Friday, 22 Nov 2024
AstroG.in

ആയില്യം, വൈക്കത്തഷ്ടമി, തൃപ്രയാർ ഏകാദശി; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2023 ഡിസംബർ 3 – 9)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

2023 ഡിസംബർ 3 ന് കർക്കടകക്കൂറ് ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ ആയില്യം പൂജ, വൈക്കത്തഷ്ടമി, തൃപ്രയാർ ഏകാദശി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് ആയില്യം .
ഒരേ ദിവസം വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ഭാവങ്ങൾ കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ വൃശ്ചികത്തിലെ വൈക്കത്തഷ്ടമി ഡിസംബർ 5 നാണ്. ഡിസംബർ 5-ന് പുലര്‍ച്ചെ 4:30 മുതലൽ അഷ്ടമി ദര്‍ശനം നടക്കും. ക്ഷേത്രത്തിന് കിഴക്ക് ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമ്മേതനായി ദര്‍ശനം നല്‍കിയ മുഹൂര്‍ത്തമാണ് അഷ്ടമിദര്‍ശനമായി കൊണ്ടാടുന്നത്. അടുത്ത ദിവസം ആറാട്ടോടെ ഉത്സവം സമാപിക്കും. വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശി ഡിസംബർ 9 ശനിയാഴ്ചയാണ്. തൃപ്രയാർ ശ്രീരാമസ്വാമിക്ക് വിശേഷമായ ഈ ഏകാദശിയെ തൃപ്രയാർ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഉല്പന്ന ഏകാദശി എന്നാണ് ഇത് ദേശീയമായി അറിയപ്പെടുന്നത്. ഭഗവാൻ ശ്രീ മഹാവിഷ്ണു മുരാസുരനെ നിഗ്രഹിച്ച ദിനമാണത്രേ ഇത്. ഗുരുവായൂർ ഏകാദശി, ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവ പോലെ പ്രധാനമാണ് ഈ ഏകാദശി വ്രതാചരണവും. ഡിസംബർ 9 ന് ചോതി നക്ഷത്രത്തിൽ വാരം അവസാനിക്കും.

ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടും. പല വഴികളിലൂടെ പണം സമ്പാദിക്കും. കുടുംബാന്തരീക്ഷം സന്തോഷകരവുമാകും. നല്ല വാർത്തകൾ കേൾക്കും. ഗൃഹോപകരണങ്ങൾ വാങ്ങും. സാമ്പത്തികമായി നേട്ടമുണ്ടാകും. പൊതു പ്രവർത്തകർ ജനപ്രീതി നേടും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തും.
കൃഷിയിൽ നിന്ന് ആദായം വർദ്ധിക്കും. കർമ്മരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാകും. ആരോപണങ്ങളിൽ നിന്നും രക്ഷ നേടും. വിദേശത്ത് ജോലി കിട്ടാൻ സാധ്യതയുണ്ട്. എന്നും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
സത്സംഗം ദുർചിന്തകൾ അകറ്റാൻ അത്യാവശ്യമാണ്. അവരുടെ വാക്കുകൾ വിഷാദത്തിൽ നിന്ന് കരകയറാൻ സഹായകമാകും. സാമ്പത്തിക കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണം. നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തുക. കുടുംബപരമായ ആവശ്യങ്ങൾക്ക് ഓഫീസിൽ നിന്ന് അവധി എടുക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടും ബിസിനസിലും വളരെയധികം പ്രശംസയും പുരോഗതിയും ലഭിക്കും. പ്രണയ പ്രതീക്ഷകൾക്ക് ചില തിരിച്ചടികൾ നേരിടും. കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ലഭ്യമാകും. നിത്യവും 108 ഉരു ഓം ശ്രീം നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
പണം കയ്യിൽ വച്ചിരിക്കുന്നിടത്തോളം ചെലവുകൾ വർദ്ധിക്കുന്നത് തുടരുമെന്ന് മനസ്സിലാക്കും. അതിനാൽ അധികമുള്ള പണം സുരക്ഷിതമായി നിക്ഷേപിക്കണം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകും. മാതാപിതാക്കളെ സഹായിക്കും. ബിസിനസ് കാര്യങ്ങളിൽ നേട്ടം കൈവരിക്കും. ഉദ്യോഗക്കയറ്റത്തിന് സാധ്യത കാണുന്നു. വിദ്യാർത്ഥികൾ വിനോദത്തിന് പ്രാധാന്യം നൽകി അവസരങ്ങൾ മുതലെടുക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെടും. ഉത്തരവാദിത്തങ്ങൾ നിറവേറ്റും. വിഷ്ണു അഷ്ടോത്തരം എന്നും ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ജീവിതപങ്കാളിയിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ സ്നേഹവും പിന്തുണയും ലഭിക്കും. ആഢംബരത്തിൽ താല്പര്യം കൂടും. എടുത്തു ചാട്ടവും അമിത പ്രതികരണവും സൽപ്പേര് കളങ്കപ്പെടുത്തും. ബിസിനസിൽ നല്ല ഫലങ്ങൾ ലഭിക്കും. തൊഴിൽപരമായി നല്ലതും ശരിയായതുമായ പാത പിൻതുടരും. വിദേശ കമ്പനിയിൽ ജോലി ചെയ്യാൻ ക്ഷണം കിട്ടും. വിദേശ പഠനത്തിന് വളരെക്കാലമായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതികൂല വാർത്ത ലഭിക്കാം. നല്ല സ്വഭാവം കാരണം മറ്റുള്ളവരുടെ ഇഷ്ടം നേടും. സർപ്പ പ്രീതി നേടാൻ വഴിപാട് നടത്തുന്നത് നല്ലത്.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മാനസിക പിരിമുറുക്കം വർദ്ധിക്കും. സുപ്രധാനമായ തീരുമാനങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഏകാന്തത അനുഭവപ്പെടും ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾക്ക് എല്ലാ സാധ്യതകളും ഉണ്ട്. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർക്ക് മുൻകാലത്തെ എല്ലാ നഷ്ടവും മറികടക്കാൻ കഴിയും. കർമ്മരംഗത്ത് സമയം വളരെ മികച്ചതായിരിക്കും. പദ്ധതികൾ നന്നായി ആസൂത്രണം ചെയ്യും. ബിസിനസ്സ് വിപുലീകരിക്കുന്നതിന് പ്രമുഖവ്യക്തിയെ കാണും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും. ഓം നമഃ ശിവായ 108 തവണ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
എളുപ്പത്തിൽ പണം നേടാൻ കഴിയും. കടം കൊടുത്ത
പണം തിരിച്ചു കിട്ടും. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് കുറച്ച് പണം സമ്പാദിക്കാനും സാധ്യതയുണ്ട്. ആരോഗ്യം
സംബന്ധിച്ച കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതാണ്.
കുടുംബത്തിൽ സന്തോഷകരമായ ഒരു അന്തരീക്ഷം
സംജാതമാകും. ജോലിയും മറ്റ് ചില തിരക്കുകളും മൂലം പ്രിയപ്പെട്ടവരെ കണാനും ആശയവിനിമയം നടത്താനും കഴിയില്ല. എതിരാളികൾ ദൗർബല്യങ്ങൾ മുതലെടുക്കും.
കർമ്മപദ്ധതികൾ എല്ലാവരുമായി പങ്കിടുന്നത് ദോഷം ചെയ്യും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
കുടുംബ സ്വത്തിൽ നിന്ന് കൂടുതൽ ആദായം ലഭിക്കാൻ സാധ്യത കാണുന്നു. അതിയായി ആവേശം പ്രകടിപ്പിച്ച് കുഴപ്പങ്ങളിൽ ചാടരുത്. കായിക രംഗത്ത് അസുലഭമായ നേട്ടങ്ങൾ കൈവരിക്കും. വിവേകം നഷ്ടപ്പെടുത്തരുത്. ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾക്ക് എല്ലാ സാധ്യതകളും ഉണ്ട്. മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. പ്രണയത്തിൽ ചില നിരാശകൾ ഉണ്ടാകാനിടയുണ്ട്. പങ്കാളിയിൽ നിന്ന് സ്നേഹവും പിന്തുണയും ലഭ്യമാകും.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ധൈര്യപൂർവം പിടിച്ചു നിൽക്കും. ഓം ശ്രീം നമഃ 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
കർമ്മരംഗത്ത് നടപ്പിലാക്കിയ പുതിയ ആശയങ്ങൾക്ക് അംഗീകാരവും പ്രശംസയും ലഭിക്കും. മാനസികമായ സമ്മർദ്ദങ്ങളിൽ നിന്നും മുക്തരാകും. വിദേശത്ത് ജോലി ലഭിക്കും. ചെലവുകൾ നിയന്ത്രിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും വർധിക്കും. വീട്ടിൽ മംഗള കർമങ്ങൾ നടക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറും. ആരോഗ്യം തൃപ്തികരമാവും. എല്ലാവരേയും അമിതമായി വിശ്വസിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കണം. പരീക്ഷയിൽ മികച്ച പ്രകടനം നടത്തും. ദിവസവും 108 ഉരു ഓം ഗം ഗണപതിയേ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രതീക്ഷിച്ചതിലധികം പണം ചെലവഴിക്കേണ്ടി വരും. കൂട്ടുകെട്ടിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരും. ദുശീലങ്ങൾ ഉപേക്ഷിക്കാൻ ശ്രമിക്കും. ദാമ്പത്യജീവിതത്തിൽ ചില വിഷമങ്ങൾക്ക് സാധ്യതയുണ്ട്. ശാരീരികമായ അവശതകൾ കുറയും. സാമ്പത്തിക തടസ്സങ്ങൾ മാറും. കുടുംബസ്വത്ത് ഭാഗം വച്ചു കിട്ടും. വിദൂരയാത്രകൾക്ക് സാധ്യതയുണ്ട്. ഭൂമി വാങ്ങി ഗൃഹനിർമ്മാണം തുടങ്ങും. സഹപ്രവർത്തകർ സഹായിക്കും. ജോലികൾ മാറ്റിവയ്ക്കുന്ന പ്രവണത ഒഴിവാക്കണം. നിത്യവും ഓം നമഃ ശിവായ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സന്താനയോഗമുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില സ്വ‌പ്നങ്ങൾ സഫലമാകും. മന:സമാധാനം വർദ്ധിക്കും.
നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് അടുപ്പമുള്ള ചിലർ പ്രേരിപ്പിക്കും. ചിലർ വിദേശത്ത് സ്ഥിരതാമസമാക്കാൻ തീരുമാനിക്കും. പ്രണയ ബന്ധം സാക്ഷാത്കരിക്കാൻ സാഹചര്യം അനുകൂലമാകും. വാഹനരംഗത്ത് ഗുണം ഉണ്ടാകും. വ്യവഹാരത്തിൽ വിജയിക്കും. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് ഒരു പ്രധാന തീരുമാനം എടുക്കാൻ കഴിയും. മക്കളെക്കുറിച്ചുള്ള പ്രതീക്ഷകൾ സഫലമാകും.
നിത്യവും ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
അനാവശ്യ ചെലവുകളിൽ നിയന്ത്രണം പാലിക്കണം.
മറ്റുള്ളവരുടെ ജോലിയിൽ എന്തെങ്കിലും ഒരു പോരായ്മ കണ്ടെത്തുന്ന ശീലത്തിൽ മാറ്റം വരുത്തണം. പ്രണയ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കും. കുടുംബാംഗങ്ങളുമായി കലഹിക്കരുത്. ജോലിയുമായി ബന്ധപ്പെട്ട ജീവിതത്തിൽ ചില പുതിയ വെല്ലുവിളികൾ അനുഭവപ്പെടും. കർമ്മരംഗത്ത് പുതിയ പദവികൾ ലഭിക്കും. ദീർഘകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. സന്താനങ്ങൾ കാരണം അഭിമാനിക്കും.
നിത്യവും 108 ഉരു ഓം നമോ നാരായണായ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കും. സാമൂഹ്യരംഗത്ത് തിളങ്ങും. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ക്ഷമ കൈവിടരുത്. സമ്പാദ്യം വീട്, ഭൂമി അല്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ നിക്ഷേപിക്കാൻ കഴിയും. സ്വർണ്ണാഭരണങ്ങൾ വാങ്ങിയാൽ ഭാവിയിൽ മികച്ച ലാഭം നേടാൻ സാധിക്കും. വാക്കുകൾ നിയന്ത്രിക്കേണ്ടതാണ്. തർക്കവും തെറ്റിദ്ധരണയും പരിഹരിക്കാൻ ശ്രമിക്കണം. ജോലിസ്ഥലത്ത് പുരോഗതി കാണും. ഇക്കാരണത്താൽ, സഹപ്രവർത്തകർ പ്രശംസിക്കും. പരീക്ഷയിൽ തിളങ്ങും.
നിത്യവും ഓം ശരവണ ഭവഃ 108 തവണ ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ +91 9847575559

error: Content is protected !!