Saturday, 23 Nov 2024
AstroG.in

ആദിത്യ, ശനി ദോഷങ്ങൾ തീരാൻ ഈ 18 നക്ഷത്രജാതർ ശിവനെ ഭജിക്കണം

ജ്യോതിഷരത്നം വേണു മഹാദേവ്

ആദിത്യനും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങൾ പരിഹരിക്കുന്നതിന് ഭഗവാൻ ശ്രീ പരമേശ്വരനെ ഉപാസിക്കുന്നത് വളരെ നല്ലതാണ്. ജാതകത്തിൽ അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന ആദിത്യനും ശനിയും സൃഷ്ടിക്കുന്ന ദോഷങ്ങൾ പരിഹരിക്കാൻ മാത്രമല്ല ഗോചരാൽ ഈ രണ്ടു ഗ്രഹങ്ങൾ കാരണം ഉണ്ടാകുന്ന ദോഷങ്ങളുടെ ശാന്തിക്കും ശിവഭജനമാണ് ഏറ്റവും ഉത്തമം. ആദിത്യദോഷ ശാന്തിക്ക് ഞായറാഴ്ചകളിലും ശനിദോഷ ശാന്തിക്ക് ശനിയാഴ്ചകളിലുമാണ് ശിവക്ഷേത്ര ദർശനം നടത്തേണ്ടത്.

ആദിത്യന്റെയും ശനിയുടെയും ദശാകാലത്ത് എല്ലാ മാസവും നമ്മുടെ ജന്മനക്ഷത്ര ദിവസം ശിവക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കുക തന്നെ വേണം. ശനിദശാകാലത്തും കണ്ടകശനി, ഏഴരശനി, അഷ്ടമശനി കാലത്തും കഴിയുന്നതും എല്ലാ ദിവസവും ശിവക്ഷേത്ര ദർശനവും നമ്മുടെ കഴിവിനൊത്ത തരത്തിലെ വഴിപാടുകളും നടത്തണം. ധാര, കൂവളദളാർച്ചന, അഷ്ടോത്തരാർച്ചന, മൃത്യുഞ്ജയ ഹോമം, ആയൂസൂക്തഹോമം ഇവ ഈ ഗ്രഹദോഷകാലത്ത് ശിവക്ഷേത്രത്തിൽ നടത്തുന്നതും നല്ലതാണ്. ദശാകാലമോ മറ്റ് ഗ്രഹപ്പിഴകളോ നോക്കാതെ തന്നെ രോഗശാന്തിക്കും ആരോഗ്യത്തിനും വേണ്ടി ദശാസന്ധി, ജന്മശനി, ജന്മമാസം എന്നിവയിൽ ജന്മനക്ഷത്ര ദിവസം മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണ്. അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി, തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ സൂര്യദശാകാലത്തും തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർ ശനിദശാകാലത്തും ശിവനെ ഭജിക്കുന്നത് നല്ലതാണ്.

സൂര്യൻ, ശനി എന്നീ ഗ്രഹങ്ങൾ അഷ്ടമത്തിൽ നിൽക്കുക. ആറാംഭാവവുമായി ഈ ഗ്രഹങ്ങൾക്ക് ബന്ധം വരിക, അഷ്ടമാധിപത്യം, മാരകത്വം ഇവയുണ്ടാകുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട ജാതക ദോഷങ്ങൾ. ആറാം ഭാവത്തിൽ സൂര്യൻ, ശനി എന്നിവ നിൽക്കുന്നതുമൂലം ഉണ്ടാകാവുന്ന ദോഷങ്ങൾക്ക് പരിഹാരമായി അഘോരഹോമം ശിവക്ഷേത്രത്തിൽ നടത്തുക. അതുപോലെ അപസ്മാരം ഉള്ളവർക്ക് അഘോരഘൃതം തയ്യാറാക്കി മന്ത്രജപത്തോടെ സേവിക്കുന്നത് ഗുണകരമാണ്. ആദിത്യനോ ശനിയോ മംഗല്യസ്ഥാനത്തു നിൽക്കുന്നവർ ഉമാമഹേശ്വരപൂജ, സ്വയംവരപൂജ എന്നിവ ജന്മനക്ഷത്രദിവസം നടത്തുന്നത് വിവാഹതടസം മാറ്റും. ധനം, ലാഭ സ്ഥാനങ്ങളിൽ ഈ ഗ്രഹങ്ങൾ സ്ഥിതിചെയ്യുകയോ അവയുടെ ആധിപത്യം ഉണ്ടാകുകയോ ചെയ്താൽ മൃത്യുഞ്ജയ മന്ത്രജപത്തോടെ പേരാൽ ചമത ഹോമിക്കുക.

അഞ്ച്, ഒൻപതു ഭാവങ്ങളുമായി സൂര്യനോ ചന്ദ്രനോ ബന്ധം ഉണ്ടായാൽ ശിവന്റെ ദക്ഷിണാമൂർത്തി ഭാവത്തെ ഭജിക്കുക. ദക്ഷിണാമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!