Saturday, 23 Nov 2024
AstroG.in

ആയുർദോഷങ്ങൾക്ക് പരിഹാരം തൃപ്രങ്ങോട്ടപ്പൻ

പി.എം. ബിനുകുമാർ
ആയുർദോഷങ്ങളെ കുറിച്ചുള്ള ആശങ്കകളും മരണഭീതിയും എല്ലാവരെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും ഒരു പരിഹാരവുമില്ലാതെ മനുഷ്യരെ വിട്ടൊഴിയാത്തത് മരണഭയം മാത്രമാണ്. അങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽതുമ്പിലൂടെയുള്ള ജീവിതത്തിൽ ഏവരും ആഗ്രഹിക്കുന്നത് ഒന്നു മാത്രം: എങ്ങനെ ആയുർ ദേഷങ്ങൾ അകറ്റി ആയുർദൈർഘ്യം വർദ്ധിപ്പിക്കാം.

തൃപ്രങ്ങോട്ടപ്പനെ ഉപാസിക്കുകയാണ് ഭക്തി, വിശ്വാസപരമായി ഇതിനുള്ള ഏറ്റവും മികച്ച പരിഹാര മാർഗ്ഗം. സാക്ഷാൽ കാലകാലനായ തൃപ്രങ്ങോട്ടപ്പന് ശംഖാഭിഷേകം നടത്തുകയാണ് മരണഭീതി അകറ്റുന്നതിനും ആയുരാരോഗ്യ സൗഖ്യത്തിനുമുള്ള
സിദ്ധൗഷധം. ഇവിടെ തന്ത്രിയാണ് ശംഖാഭിഷേകം നടത്തുന്നത്. ഇത് പന്തീരടി പൂജയോടെ ആരംഭിക്കുന്നു. ഈ അഭിഷേകത്തിന്റെ ദിവ്യമന്ത്രം അറിയുന്നത് തന്ത്രി കുടുംബത്തിന് മാത്രമാണ്.

മാർക്കണ്ഡേയ കഥയുമായി ബന്ധപ്പെട്ടതാണ് തൃപ്രങ്ങോട് ക്ഷേത്രത്തിന്റെ ചരിത്രം. മൃഗന്ധു മഹർഷി ശിവനെ തപസുചെയ്ത് എല്ലാം തികഞ്ഞ മാർക്കണ്ഡേയൻ എന്ന യോഗ്യനായ മകനെ നേടി. എന്നാൽ 16 വയസ് വരെ മാത്രമായിരുന്നു അവന് ആയുസ്. കൃത്യം 16-ാം വയസിൽ മാർക്കണ്ഡേയനെ കൊണ്ടു പോകാൻ യമനെത്തി. മരണവക്ത്രത്തിൽ നിന്നും രക്ഷപ്പെടാൻ മാർക്കണ്ഡേയൻ ശരണം പ്രാപിച്ചത് തിരുനാവായ നാവാ മുകുന്ദനെയാണ്. സമയം കളയാതെ ഉടൻ പിൻവാതിലിലൂടെ തൃപ്രങ്ങോട്ടേക്ക് ഓടിക്കോള്ളു എന്ന അശരീരി കേട്ട് ബാലൻ ഇറങ്ങിയോടി, തൃപ്രങ്ങോട് ശിവ ക്ഷേത്രത്തിലെത്തി; ശിവലിംഗത്തിൽ കെട്ടിപിടിച്ച് കിടന്ന് സ്വന്തം ആയുസിനായി യാചിച്ചു. പിന്നാലെയെത്തിയ ധർമ്മരാജനായ യമൻ മാർക്കണ്ഡേയന്റെ നേർക്ക് കാലപാശം എറിഞ്ഞു. അത് മാർക്കണ്ഡേയനൊപ്പം ശിവലിംഗത്തിൽ കൂടിയാണ് പതിച്ചത്. തന്റെ മേൽ കാലപാശമെറിഞ്ഞതിൽ കോപക്രാന്തനായ ശിവഭഗവാൻ അപ്പോൾ തന്നെ ധിക്കാരിയായ യമനെ വധിച്ചു. അങ്ങനെയാണ് ശിവന് മ്യത്യുഞ്ജയനെന്നും കാലകാലനെന്നും പേര് കിട്ടിയത്. മറ്റ് ദേവതകളുടെ യാചന മാനിച്ച് പിന്നീട് ശിവൻ യമന് ജീവൻ നൽകി വിട്ടയച്ചു. എന്നും പതിനാറ് വയസോടെ ചിരഞ്ജീവി ആയിരിക്കാൻ മാർക്കണ്ഡേയനെ അനുഗ്രഹിക്കുകയും ചെയ്തു. തൃപ്രങ്ങോട്ട് മാർക്കണ്ഡേയൻ ശിവലിംഗത്തെ കെട്ടി പിടിച്ച സ്ഥലം ‘കാരണത്തിൽ ശിവൻ’ എന്ന് അറിയപ്പെടുന്നു.

തൃപ്രങ്ങോട് ക്ഷേത്രത്തിന് മുന്നിലെ ആലിനെ കുറിച്ചും ഒരു ഐതിഹ്യമുണ്ട്. ഈ ആലിന്റെ നടുക്ക് ഭാഗം പിളർന്നാണിരിക്കുന്നത്. മാർക്കണ്ഡേയൻ ക്ഷേത്രത്തിലെക്ക് ഓടിവന്നപ്പോൾ കാലന്റെ കൈയിൽ പെടാതിരിക്കാൻ ആൽമരം സ്വയം പിളർന്ന് വഴിയൊരുക്കി എന്നാണ് ആ ഐതിഹ്യം.

തന്റെ ഭക്തന് വേണ്ടി സാക്ഷാൽ യമനെ വധിച്ച ഉഗ്രമൂർത്തിയാണ് തൃപ്രങ്ങോട് ശിവൻ. സ്വയം ഭൂലിംഗമാണ് ഇവിടെയുള്ളത്. ഭഗവാൻ പടിഞ്ഞാറ് നോക്കി ദർശനം നൽകുന്നു. മാർക്കണ്ഡേയൻ കെട്ടി പിടിച്ച വിഗ്രഹം മതിൽക്കെട്ടിന്റെ വടക്കുകിഴക്കേ ഭാഗത്ത് ശ്രീ കോവിലിൽ വാണരുളുന്നു. കാലനെ വധിച്ച ശേഷം ശിവൻ മൂന്ന് ചുവടു വച്ച് നാലാമത്തെ സ്ഥലത്ത് കുടികൊണ്ടത്രേ. ഈ ചുവടുകൾ വച്ച മൂന്നിടത്തും ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് വിധിഹിതം ലംഘിക്കാതിരിക്കാൻ നിനക്ക് എന്നും പതിനാറ് വയസായിരിക്കട്ടെ എന്ന് മാർക്കണ്ഡേയനെ ഭഗവാൻ അനുഗ്രഹിച്ചത്.

കാലനെ വധിച്ച ശിവഭഗവാൻ തീർത്ഥകുളത്തിലെത്തി ജലം ശിരസിൽ ഒഴിക്കുന്നത് തന്ത്രി കുടുംബത്തിലെ ഒരു കുട്ടി കണ്ടെന്നാണ് ഐതിഹ്യം. ആ കുട്ടി മഹാദേവനെ സഹായിക്കാനെത്തി. അപ്പോൾ ഭഗവാൻ നൽകിയ ഉപദേശം അനുസരിച്ചാണ് ക്ഷേത്രത്തിൽ ശംഖാഭിഷേകം തുടങ്ങിയത്. ആ കുട്ടി കൽപ്പുഴ ഇല്ലത്തിലേതായിരുന്നു. ആ ബാലന്റെ പിൻതലമുറയിൽ പെട്ടവരാണ് ഇപ്പോഴും ക്ഷേത്രത്തിലെ തന്ത്രിമാരായ കൽപ്പുഴ ഇല്ലക്കാർ. ശിവരാത്രിയാണ് ഇവിടെത്തെ
പ്രധാന ആഘോഷം. മലപ്പുറം തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും എട്ട് കിലോമീറ്റർ യാത്ര പോയാൽ തൃപ്രങ്ങോട് ക്ഷേത്രസന്നിധിയിൽ എത്താം.

പി.എം. ബിനുകുമാർ, +91 9447694053

error: Content is protected !!