Monday, 30 Sep 2024
AstroG.in

ആദ്യം രാഖി അണിയിച്ചത് ശ്രീകൃഷ്ണന് ദ്രൗപതി; തിങ്കളാഴ്ച രക്ഷാബന്ധൻ

കേരളത്തിൽ അത്ര വലിയ ആഘോഷമല്ലെങ്കിലും
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ശ്രാവണ മാസത്തിലെ പൗർണ്ണമിയിൽ കാെണ്ടാടുന്ന സുപ്രധാന ചടങ്ങാണ് രക്ഷാബന്ധൻ. സഹോദരീ സഹോദര
സ്നേഹത്തിന്റെ ഉത്സവമായി പ്രകീർത്തിക്കുന്ന ഈ ആഘോഷത്തിൽ സഹോദരി സഹോദരന് രാഖി എന്ന വർണ്ണനൂൽ കെെത്തണ്ടയിൽ കെട്ടിക്കൊടുക്കുന്നു. രക്തബന്ധമുള്ളവർക്കും അല്ലാത്തവർക്കും ഈ ദിനത്തിൽ രാഖി കെട്ടി സഹോദരങ്ങളാകാം. ഇങ്ങനെ രക്ഷാബന്ധൻ അണിയിച്ചാൽ രക്തബന്ധമില്ലാത്ത
സഹോദരിയാണെങ്കിൽ പോലും സഹോദര സ്ഥാനത്തു നിന്ന് ആ സ്ത്രീയെ കാത്തുരക്ഷിക്കേണ്ട ചുമതല അയാൾക്കുണ്ട് എന്നാണ് സങ്കല്പം. വടക്കേ
ഇന്ത്യയിലും മഹാരാഷ്ട്രയിലും മറ്റും വിപുലമായാണ് മുൻപ് രക്ഷാബന്ധൻ നടത്തിയിരുന്നത്. വീടുകളിലും ഹാളുകൾ വാടകക്കെടുത്തും മറ്റും കൊണ്ടാടിയിരുന്ന ഈ ഉത്സവത്തിന് മഹാമാരി കാരണം ഇത്തവണ ശോഭ കുറഞ്ഞേക്കും.

രക്ഷാബന്ധൻ ദിനത്തില്‍ രാവിലെയാണ് ചടങ്ങ്. കുളിച്ച് ശുദ്ധമായി വിളക്ക് കൊളുത്തി എല്ലാ പ്രായത്തിലുമുള്ള സഹോദരിമാർ ഈശ്വരപൂജ നടത്തും. തുടർന്ന് അവർ മധുരവും പൂക്കളും സിന്ദൂരവും നിറച്ച താലങ്ങളിൽ പൂജിച്ച രാഖി കൊണ്ടുവന്ന് ആരതി ഉഴിഞ്ഞ് സഹോദരന്റെ വലത് കൈയ്യില്‍ ബന്ധിക്കും. ഇതോടൊപ്പം പാട്ടും നൃത്തവും സദ്യയും പതിവായിരുന്നു. വീടുവിട്ട് ദൂരദേശങ്ങളിൽ കഴിയുന്നവർക്ക് സഹോദരിമാർ രാഖി പോസ്റ്റിലും കൊറിയറിലും അയച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ രാഖി കെട്ടുന്ന സഹോദരിക്ക് ഉപഹാരമായി നവീന വസ്ത്രാഭരണങ്ങളും പണവുമെല്ലാം സഹോദരൻ സമ്മാനിക്കും. നാരിയല്‍ പൂര്‍ണ്ണിമ എന്നീ പേരിലും
ഇത് ആഘോഷിക്കാറുണ്ട്.

വേദങ്ങൾ വീണ്ടെടുക്കാൻ ഭഗവാൻ ശ്രീ മഹാവിഷ്ണു ഹയഗ്രീവനായി അവതാരമെടുത്ത ദിവസം എന്ന പ്രത്യേകതയും രക്ഷാബന്ധൻ ദിനത്തിനുണ്ട്.
ഹിന്ദുക്കൾ ഈ ദിവസത്തെ കൂടുതൽ പവിത്രവും, പാവനവുമായി കരുതുന്നത് അതിനാലാണ്.
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് രക്ഷാബന്ധന് ഒരു ഐതിഹ്യവുമുണ്ട്. ലോക നന്മയ്ക്കായി
മഹാദുഷ്ടനായ ശിശുപാലനെ ശ്രീകൃഷ്ണ ഭഗവാൻ നിഗ്രഹിക്കുകയുണ്ടായി. എന്നാൽ യുദ്ധത്തിനിടയിൽ ഭഗവാന്റെ കെെയിൽ മുറിവേറ്റ് രക്തം വാർന്നു. ഇത് കണ്ട് പരിഭ്രാന്തയായ ദ്രൗപതി സ്വന്തം പട്ടുടയാട വലിച്ചുകീറി കെെ കെട്ടിക്കൊടുത്തു. രക്ഷാബന്ധന്റെ ആരംഭം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്നു മുതൽ ദ്രൗപതിക്ക് എന്തു വിഷമം വന്നാലും അവിടെ
ഭഗവാൻ രക്ഷകനായി എത്തി. അങ്ങനെ പവിത്രമായ സഹോദരീ സഹോദര ബന്ധത്തിന്റെ മഹനീയതയ്ക്ക് തെളിവായി കൃഷ്ണനും ദ്രൗപതിയും തിളങ്ങുന്നു.

രാഖി കോർക്കുന്ന നൂലുകൾക്ക് ദിവ്യശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് സംബന്ധിച്ച് പല കഥകളും ചരിത്രത്തിലുണ്ട്. അതിലൊന്ന് സിക്കന്ദറും പുരുവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ടാണ്. യുദ്ധത്തിന് മുമ്പ് സിക്കന്ദറിന്റെ കാമുകി പുരുവിനെ സമീപിച്ച് കൈയിൽ രാഖി കെട്ടി സഹോദരനാക്കി; യുദ്ധത്തിൽ സിക്കന്ദറെ വധിക്കില്ല എന്ന് വാക്ക് വാങ്ങി. പ്രതിജ്ഞ പുരു പാലിക്കുകയും ചെയ്തു. രജപുത്രർ യുദ്ധത്തിന് പുറപ്പെടും മുന്‍പ് സ്ത്രീകൾ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വലതുകൈയില്‍ രക്ഷ ബന്ധിച്ചിരുന്നു. ശത്രു ജയത്തിനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും ഇത് സഹായിച്ചിരുന്നു എന്നാണ് വിശ്വാസം.

ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധൻ ദിവസം അറിയപ്പെടുന്നത്.
ബ്രാഹ്മണര്‍ ഒരു വര്‍ഷത്തെ പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് പഴയ പൂണൂൽ മാറ്റി പുതിയത് ധരിച്ച്
പുതിയൊരു രക്ഷാ കവചം അണിയുന്ന ദിവസമാണ് ആവണി അവിട്ടം. അവർ വേദോച്ചാരണവും മന്ത്രോച്ചാരണവും പൂജകളുമെല്ലാമായാണ് ഈ ദിവസം ആചരിക്കുന്നത്. യുവാക്കള്‍ വേദപഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്.

സരസ്വതി ജെ. കുറുപ്പ്
+91 90745 80476

error: Content is protected !!