ആപത്തിൽ പെടുന്നവരെ ഹനുമാൻ സ്വാമി രക്ഷിക്കും
വേദാഗ്നി അരുൺ സുബ്രഹ്മണ്യം
ആപത് ബാന്ധവനാണ് ആഞ്ജനേയ സ്വാമി. ആപത്തിൽ പെടുന്നവരുടെ ബന്ധുവായി മാറുന്ന കരുണാമയൻ. തന്റെ ഭഗവാനായ ശ്രീരാമചന്ദ്രനും സുഹൃത്തായ സുഗ്രീവനും വരെ ഹനുമാൻ സ്വാമി ഉത്തമ സുഹൃത്തായിരുന്നു.
ബദ്ധ ശത്രുവായി മാറിയ സഹോദരൻ ബാലി സുഗ്രീവനെ ദ്രോഹിച്ചതിന് കണക്കില്ല. ബാലിയുടെ ഉപദ്രവം ഭയന്ന് ഋഷ്യ മൂകാചലത്തിൽ ഒറ്റപ്പെട്ട് കഴിഞ്ഞപ്പോൾ പോലും ബാലി സുഗ്രീവനെ പീഡിപ്പിച്ചു കൊണ്ടിരുന്നു. ശാപം കാരണം
ബാലിക്ക് ഋഷ്യ മൂകാചലത്തിൽ പ്രവേശിക്കാൻ കഴിയില്ലായിരുന്നു. ആ മണ്ണിൽ ചവട്ടിയാൽ തല പൊട്ടിപ്പോകും എന്നായിരുന്നു ശാപം. എങ്കിലും ആ മണ്ണിൽ തൊടാതെ ബാലി സുഗ്രീവനെ ഉപദ്രവിച്ചു.
നിത്യവും നാല് സമുദ്രങ്ങളിൽ പോയി തീർത്ഥ സ്നാനങ്ങളും ധ്യാന ജപങ്ങളും ബാലി നടത്താറുണ്ടായിരുന്നു. ഒരു ദിക്കിൽ നിന്നും ഒരൊറ്റ ചാട്ടമാണ്. ബാലിയാൽ പീഡിപ്പിക്കപ്പെട്ട സുഗ്രീവൻ വസിക്കുന്ന ഋഷ്യ മൂകാചലത്തിന് മുകളിലൂടെ ആയിരുന്നു ഈ ചാട്ടമെല്ലാം. ചാട്ടത്തിനിടയിൽ അവിടെയിരിക്കുന്ന സുഗ്രീവൻ്റെ തലക്കിട്ടൊരു ചവിട്ട് പതിവായി. ഇക്കാര്യം ഹനുമാൻ അറിഞ്ഞു. അപമാനത്താലും പ്രാണവേദനയാലും കഴിയുന്ന സുഹൃത്തിനെ എങ്ങനെയും സഹായിച്ചേ പറ്റൂ എന്ന് ഹനുമാൻ സ്വാമി ചിന്തിച്ചു.
പിറ്റേന്ന് ബാലി ചാടുന്നതും കാത്ത് ഹനുമാൻ നിന്നു. ബാലിയുടെ കുതിപ്പിൽ അരക്കെട്ടിൽ പിടിച്ച് ഹനുമാൻ സ്വാമി തൂങ്ങി. വല്ലവിധത്തിലും ഇവനെ പിടിച്ച് മൂകാചലത്തിലിട്ടാൽ തല പൊട്ടി ചത്തുപോകുമല്ലോ എന്നാണ് ഹനുമാൻ സ്വാമി ചിന്തിച്ചത്. തന്നെ പിടികൂടിയവനെ കിഷ്കിന്ധയിലിട്ട് കൊല്ലാം എന്ന് ബാലിയും കരുതി. തുല്യ ബലവാന്മാരായ ഇവർ പരസ്പരം മത്സരിച്ചപ്പോൾ രണ്ടു പേരുടെയും കണക്കുകൾ തെറ്റി. പിടിച്ചത് ഹനുമാനാണെന്ന് ഒടുവിൽ ബാലിക്ക് മനസിലായി. അങ്ങനെ രണ്ടു പേരും ഒരു ഒത്തുതീർപ്പിലെത്തി. ഇനിമേൽ സുഗ്രീവനെ ദ്രോഹിക്കില്ലെന്ന് ബാലിയും ബാലിയെ ദ്രോഹിക്കില്ലെന്ന് ഹനുമാനും സമ്മതിച്ചു. അങ്ങനെ ബാലി കിഷ്കിന്ധയിലേക്കും ഹനുമാൻ
ഋഷ്യമൂകാചലത്തിലേക്കും തിരിച്ചുപോയി.
സ്വന്തം മിത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന ഹനുമാൻ സ്വാമിയെയാണ് ഇവിടെ കാണുന്നത്. ആപത്തിൽ സഹായിക്കുന്നവനാണല്ലോ യഥാർത്ഥ സുഹൃത്.
അസാധാരണ ശക്തി ലഭിക്കുന്നതിന് ഇനി പറയുന്ന മന്ത്രം സഹായിക്കും. എല്ലാ ദിവസവും 108 പ്രാവശ്യം വീതം ജപിക്കുക.
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ സ്വാഹാ
മന്ത്രോപദേശത്തിനും സംശയപരിഹാരത്തിന് ബന്ധപ്പെടാം:
-വേദാഗ്നി
അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
91 9447384985
(തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രം മേൽശാന്തി )