ആഗ്രഹസാഫല്യം തീർച്ച; അതിവേഗം ഫലം; ശ്രീപരമേശ്വരന് ഇവിടെ അഷ്ടാഭിഷേകം
ശ്രീകുമാർ ശ്രീഭദ്ര
അതിവേഗം ആഗ്രഹസാഫല്യം ലഭിക്കുന്നതിന് ശ്രീപരമേശ്വരന് സമര്‍പ്പിക്കുന്ന സുപ്രധാന വഴിപാടാണ് അഷ്ടാഭിഷേകം.
പ്രഭാതത്തിലോ മദ്ധ്യാഹ്നത്തിലോ ഏത് പൂജയായാലും സ്‌നാനഘട്ടത്തില്‍ താള – മേള – വാദ്യങ്ങളോടെയും ഓം നമഃ ശിവായ മന്ത്രജപങ്ങളോടെയും പുറത്ത് ഭക്തരും, ശ്രീകോവിലില്‍ മേല്‍ശാന്തി ശ്രീരുദ്രം, പുരുഷസൂക്തം, സംവാദസൂക്തം, സപ്തശുദ്ധി തുടങ്ങിയ അഭിഷേക മന്ത്രങ്ങള്‍ കൊണ്ടും മഹാദേവന് എട്ട് തരം ദ്രവ്യങ്ങൾ അഷ്ടാഭിഷേകം ചെയ്യുന്നു. മഹാദേവന് സമര്‍പ്പിക്കുന്ന അഭിഷേകങ്ങളില്‍ അത്യുത്തമം അഷ്ടാഭിഷേകമാണ് എന്ന് വിശ്വസിക്കുന്നു. സര്‍വ്വാഭീഷ്ടസിദ്ധിക്ക് ഇത്രയും ഫലപ്രദമായ മറ്റൊരു വഴിപാടില്ല എന്നാണ് ഭക്തർ പറയുന്നത്. വിധി പ്രകാരം ഗന്ധതൈലം, പഞ്ചഗവ്യം, പഞ്ചാമൃതം, ഇളനീര്‍, തൈര്, തേന്‍, കളഭം, പശുവിന്‍ പാല്‍ എന്നിവയാണ് സമർപ്പിക്കേണ്ടത്.
എന്നാൽ ഈ വഴിപാട് ലളിതമായ രീതിയിൽ കൊല്ലം, കരുനാഗപ്പള്ളി, മരുതൂര്‍ക്കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ചെയ്തുവരുന്നുണ്ട്. കദളിപ്പഴം, ശര്‍ക്കര, കല്‍ക്കണ്ടം, ചെറുതേന്‍, നെയ്യ്, പശുവിന്‍ പാല്‍, ഇളനീര്‍, ഉണക്കമുന്തിരി, എന്നിവയാണ് ഇവിടെ അഷ്ടാഭിഷേകം നടത്താൻ ഉപയോഗിക്കുന്നത്. ഈ എട്ട് കൂട്ടം ദ്രവ്യങ്ങള്‍ ഇടിച്ചുപിഴിയാൻ മൂന്നടി വീതം നീളമുള്ള മൂന്ന് കരിമ്പ് ഒന്നിച്ച് കെട്ടി ഉലക്ക പോലാക്കിയും ഉപയോഗിക്കുന്നു. വഴിപാടുകാരുടെ പ്രാപ്തിയനുസരിച്ച് ദ്രവ്യങ്ങളുടെ അളവ് മിതമാക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യാം.
തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങൾ തിരുവാതിര നക്ഷത്രം എന്നിവ അഷ്ടാഭിഷേകം നടത്തുന്നതിന് ഏറ്റവും ഉത്തമമാണ്. ജന്മനക്ഷത്ര ദിവസവും നല്ലതാണ്. ഇതിന് വേണ്ട സാമഗ്രികൾ മുൻപ് വഴിപാടുകാർ തന്നെ ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. ഇപ്പോൾ ക്ഷേത്രത്തിൽ രസീതെടുത്താൽ മതി. കുറഞ്ഞത് 1000 രൂപയിലധികം ചെലവ് വരും. ദക്ഷിണ ഒഴിവാക്കിയുള്ള തുകയാണിത്. പതിനായിരം രൂപയെല്ലാം സാമാഗ്രികൾ ചെലവഴിച്ച് ഇത് നടത്തുന്നവർ ധാരാളമുണ്ട്. മലയാള മാസം ഒന്നാം തീയതിയും ഉത്സവ ദിവസങ്ങളുമൊഴികെ ഏത് ദിവസവും അഷ്ടാഭിഷേകം മുൻ കൂട്ടി ബുക്ക് ചെയ്ത് നടത്താം.
മുൻപ് വഴിപാടുകാർ അഷ്ടാഭിഷേകത്തിന് വേണ്ട ദ്രവ്യങ്ങൾ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്. അപ്പോൾ യഥാശക്തി സാധനങ്ങൾ വാങ്ങുമായിരുന്നു.
ശർക്കരയും കദളിപ്പഴവും മറ്റും 500 ഗ്രാം വീതം വാങ്ങി നൽകുമ്പോൾ ഒപ്പം 2 ലിറ്റര്‍ പശുവിന്‍പാലും 3 ഇളനീരും സമർപ്പിക്കുമായിരുന്നു. ശുദ്ധിയോടെ കറന്ന, ഒരു പശുവിന്റെ മാത്രം പാല്‍ ആകുന്നതാണ് ഉത്തമം. പാൽ ഒഴികെ എല്ലാ സാധനങ്ങളും തലേദിവസം വൈകിട്ട് ക്ഷേത്ര മേല്‍ശാന്തിയെ ഏല്പിക്കുമായിരുന്നു.. കാരണം, പ്രഭാതത്തില്‍ ജലധാരസമയത്ത് അഷ്ടാഭിഷേകം ആദ്യം നടത്തേണ്ടതായതിനാല്‍ ഉണക്കമുന്തിരി തലേദിവസം ക്ഷേത്രത്തിലെ കിണറിലെ ജലമെടുത്ത് അതിലിട്ട് കുതിർക്കേണ്ടതായിട്ടുണ്ട്. ചടങ്ങുദിവസം പ്രഭാതത്തില്‍ ശാന്തിക്കാര്‍ ഈ എട്ടുകൂട്ടങ്ങളെയും കരിമ്പാകുന്ന ഉലക്കകൊണ്ട് ഉരലില്‍ വെച്ച് അഭിഷേകം നടത്താനുള്ള പരുവത്തിലാക്കും. ശേഷം വലിയ പാത്രത്തിലെടുത്ത് ഏത് പൂജയിലായാലും സ്‌നാനഘട്ടത്തില്‍ സമര്‍പ്പിക്കും. ഈ വഴിപാടിന് ക്ഷിപ്രഫലസിദ്ധിയാണെന്ന് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
പഴയ കാലത്തെ മാർത്ത രാജവംശത്തിന്റെ പ്രധാന ക്ഷേത്രമായിരുന്നു മരുതൂര്‍ക്കുളങ്ങര മഹാദേവ ക്ഷേത്രം എന്ന് പറയപ്പെടുന്നു. ഇവിടുത്തെ പ്രതിഷ്ഠ ആനന്ദതാണ്ഡവ ഭാവത്തിൽ ഉള്ളതാണെന്നും അതല്ല രൗദ്ര ഭാവത്തിലുള്ളതാണെന്നും അഭിപ്രായമുണ്ട്. മാർത്ത രാജവംശം തിരുവിതാംകൂറിന് കീഴടങ്ങും മുൻപ് തന്നെ ക്ഷേത്രം അകവൂർ മനയ്ക്ക് ദാനം ചെയ്യുകയും പിന്നീട് ഭരണം ദേശവാസികളുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. കിഴക്ക് ദർശനമായ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മഹാമേരു ചക്രവും സാളഗ്രാമവുമുണ്ട്. ഗണപതി, ശാസ്താവ്, നാഗരാജാവ്, രക്ഷസ്സ്, മാടൻ, യക്ഷി എന്നിവർ ഉപദേവതകളാണ്. ക്ഷേത്രത്തിന് വടക്ക് ശിവന് മൂലസ്ഥാനമുണ്ട്. മകര മാസത്തിൽ ചതയം നാളിലാണ് കൊടിയേറി 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം നടക്കും.
(മരുതൂര്‍ക്കുളങ്ങര ക്ഷേത്ര ഭാരവാഹികളുടെ മൊബൈൽ നമ്പറുകൾ :
പി സുരേഷ് കുമാർ – പ്രസിഡന്റ് : 9388302288, പൊന്നൻ – സെക്രട്ടറി : 9447346313, ശശിധരൻ പിള്ള – ഓഫീസ് അക്കൗണ്ടന്റ് – 9446706854 )
ശ്രീകുമാർ ശ്രീഭദ്ര , +91 94472 23407
Story Summary: Significance and Benefits of Ashtabhishekam at Maruthoorkulangara Sree Mahadeva Temple, Alumkadavu,Kollam