Monday, 23 Sep 2024
AstroG.in

ആപത്തുകൾ എല്ലാം അകറ്റും ശ്രീ ഹനുമത് പഞ്ചരത്‌ന സ്തോത്രം

മംഗള ഗൗരി
ശ്രീരാമദേവന്റെ തീവ്രഭക്തനാണ് ശ്രീ ഹനുമാൻ സ്വാമി. അനന്തമായ കരുത്തിന്റെയും അഗാധമായ വീര്യത്തിന്റെയും അപാരമായ ധൈര്യത്തിന്റെയും പ്രതീകമായ ആഞ്ജനേയ സ്വാമിയെ ഉപാസിച്ചാൽ ഏത് പ്രതിസന്ധിയിലും നമുക്ക് പിടിച്ചു നിൽക്കാനാകും. നിത്യജീവിതത്തിൽ നേരിടുന്ന വൈതരണികളും ബുദ്ധിമുട്ടുകളും തടസങ്ങളും മാത്രമല്ല ശത്രുക്കളെയും മറ്റ് പ്രതികൂല ഘടകങ്ങളെയും ശുഭാപ്തിവിശ്വാസപൂർവം തരണം ചെയ്യാൻ ഹനുമദ് പ്രീതി ഏതൊരു ഭക്തനെയും സഹായിക്കും. അത്രമാത്രം മന:ശക്തിയും ഊർജ്ജവും ഉന്മേഷവും ഉത്തേജനവും ഹനുമാൻ സ്വാമി പ്രദാനം ചെയ്യും. എല്ലാവർക്കും ആപൽ ബാന്ധവനായ ഹനുമാൻ സ്വാമിയെ ഭജിക്കാൻ ഒട്ടേറെ മന്ത്രങ്ങളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ശ്രീശങ്കരാചാര്യവിരചിതമെന്നാണ് വിശ്വസിക്കുന്ന ശ്രീ ഹനുമത് പഞ്ചരത്‌ന സ്തോത്രം

ഭാരതീയ പുരാണങ്ങളിലെ ചിരഞ്ജീവികളിൽ ഒന്നായ ആഞ്ജനേയ ഭഗവാനെ ഈ പഞ്ചരത്‌ന ശ്രീ ഹനുമത് പഞ്ചരത്‌ന സ്തോത്രം ചൊല്ലി നിത്യവും പ്രാർത്ഥിച്ചാൽ ഏറെക്കാലം എല്ലാ ഭൗതിക സുഖങ്ങളും അനുഭവിക്കുന്ന ശ്രീരാമഭക്തനായി ഭവിക്കാനാകും. ശ്രീരാമജയം എന്ന ഒരൊറ്റ ജപത്തിൽ സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ചിത്രാപൗർണ്ണമി. മേട മാസത്തിലെ പൗർണ്ണമിയാണ് ഹനുമാൻ സ്വാമിയുടെ അവതാര ദിവസം. അന്ന് വ്രതം നോറ്റ് ഓം ഹം ഹനുമതേ നമഃ എന്ന മൂലമന്ത്രം നൂറ്റെട്ട് പ്രാവശ്യം ചൊല്ലുക. ശേഷം ഹനുമത് പഞ്ചരത്‌ന സ്തോത്രം കഴിയുന്നത്ര തവണ ചൊല്ലുക. ഹനുമദ് പ്രീതിയാൽ രോഗ ദുരിതങ്ങൾ മറ്റ് കഷ്ടപ്പാടുകൾ എല്ലാം മാറി സർവ്വ കാമനകളും സാധിക്കും. വ്യാഴാഴ്ചകളും മൂലം നക്ഷത്രവും ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്താൻ നല്ല ദിവസങ്ങളാണ്.
ഹനുമദ് ജയന്തിക്ക് വ്രതം നോൽക്കുന്നവർ തലേന്ന് ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഹനുമദ് ജയന്തി നാൾ പൂർണ്ണ ഉപവാസം ഉത്തമം. അതിന് പറ്റുന്നില്ലെങ്കിൽ ഫലമൂലാദികൾ കഴിക്കാം. രാമനാമം ജപിച്ചും ഹനുമദ് മന്ത്രങ്ങൾ ചൊല്ലിയും വ്രതമെടുക്കണം. പിറ്റേന്ന് രാവിലെ ക്ഷേത്ര ദർശനം നടത്തി പാരണവിടാം.

ശ്രീ ഹനുമത്പഞ്ചരത്‌ന സ്തോത്രം

വീതാഖിലവിഷയേച്ഛം
ജാതനന്ദാശ്രൂപൂരളകമതൃച്ഛം
സീതാപതിദൂതാദ്യം
വാതാത്മജമദ്യഭാവയെ ഹൃദ്യം

( എല്ലാ വിഷയേച്ഛകൾ വെടിഞ്ഞവനും ആനന്ദാശ്രു പൊഴിച്ച് പുളകമണിഞ്ഞവനും ശ്രീരാമചന്ദ്രന്റെ മുഖ്യദൂതനും ഹൃദയഹാരിയുമായ വായു പുത്രനെ (ഹനുമാനെ) ഞാൻ സദാ ധ്യാനിക്കുന്നു.)

തരുണാരുണമുഖകമലം
കരുണാരസപുരപൂരിതാപാങ്ഗം
സഞ്ജീവനമാശാസേ
മഞ്ജുളമഹിമാനമഞ്ജനാഭാഗ്യം

(നല്ല തുടുത്തമുഖമാകുന്ന താമരയോട് കൂടിയവനും കാരുണ്യരസപ്രവാഹം നിറഞ്ഞ കടക്കണ്ണുകളോട് കൂടിയവനും ഏവരെയും ഉജ്ജീവിപ്പിക്കുന്നവനും നിരതിശയ മഹിമാശാലിയുമായ അഞ്ജനാപുത്രനെ ഞാൻ എപ്പോഴും ആശ്രയിക്കുന്നു.)

ശംബരവൈരിശരാതിഗ
മംബുജദളവിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം
ബിംബജ്വലിതോഷ്ഠകേമവലംബേ

(കാമബാണങ്ങൾക്കതീതനും കമലദളം പോലെ വിശാലമായ നേത്രങ്ങൾ കൊണ്ട് മനോഹരനും ശംഖം പോലുള്ള കണ്ഠമുള്ളവനും വായുദേവന്റെ ഭാഗ്യവും ബിംബം (ചെന്തൊണ്ടിപ്പഴം) പോലെ ജ്വലിക്കുന്ന ചുണ്ടുകളോടു കൂടിയവനും ആയ ആഞ്ജനേയനെ ഞാൻ ആശ്രയിക്കുന്നു.)

ദൂരീകൃതസീതാർത്തി:
പ്രകടീകൃതരാമവൈഭവസ്ഫൂർത്തി
ദാരിതദശമുഖകീർത്തി
പുരതോമമഭാതുഹനുമതോ മൂർത്തി:

(സീതാദേവിയുടെ ദു:ഖമകറ്റിയവനും ശ്രീരാമ വൈഭവത്തിന്റെ മഹത്ത്വം പ്രകടമാക്കിയവനും രാവണന്റെ കീർത്തി നശിപ്പിച്ചവനും ആയ ഹനുമദ് മൂർത്തി എന്റെ മുമ്പിൽ വിളങ്ങേണമേ )

വാനരനികരാധ്യക്ഷം
ദാവനവകുല കുമുദരവികരസദൃക്ഷം
ദീനജനാവനദക്ഷം
പവനതപ:പാകം പുഞ്ജമദ്രാക്ഷം

(വാനരയൂഥനാഥനും അസുര വംശമാകുന്ന ആമ്പലിന് സൂര്യകിരണം പോലെ സങ്കോചം ഉളവാക്കുന്നവനും ദീനജനങ്ങളുടെ രക്ഷണത്തിൽ നിപുണനും വായുദേവന്റെ തപസിന്റെ ഫലവുമായ ആ ദിവ്യഹരീശ്വരനെ ഞാനിതാ കാണുന്നു.)

ഏതത്പവനസൂതസ്യ
സ്തോത്രം യ: പഠതിപഞ്ചരത്‌നാഖ്യം
ചിരമിഹനിഖിലാൻഭോഗാൻ
ഭുക്ത്വാ ശ്രീരാമഭക്തിമാൻ ഭവതി

( പഞ്ചരത്‌നമെന്നുപേരുള്ള ഈ ഹനുമത്‌ സ്തോത്രം ചൊല്ലുന്നവൻ ഏറെക്കാലം എല്ലാ സുഖങ്ങളും അനുഭവിക്കുന്ന ശ്രീരാമഭക്തനായി ഭവിക്കും.)

മംഗള ഗൗരി

Story Summary: Significance of Hanuman Panch Ratna Sthothram

error: Content is protected !!