വല്ലഭ ഗണപതി, അഗ്നി, സൂര്യൻ, ലളിതാംബിക, ബാലാ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്രശക്തികൾ സമ്മേളിക്കുന്നു. ഭൗതിക ആവശ്യങ്ങൾ നിറവേറ്റി അവസാനം പരമപദം പ്രദാനം ചെയ്യുന്ന ഈ മൂർത്തിയുടെ മന്ത്രം ഉത്തമനായ ഒരു ഗുരുവിൽ നിന്ന് മന്ത്രദീക്ഷ വാങ്ങി മാത്രമേ ജപിക്കാവൂ .
Story Summary: Vancha Kalpalatha Ganapathi moorthy is the combined form of Shiva and shakthi. The lower part of the body is goddess Lalithambika and the upper part of the body is the Ganesha. Vancha Kalpalatha Ganapathi mantra is the ultimate step in Sri Vidya Upasana. Its very rare to find combinations of all these powerful shakti’s in this mantra.
Copyright 2024 Neramonline.com. All rights reserved