Sunday, 29 Sep 2024
AstroG.in

ആയില്യം നാളെ; തുടർച്ചയായി മൂന്നു തവണ ആയില്യപൂജ നടത്തിയാൽ സർവാഭീഷ്ടസിദ്ധി

തരവത്ത് ശങ്കരനുണ്ണി
മീന മാസത്തിലെ ആയില്യം ഏപ്രിൽ 1 ശനിയാഴ്ചയാണ്. ഈ ദിവസം സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും ആയില്യ വ്രതം അനുഷ്ഠിക്കുന്നതും സന്താന ക്ഷേമത്തിനും മന:ശാന്തിക്കും സർവൈശ്വര്യത്തിനും കാര്യസിദ്ധിക്കും വളരെയധികം ഗുണപ്രദമാണ്.

സങ്കടങ്ങളും ദോഷദുരിതങ്ങളും പരിഹരിക്കാൻ എല്ലാ മാസവും ആയില്യം നാളിൽ ആയില്യ പൂജ നടത്തുക ഉത്തമ മാർഗ്ഗമാണ്. ആയുരാരോഗ്യ സൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല. നാഗസന്നിധികളിൽ ആയില്യപൂജ, നൂറും പാലും, സർപ്പബലി, കമുകിൻ പൂക്കുല സമർപ്പണം എന്നീ വഴിപാടുകൾ നടത്തുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി കൈവരും. സർപ്പദോഷ പരിഹാരമായി അനുഷ്ഠിക്കാവുന്ന ചില വഴിപാടുകൾ:

നൂറും പാലും
നാഗദൈവങ്ങൾക്ക് പൊതുവേ എല്ലാവരും ചെയ്യുന്ന വഴിപാടാണ് നൂറും പാലും. മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർത്ത മിശ്രിതമാണിത്. ഇത് നാഗങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളതും അമൃതിനു തുല്യവുമാണ്.

ആയില്യപൂജ
നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള നക്ഷത്രമാണ് ആയില്യം. ഈ ദിവസം നാഗ സന്നിധികളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും നാഗസന്നിധികളിൽ നടക്കുന്നു. വർഷത്തിൽ ഒരു തവണയെങ്കിലും കുടുംബ ക്ഷേത്രത്തിലോ നാഗ ക്ഷേത്രത്തിലോ ആയില്യ പൂജ നടത്തുന്നത് ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഐശ്വര്യത്തിനും വളരെ ഗുണപ്രദമാണ്. നാഗക്ഷേത്രത്തിൽ തുടർച്ചയായി മൂന്നുതവണ ആയില്യപൂജ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. നാഗത്താന്മാരെ മന‌സിൽ ധ്യാനിച്ച് ഈ മൂന്നു പൂജകളും അനുഷ്ഠിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും തീർന്ന് ഫലസിദ്ധി കൈവരും. സർപ്പദോഷപരിഹാരമായി നടത്തുന്ന വഴിപാടിന്റെ സമാപനപൂജ ആ മാസത്തെ ആയില്യം നാളിലാണ്. മംഗല്യ ഭാഗ്യം, സർവ്വാഭീഷ്ടസിദ്ധി, സന്താനലബ്ധി, സർവ്വൈശ്വര്യം തുടങ്ങിയവയ്ക്ക് പ്രാർത്ഥിക്കാൻ മാസം തോറുമുള്ള ആയില്യ പൂജയ്ക്ക് എല്ലാ നാഗാരാധനാലയങ്ങളിലും ധാരാളം ഭക്തർ എത്തുന്നു.

പ്രത്യേക ആയില്യപൂജ
ആയില്യം നാളിലല്ലാതെ ഭക്തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ ഇഷ്ടമുള്ള മറ്റു നക്ഷത്രങ്ങളിലോ പ്രത്യേകമായി ആയില്യപൂജ നടത്താം.

സർപ്പരൂപപൂജ
നിത്യപൂജയിൽ ഓരോരുത്തരുടെയും പേരും നക്ഷത്രവും പറഞ്ഞ് ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ് സർപ്പരൂപ പൂജ.

വെള്ളരി
നാഗദൈവങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ് വെള്ളരി. ഉണങ്ങലരി, നാളികേരം എന്നിവ സഹിതമാണ് വെള്ളരി സമർപ്പിക്കുന്നത്. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ് വെള്ളരി പൂർണമാവുന്നത്.

സർപ്പദോഷപരിഹാരപൂജ
സർപ്പദോഷപരിഹാരാർത്ഥം ദോഷത്തിൽ നിന്നു നിവൃത്തി കിട്ടാൻ നടത്തുന്ന പൂജയാണ് സർപ്പദോഷപരിഹാര പൂജ. ജ്യോതിഷവിധിപ്രകാരം മാത്രമേ സർപ്പദോഷപരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണ്ണം, വെള്ളി, ചെമ്പ്, എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ രൂപം നിർമ്മിച്ചു കൊണ്ടു വന്നു നടയ്ക്ക വച്ചുവേണം സർപ്പദോഷപരിഹാര പൂജ നടത്താൻ. രൂപത്തിന് വലിപ്പമോ തൂക്കമോ ബാധകമല്ല. വലിയ സമ്പത്തിക ശേഷി ഇല്ലാത്ത ഭക്തരെ ഉദ്ദേശിച്ചാണിത്. ഇത്ര തൂക്കത്തിൽ വേണം എന്ന് ചില ജ്യോത്സ്യന്മാരും ശാന്തിക്കാരും പറയാറുണ്ട്. അതിൽ കാര്യമില്ല. ഈ പൂജ നടത്താൻ പ്രശ്‌നച്ചാർത്ത് കാണിക്കുകയോ അല്ലെങ്കിൽ വിവരങ്ങൾ വിശദമായി ധരിപ്പിക്കുകയോ വേണം.

സർപ്പപ്പാട്ട്
സർപ്പപ്രീതിക്കുവേണ്ടി നാഗദൈവങ്ങളെ സ്തുതിച്ചുകൊണ്ട് പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്.
സർപ്പബലി, പായസഹോമം
നാഗദൈവങ്ങളെ സംപ്രീതരാക്കാൻ ഏറ്റവും ഉത്തമമായ പൂജയാണ് സർപ്പബലി. പരശുരാമന്റെ കൽപന പ്രകാരമാണ് സർപ്പങ്ങളെ സ്ഥലദേവതകളായി സ്വീകരിപ്പിച്ച് സർപ്പക്കാവുകൾ പണിതീർപ്പിച്ചത്. ഓരോ പറമ്പുകളിലും പ്രത്യേക സ്ഥലങ്ങളെ പാമ്പുംകാവുകളാക്കി തിരിച്ച് നാഗപ്രതിഷ്ഠ നടത്തുകയും കൊല്ലം തോറും സർപ്പപ്രീതിവരുത്തി കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്തപ്പോൾ സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന് പരശുരാമചരിതത്തിൽ പറയുന്നു.

കാവ് ആവാഹനം
തറവാടുകളോട് ചേർന്നു കിടക്കുന്ന കാവുകളിൽ നാഗദൈവങ്ങൾക്ക് ആചാരപ്രകാരമായ പൂജകൾ നടത്തുന്നതിന് തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തറവാട്ടിലെ നാഗങ്ങളെ നാഗരാജക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടു വന്നു നിത്യവും പൂജയും കർമ്മങ്ങളും നൽകി ശാന്തി വരുത്തുന്ന രീതിയാണ് കാവ് ആവാഹനം. അങ്ങനെ ചെയ്താൽ ആ തറവാട്ടിലെ അതായത് ആ കുലത്തിലെ ഓരോ കണ്ണികളുടെയും സർപ്പദോഷം തീരും. അവർക്ക് സത്‌സന്താനലബ്ധിയും സമ്പൽസമൃദ്ധിയും സർവ്വൈശ്വര്യവും ലഭിക്കും. പാമ്പാടി ശ്രീനാഗരാജക്ഷേത്രത്തിലേക്ക് കാവുകളിൽ നിന്നും ആവാഹിച്ചു കൊണ്ടുവരുമ്പോൾ ക്ഷേത്രഊരാളന്മാരും തന്ത്രിയും കൂടി ആ തറവാട്ടിൽ ചെന്ന് മുടങ്ങിയ പൂജകൾക്കും അനുഷ്ഠാനങ്ങൾക്കും നിവൃത്തി വരുത്തുന്നതിന് വേണ്ട കർമ്മങ്ങൾ ചെയ്ത് പ്രാർത്ഥിക്കും. നാഗദൈവങ്ങൾ പ്രസാദിക്കണം, ഞങ്ങൾ സന്തോഷത്തോടെ പാമ്പാടി ശ്രീ പാമ്പും കാവിലേക്ക് ആവാഹിക്കുന്നു. ഇന്നു മുതൽ മുടങ്ങാതെ പൂജ നടത്തിക്കൊള്ളാം എന്ന് സത്യം ചെയ്താണ് പ്രാർത്ഥന. സ്വർണ്ണം, വെള്ളി, വിഗ്രഹങ്ങളിലേക്കാണ് ആവാഹനം നടത്താറുള്ളത്. വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച നാഗ ചൈതന്യം ക്ഷേത്രത്തിൽ കൊണ്ടുവന്ന് പൂജിക്കുമ്പോൾ കാവിലെ നാഗങ്ങൾ നാഗരാജക്ഷേത്രത്തിൽ ലയിക്കും എന്നാണ് വിശ്വാസം. ഇതിനു മുൻകൂട്ടി ക്ഷേത്രത്തിൽ വിവരം ലഭിക്കണം. ജ്യോത്‌സ്യവിധിപ്രകാരം മാത്രമേ പാമ്പാടി ശ്രീ പാമ്പുംകാവിൽ കാവ് ആവാഹനം സ്വീകരിക്കാറുള്ളൂ. ഇങ്ങനെ ആവാഹനം നടത്തിയാലും വർഷത്തിൽ ഒരിക്കലെങ്കിലും ഈ തറവാട്ടുകാർ ആ നാഗ ക്ഷേത്രത്തിൽ വന്ന് തൊഴുതു പ്രാർത്ഥിക്കണം. സാദ്ധ്യമെങ്കിൽ വർഷത്തിൽ പൂജ നടത്തി വെള്ളരിയിട്ട് പാമ്പും കാവുകൾ തറവാട്ടിൽ നിലനിറുത്തുന്നതാണ് ഉത്തമം.

തരവത്ത് ശങ്കരനുണ്ണി,

+ 91 9847118340

Story Summary: Significance of Monthly Ayilya Pooja

error: Content is protected !!