Sunday, 22 Sep 2024
AstroG.in

ആധിവ്യാധികൾ അകറ്റാൻ മൃത്യുഞ്ജയ മന്ത്രം

മരുന്നും മന്ത്രവും എന്നൊരു ചൊല്ലുണ്ട്. രോഗങ്ങളെ നേരിടാൻ, അതിനെ അതിജീവിക്കാൻ മരുന്നിനൊപ്പം മന്ത്രവും ഒരു പരിധിവരെ ഗുണം ചെയ്യും എന്നാണ് ഇതിന്റെ പൊരുൾ. അനുഭവത്തിൽ നിന്നും ഇത് ശരിയാണെന്ന് മിക്കവർക്കും അറിയുകയും ചെയ്യാം. മനോബലമില്ലാത്തവരെയാണ് അസുഖങ്ങൾ പെട്ടെന്ന് കീഴടക്കുന്നത്. അവിടെയാണ് മന്ത്രങ്ങൾ പ്രയോജനപ്പെടുന്നത്. മന:ശക്തി നേടാൻ അളവറ്റ രീതിയിൽ മന്ത്രങ്ങൾ സഹായിക്കും. നിഷ്ഠയോടെയും ചിട്ടയോടെയും ജപിക്കണമെന്നു മാത്രം. പ്രതിസന്ധികളെ നേരിടാനുള്ള തികച്ചും പോസിറ്റീവായ സമീപനമാണ് മന്ത്രജപം. ജീവനും ആയുസിനും ഭയമുണ്ടാകുമ്പോൾ, അത്യാഹിതങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്ന മഹാമന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം. കുറഞ്ഞത്‌ ഒരു തവണയെങ്കിലും ജപിക്കുന്നത്‌ ആധിയും വ്യാധിയും അകറ്റാൻ വളരെ നല്ലതാണ്. ഇതു ഏറെ ശക്തിയുള്ള മഹാമന്ത്രമാണ്. അതിനാല്‍ ഇത് ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധിയുണ്ടാകണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി പ്രാണശക്തിയുടെ ബലം കൂട്ടാന്‍ മൃത്യുഞ്ജയ മന്ത്രം സഹായിക്കും.

ഋഗ്വേദത്തിൽ ശിവനെ സ്തുതിക്കുന്ന മഹാമന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണിത്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ പേരുകളിലും മഹാമൃത്യുഞ്ജയ മന്ത്രം അറിയപ്പെടുന്നു. മാര്‍ക്കണ്ഡേയ മുനിയാണ് ഈ മന്ത്രം ലോകത്തിനു നല്‍കിയത്. മൃത്യുഞ്ജയ മന്ത്രം സിദ്ധിച്ച ഒരേ ഒരു ഋഷിയാണ് മാര്‍ക്കണ്ഡേയൻ. ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ചു വേണം മൃത്യുഞ്ജയ മന്ത്രം ജപിക്കേണ്ടത്. ആദ്യം ധ്യാനം, തുടർന്ന് മന്ത്രം, ഇതാണ് ക്രമം. ഇത് ജപിച്ച ശേഷം അറിഞ്ഞും അറിയാതെയും ഭവിച്ച തെറ്റുകള്‍ക്ക് മഹാദേവനോട് ക്ഷമ ചോദിക്കുന്ന ക്ഷമാപണ മന്ത്രവും ജപിക്കണം.

ധ്യാനം

നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാം
നാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം
നമോനമ:
ശങ്കര പാര്‍വതിഭ്യാം

മന്ത്രം

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.

മന്ത്രാര്‍ത്ഥം

വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ എന്‍റെ മരണം സ്വാഭാവികമാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.

ഈ ജന്മത്തിൽ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടേണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യന് മുക്തിയിേലേക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

ക്ഷമാപണ മന്ത്രം

കരചരണകൃതം
വാക്ക് കായജം
കർമ്മജം വാ
ശ്രവണ നയനജം വാ
മാനസം വ്യാപരാധം
വിഹിതമവിഹിതം വാ
സർവമേതൽ ക്ഷമസ്വാ
ശിവ ശിവ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ

ജ്യോതിഷാചാര്യൻ കെ.ദേവീദാസ്,
+91-884 887 3088

error: Content is protected !!