ആരെല്ലാമാണ് പ്രദോഷവ്രതം നോൽക്കേണ്ടത് ? ആദ്യം തുടങ്ങാൻ ഉത്തമ ദിവസം ഇതാ….
അനിൽ വെളിച്ചപ്പാടൻ
ശിവപ്രീതിക്കായി നടത്തുന്ന ഏറെ ഫലപ്രദായകമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ വ്രതം നോൽക്കുന്നത്. അസ്തമനത്തിൽ ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.
അന്ന് പ്രഭാത സ്നാനം കഴിഞ്ഞ് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് ആല്‍ പ്രദക്ഷിണം ചെയ്ത് ശിവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി ഭഗവാന് കൂവളമാല ചാര്‍ത്തണം. കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന നടത്തുന്നതും അതീവ ശുഭപ്രദമാണ്. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ അന്ന് പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ കണ്ട് പ്രാര്‍ത്ഥിക്കണം.
ശിവക്ഷേത്രത്തില്‍ ഇളനീർ നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം ഏറ്റവും ഉത്തമം. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നിവേദ്യ ചോറുണ്ണാം. വിദേശത്ത് കഴിയുന്നതിനാൽ ക്ഷേത്ര ദർശനം അസാദ്ധ്യമായവര്‍ക്ക് വ്രതം നോറ്റു കൊണ്ട് ശിവക്ഷേത്രസന്നിധിയിലെ സകല കര്‍മ്മങ്ങളും മാനസപൂജാക്രമത്തില്‍ അനുഷ്ഠിക്കാവുന്നതാണ്.
എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷപൂജ ഉണ്ടാകും. ശത്രുനാശം, കീര്‍ത്തി, സത്സന്താനലബ്ധി, രോഗശാന്തി, ദീര്‍ഘായുസ്, ദാരിദ്ര്യശമനം എന്നിവയെല്ലാം സഫലമാകാൻ പ്രദോഷവ്രതം അത്യുത്തമം ആകുന്നു.
ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യയാണ് പ്രദോഷം. പ്രദോഷസന്ധ്യയില്‍ പാര്‍വ്വതീദേവിയെ പീഠത്തില്‍ ഇരുത്തി, ശിവന്‍ നൃത്തം ചെയ്യുമ്പോള്‍ അവിടെ സകല ദേവതകളും ശിവനെ ഭജിക്കാനായി എത്തുന്നു. അങ്ങനെ സകലദേവതകളാലും സ്തുതിക്കപ്പെട്ട് അതീവ സന്തുഷ്ടരായിരിക്കുന്ന സമയത്ത് ശിവപാര്‍വ്വതിമാരെ വ്രതമെടുത്ത് ഭജിക്കുന്നത് അതീവ ശ്രേയസ്ക്കരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൃഷ്ണപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും ഒത്തുവരുന്നതും, ഏതൊരു തിങ്കളാഴ്ചയും പ്രദോഷവും ചേര്‍ന്നു വരുന്നതും അതീവ ശ്രേയസ്ക്കരമാകുന്നു.
ഒരു ജാതകത്തില്‍ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ചിങ്ങം ആയി വരുന്നവരും അതായത് മേടലഗ്നക്കാരും ധനുലഗ്നക്കാരും, അഞ്ചിലോ ഒമ്പതിലോ സൂര്യന്‍ നില്‍ക്കുന്നവരും മേടമാസത്തില്‍ ജനിച്ചവരും (അഥവാ സൂര്യന്‍ മേടത്തില്‍ നില്‍ക്കുന്നവരും) ജാതകത്തില്‍ ഉപാസനാമൂര്‍ത്തിയെപ്പറ്റി പ്രതിപാദിക്കുന്ന കാരകാംശ ലഗ്നം ചിങ്ങം ആയി വരുന്നവരും, സൂര്യന്‍ നീചരാശിയായ തുലാത്തില്‍ നില്‍ക്കുന്നവരും അതായത് തുലാമാസം ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരും, സൂര്യദശാപഹാരകാലം നേരിടുന്നവരും, സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരും, ശിവനോ പാർവ്വതിയോ പ്രധാന ദേവതകളായ പ്രദേശത്ത് താമസിക്കുന്നവരും, രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.
ആദ്യമായി പ്രദോഷവ്രതം അനുഷ്ഠിക്കാന്‍ ഉത്തമം കറുത്തപക്ഷത്തിലെ ശനിയാഴ്ചയും പ്രദോഷവും കൂടി ഒത്തുവരുന്ന ദിവസവമാണ്. അല്ലെങ്കിൽ വെളുത്തപക്ഷത്തിൽ തിങ്കളാഴ്ചയും പ്രദോഷവും കൂടി വരുന്നതുമായ ദിവസമായിരിക്കും ഏറ്റവും ഉത്തമം. അങ്ങനെ നോക്കുമ്പോൾ 2022 ജനുവരി 29, 1197 മകരം 15, ശനിയാഴ്ച അല്ലെങ്കിൽ 2022 ഫെബ്രുവരി 14, 1197 കുംഭം 02, തിങ്കളാഴ്ചയോ പ്രദോഷവ്രതം ആദ്യമായി തുടങ്ങുന്നവാൻ അത്യുത്തമം ആയിരിക്കും.
അനിൽ വെളിച്ചപ്പാടൻ
9497 134 134, 0476-296 6666
https://uthara.in/pradosham-2022/
Story Summary : To whom Pradosha Vritham benifits more and date of first observence